Archive for the ‘ലേഖനം’ Category

വിഭജിക്കപ്പെടുന്ന ഇന്ത്യ


2015
01.26

broken india

 

മതങ്ങളും ഇന്ത്യന്‍ സംസ്കാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യയിലെ ജീവിതത്തില്‍ മതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ അത് ചൂഷണം ചെയ്യാന്‍ പല രാഷ്ട്രീയപ്രസ്ഥാനങ്ങളും മതനേതാക്കളും ശ്രമിക്കുമ്പോള്‍ ഇല്ലാതാവുന്നത് മതേതരത്വം മാത്രമല്ല, ഇന്ത്യയുടെ സംസ്കാരം തന്നെയാണ്. രാഷ്ട്രീയ നേതാക്കള്‍ ദീര്‍ഘവീക്ഷണമില്ലാതെ ഓരോന്ന് ചെയ്തു കൂട്ടുമ്പോള്‍ ഇല്ലാതാവുന്നത് ഇന്ത്യ തന്നെയാണെന്ന് പലരും മനസ്സിലാക്കാതെ പോകുന്നു.

4000 വര്‍ഷങ്ങള്‍ പഴക്കമുള്ള സംസ്കാരമാണ് നമ്മുടേത്‌. ഇന്‍ഡസ് താഴ്വരകളിലെ ജനതയുടെ ‘ഇന്‍ഡസ്-വാലി’ അല്ലെങ്കില്‍ ‘ഹാരപ്പന്‍’ സംസ്കാരം എന്നറിയപ്പെടുന്ന പഴക്കമുള്ള ഈ സംസ്കാരം വളരെ ഉന്നതമായ സംസ്കാരങ്ങളില്‍ ഒന്നാണ്. അന്ന് അവര്‍ക്ക് അഴുക്കുചാൽ പദ്ധതി – ഡ്രെയിനെജ് സിസ്റ്റം ഉണ്ടായിരുന്നു എന്ന അറിവ് തന്നെ മതി ആ ജനതയുടെ ഉന്നത ചിന്താഗതി മനസ്സിലാക്കാന്‍. അവര്‍ക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നു, പക്ഷെ മതങ്ങള്‍ ഇല്ലായിരുന്നു. ആര്യന്‍ സംസ്കാരത്തിന്റെ വരവോടെ ഹാരപ്പന്‍ സംസ്കാരം ക്ഷയിച്ചു, മതങ്ങളുടെ വരവും ഉണ്ടായി. ജൈനമതത്തിന്റെ സ്ഥാപകന്‍ വര്‍ധമാന മഹാവീരന്‍, ബുദ്ധമത സ്ഥാപകന്‍ – ബുദ്ധന്‍ ഇവരുടെ ജീവിതകാലഘട്ടം 500 BC യിലാണ്. ഇന്ത്യയില്‍ ക്രിസ്തുമതം വന്നത് 0 AD യില്‍ ആണെങ്കില്‍, ആദ്യത്തെ ഹിന്ദു അമ്പലം ഉണ്ടായത് 400 AD യില്‍ ആണ്. സൌരാഷ്ട്രമതം സ്ഥാപിക്കപ്പെട്ടത് 700 AD യിലാണ്. 1000 AD യില്‍ ഇസ്ലാം മതവും 1400 AD യില്‍ സിഖ് മതവും ഇന്ത്യയില്‍ വന്നു. ഈ കാലയളവുകള്‍ നോക്കുമ്പോള്‍ ഒന്ന് മനസിലാക്കാം- ഭാരതീയസംസ്കാരം എന്നത് ഒരു മതത്തിന്റെ മാത്രം കുത്തകയല്ല എന്ന്.

ഭാരതത്തിലെ ഭൂരിപക്ഷം ജനതയും ഹിന്ദുമതം സ്വീകരിച്ചിട്ടുള്ളവരാണ്. പല മതങ്ങള്‍ പല കാലങ്ങളിലായി ഭാരതീയര്‍ സ്വീകരിച്ചെങ്കിലും ന്യൂനപക്ഷമതക്കാരുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും ഇന്ത്യന്‍ സംസ്കാരം നിറഞ്ഞു നില്‍ക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരില്‍, “ജയ് ഹിന്ദ്‌” വിളിച്ചവരില്‍, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും വേര്‍തിരിക്കപ്പെട്ടിട്ടില്ല. സ്വതന്ത്രഇന്ത്യ വിഭജിക്കപ്പെട്ടത് മതനേതാക്കളുടെയും മതതീവ്രവാദികളുടെയും ഇടപെടലുകള്‍ മൂലം തന്നെ. അതിന്‍റെ മുറിപ്പാടുകളില്‍ നിന്ന് പാഠം പഠിച്ച നേതൃത്വത്തിന്‍റെ ദീര്‍ഘകാലവീക്ഷണത മതേതരത്വത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരുന്നത്.

ഇപ്പോള്‍ ഇന്ത്യ മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെടുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഹിംസയെ മുറുകെപ്പിടിച്ച, ലോകാരാധ്യനായ ഗാന്ധിജിയെപ്പോലും അവഹേളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് മടിയില്ല. എല്ലാവരും ജാതി മതം എന്ന വിധത്തില്‍ എല്ലാക്കാര്യങ്ങളോടും പ്രതികരിക്കുന്നു. എല്ലാവരും സ്വന്തം മതത്തെയും പ്രവര്‍ത്തനങ്ങളെയും തെറ്റാണെങ്കില്‍ കൂടി ന്യായീകരിക്കുന്നു. സോഷ്യല്‍ മീഡിയ, പത്രവാര്‍ത്തകള്‍ ഇവിടെയൊക്കെ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ അത് തീര്‍ച്ചയായും കാണാവുന്നതാണ്. എന്തിനും ഭരിക്കുന്ന പാര്‍ട്ടിയെ മാത്രം പഴി ചാരുന്നതും ശരിയല്ല. എന്തുകൊണ്ട് എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

പൊതു സമൂഹത്തില്‍ മതത്തിന്‍റെ സ്വാധീനം ഉണ്ടാവരുത്. ഇന്ത്യയില്‍ അങ്ങനെയുള്ള ഒരു കാലമുണ്ടാവുമോ? അതിന് ഉദാഹരണം കാണണമെങ്കില്‍ അമേരിക്കയില്‍ നോക്കുക. ബ്രിട്ടീഷുകാരെ യുദ്ധം ചെയ്തു തോല്‍പ്പിച്ച അമേരിക്ക ഉണ്ടായത് 1743. അന്ന് അമേരിക്കയ്ക്ക് രൂപം കൊടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ എഴുതി വച്ചു ‘In God We Trust’. എല്ലാ ഡോളര്‍ നോട്ടുകളിലും നാണയങ്ങളിലും ഇത് കാണാം. പക്ഷെ ഇപ്പോള്‍ പൊതു സ്കൂളിലും ആഘോഷങ്ങളിലും പോലും മതമോ ദൈവങ്ങളോ സ്വാധീനം ചെലുത്താറില്ല. ഇന്ത്യയുടെത് ‘സത്യമേവ ജയതേ’…. അതുകൊണ്ടാവുമോ സത്യത്തെ കൈവെടിഞ്ഞുള്ള നമ്മുടെ ജീവിതം?

ഓരോ ഇന്ത്യക്കാരനും ഭാരതസംസ്കാരത്തെ സ്നേഹിക്കുന്നവനാവണം. ആദ്യം മാറേണ്ടത് നമ്മളാണ്. മറ്റുള്ളവര്‍ ജാതിയും മതവും പറയുന്നെങ്കില്‍ പറയട്ടെ…നിങ്ങള്‍ എന്തിന് പറയണം? നഗ്നനായ രാജാവിന്‍റെ മുന്നില്‍ അത് വിളിച്ചുപറയാന്‍ ധൈര്യപ്പെട്ടത് ഒരു ചെറിയ കുട്ടി മാത്രം…. തെറ്റ് ചെയ്യുന്നവന്‍ ‘തെറ്റാണ് ചെയ്യുന്നത്’ എന്ന് പറയാന്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് അവര്‍ അംഗമായ കൂട്ടത്തിലെ മറ്റ് അംഗങ്ങള്‍ക്കാണ്. നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി ചെയ്യുന്നത് തെറ്റെന്നു തോന്നിയാല്‍, അത് പറയേണ്ടത് ആ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്ന അംഗങ്ങളാണ്. അതുപോലെ തന്നെ നിങ്ങളുടെ സ്വന്തം മതനേതാക്കള്‍ തെറ്റ് ചെയ്‌താല്‍, ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക.

ഈ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തരും ചിന്തിച്ച് ഒരു പ്രതിജ്ഞയെടുക്കുക… “എന്‍റെ പാര്‍ട്ടിയെയും മതത്തെയും ഞാന്‍ സ്നേഹിക്കുന്നു…പക്ഷെ മതേതര ഇന്ത്യയെ വിഭജിക്കുന്ന ഒരു വാക്കും പ്രവൃത്തിയും എന്നില്‍ നിന്ന് ഉണ്ടാവില്ല…കാരണം ഓരോ ഇന്ത്യക്കാരനും എന്‍റെ സഹോദരി സഹോദരന്മാര്‍ ആണ്. ഓരോരുത്തരെയും- അവന്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ബി ജെ പി യോ മാര്‍ക്സിസ്റ്റോ കോണ്‍ഗ്രെസ്സോ-എന്തുമാവട്ടെ ഞാന്‍ അവരെ ഞാന്‍ ബഹുമാനിക്കുന്നു. ”

ഞാന്‍-എനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കാതെ ‘എനിക്കും ചെയ്യാന്‍ പറ്റും’ എന്ന് വിചാരിക്കുക. നമ്മുടെ ബോധ്യം –മനസാക്ഷി നമ്മെ നയിക്കട്ടെ.

ജയ് ഹിന്ദ്‌.

(Sources: http://www.ancientindia.co.uk/time/explore/exp_set.html

http://en.wikipedia.org/wiki/Indus_Valley_Civilization )

‘കൈക്കൂലി’ യുടെ മാനസികാവസ്ഥകള്‍:


2013
11.27

കഴിഞ്ഞ ദിവസം എന്‍റെ പഴയ ഒരു കൂട്ടുകാരിയോട് സംസാരിച്ചപ്പോള്‍ കുറെ നാളുകള്‍ക്ക് മുന്‍പ് അണ്ണാ ഹസാരെ യെക്കുറിച്ച് കേട്ടപ്പോള്‍ എഴുതിയ ഇത് പ്രസിദ്ധീകരിക്കാന്‍ തോന്നി. ‘നാട്ടില്‍ വരുന്നോ’ എന്നവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എന്തിനും ‘കൈക്കൂലി’ കൊടുത്ത് അപമാനിക്കപ്പെട്ട് ജീവിക്കാനാവില്ല എന്നാണ്. പഞ്ചായത്തില്‍ ജോലി ചെയ്യുന്ന അവള്‍ പറഞ്ഞത് ‘എല്ലാവരെയും അങ്ങനെ കാണരുത്’ എന്നാണ്.

——————————————– (more…)

ഓണം – കേരളീയന്‍റെ അഭിമാനം:


2012
08.28

ഓണം എന്ന് പറയുമ്പോള്‍ അത് കേരളീയന്‍റെ സ്വന്തം ആഘോഷം ആകുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ അത് ഒരു ജനതയുടെ തന്നെ സംസ്കാരം വിളിച്ചോതുന്നു. ഓരോ കേരളീയനും ഏറ്റവും അഭിമാനിക്കാനാവുന്ന, അഹങ്കരിക്കാനാവുന്ന ഒന്നാണ് ഓണം.

എന്തുകൊണ്ടാണെന്നല്ലേ. ഈ ഓണപ്പാട്ട്(ഏറ്റവും താഴെ) ഒന്ന് നന്നായി വായിക്കൂ. ഇത് എത്ര സുന്ദരമായ സങ്കല്പം – എല്ലാവരും ഒരുപോലെ…സന്തോഷം എവിടെയും…നല്ലവരും നന്മയും മാത്രം എങ്ങും. ഇതൊരു “ideal society”- ആദര്‍ശ സമൂഹത്തിനായുള്ള  ആഗ്രഹം വിളിച്ചോതുന്ന ഒരു പാട്ട്…..ഓണത്തിന്‍റെ അര്‍ത്ഥവും അതു തന്നെ. (more…)

പ്രണയത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍:


2011
07.15

എന്താണീ ‘പ്രണയം’? എവിടെയും എന്തിനും ഉപയോഗിക്കപ്പെടുന്ന ഈ വാക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. ഇന്ത്യന്‍ സിനിമകള്‍ ഒട്ടുമിക്കവാറും എല്ലാം തന്നെ ആണും പെണ്ണുമുള്ള പ്രേമത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്ന …വളരുന്ന തലമുറകള്‍ ‘പ്രണയ’ മെന്നതിന് അവരുടെതായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. മുതിര്‍ന്നവര്‍ അങ്ങനെയൊരു വാക്ക് കേട്ടാല്‍ തന്നെ അവിടെയെന്തോ കുഴപ്പമുള്ളതുപോലെ പെരുമാറുന്നു. അതുകൊണ്ട് തന്നെ പ്രണയം കുറ്റമാണ് എന്ന മനോഭാവം ഉടലെടുക്കുന്നു. പ്രേമിച്ചാലുടനെ അത് പ്രണയമാകുമോ? പ്രേമവിവാഹങ്ങള്‍ പരാജയപ്പെടുമ്പോള്‍ അത് ‘പ്രണയ’ ത്തിന്‍റെ കുറ്റമായി കരുതുന്നു. ശരിക്കും പരാജയപ്പെട്ടതെന്താണ്? (more…)

മലയാളഭാഷയെ സ്നേഹിക്കുക:


2011
06.04

ഇപ്പോള്‍ ഇംഗ്ലീഷ് പറയുന്നതും പഠിപ്പിക്കുന്നതും സര്‍വസാധാരണം. അറിവിന്‍റെ പല മേഖലകളില്‍ സഞ്ചരിക്കാന്‍ ഇംഗ്ലീഷ് കൂടിയേ കഴിയൂ. പക്ഷെ മലയാളിയെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം…അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കണം. മലയാളം അറിയുന്നവനാണ് മലയാളി. മലയാളമറിയാത്ത കേരളത്തിലുള്ളവര്‍…. അല്ലെങ്കില്‍ ജനിച്ചവര്‍….കേരളീയരെ ആകുന്നുള്ളൂ… മലയാളി ആകുന്നില്ല. മലയാളത്തിന്‍റെ നാട്ടില്‍ ജീവിക്കുമ്പോള്‍ മലയാളം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും പഠിക്കുമോ?

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിതമാക്കുന്നത് നല്ലത് തന്നെ. പക്ഷെ അത് ലോകഭാഷയായ ഇംഗ്ലീഷിനെ മാറ്റി നിര്‍ത്തിക്കൊണ്ടാവരുത്. സ്കൂളുകളില്‍ എല്ലാം മലയാളം ആക്കുന്നതില്‍ പരിമിതികളുണ്ട്. ശാസ്ത്രങ്ങളിലെ പല വാക്കുകള്‍ മലയാളത്തില്‍ ഉപയോഗത്തിലില്ല. ഉപയോഗിക്കാനും വളരെ ആവശ്യമുണ്ടാകുന്നില്ല. ഇന്‍റര്‍നെറ്റ്‌ വഴി വിവരങ്ങള്‍ കൈത്തുമ്പില്‍ ലഭ്യമാകുന്നത് കൊണ്ട് ഇംഗ്ലീഷ് പഠിക്കുന്നതും ആവശ്യം തന്നെ. ഇംഗ്ലീഷ് ആണ്‌ നല്ലത് …മലയാളമാണ് നല്ലത് എന്ന് വേര്‍തിരിക്കാനാവില്ല. മലയാളവും ഇംഗ്ലീഷും ഉപയോഗിച്ചുള്ള സമീപനമായിരിക്കും നല്ലത്. (more…)


Switch to our mobile site