പമ്പയാറിങ്ങനെ വളഞ്ഞു പുളഞ്ഞു തിരിഞ്ഞു കാവാലം ഗ്രാമത്തിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇരുകരകളിലും ധാരാളം തെങ്ങുകളും ഇടയ്ക്കൊക്കെ വീടുകളും. അക്കരെയിക്കരെ നിന്നാലൊന്നും കാര്യങ്ങള്‍ നടക്കാത്തതുകൊണ്ട് അക്കരെ പോകേണ്ടവര്‍ കടത്തുവള്ളം കയറി അക്കരെ പോകുന്നു. ഇക്കരെ വരേണ്ടവരും കടത്തുവള്ളം കയറുന്നു. അതൊക്കെ ഇല്ലാതാകുമോ എന്തോ….പുതിയ പാലങ്ങള്‍ അവിടെയുമിവിടെയുമൊക്കെ പൊന്തി വരുന്നു.
എന്തായാലും നമുക്ക് വേലപ്പനിലെയ്ക്ക് തിരിച്ചുവരാം. ഞങ്ങളെ സംബന്ധിച്ച് പുള്ളിയുടെ വീട് അക്കരെയാണ്. റേഷന്‍ കട, ലേഡീസ് സ്റ്റോര്‍, ബാര്‍ബര്‍ ഷോപ്പ്, തയ്യല്‍ക്കട …ഇതെല്ലാം അവിടെയാണ്. അവിടെയുണ്ടായിരുന്ന സിനിമാകൊട്ടകയായിരുന്നു പ്രധാന ആകര്‍ഷണകേന്ദ്രം. വളരെ തിരക്കുണ്ടായിരുന്ന സമയം. ‘സത്യനായകാ’ എന്നുള്ള ഗാനം ഇന്നും മനസ്സില്‍ തത്തിക്കളിക്കുന്നു. സിനിമ തുടങ്ങുന്നതിനു മുന്‍പ് ആ ഗാനമായിരുന്നു ആദ്യം ഇട്ടിരുന്നത്.
അവിടെ ഞങ്ങള്‍ക്ക് ഒരു ബേക്കറി ഉണ്ടായിരുന്നു. മധുരപലഹാരങ്ങളും റോസ്മില്‍ക്കും മിഠായികളും ഉള്ളതുകൊണ്ട് അക്കരെ പോകാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ താല്പര്യം. ഞങ്ങളെ തീറ്റിപ്പോറ്റാനുള്ളതുകൊണ്ട് അച്ചാച്ചനും. മിക്കവാറും രാത്രിയിലെ തിരിച്ചു വരാനൊക്കൂ. ഓരോരോ സംഭവങ്ങള്‍ പറഞ്ഞ് രസിക്കാറുള്ളത് കൊണ്ട് അച്ചാച്ചന് വന്നിട്ടേ ഞങ്ങളും ഉറങ്ങുകയുള്ളൂ.
അന്ന് വന്നപ്പോള്‍ ‘എടീ എനിക്കൊന്ന് കുളിക്കണം’ എന്ന് പറഞ്ഞ് പോയി ഒരു കുളിയും പാസ്സാക്കി. സാധാരണ അത് പതിവല്ലായിരുന്നു. ഉച്ചസമയങ്ങളില്‍ ‘കാക്കക്കുളി’ യാണ് ചെയ്തിരുന്നത്. 🙂 എന്ന് വച്ചാല്‍ പെട്ടെന്നുള്ള കുളി. ദേഹത്തെ ചെളിയൊക്കെ ഉരുട്ടി കൈയിലെടുത്ത് നോക്കുന്നതുകാണുമ്പോള് ‘ഈ മനുഷ്യന്റെ ഒരു കാര്യം’ എന്നുള്ള അമ്മയുടെ പറച്ചിലില്‍ പെട്ടെന്ന് ഒന്ന് മുങ്ങി കാര്യമവസാനിപ്പിക്കും.
‘ശെടാ ഇന്നീ അച്ചാച്ചനെന്തു പറ്റി’ എന്ന് ഞങ്ങള്‍ തല പുകച്ചു. പിന്നീടല്ലേ കാര്യങ്ങളറിയുന്നത്.
വേലപ്പന് അക്കരെ ഒരു താരം. കള്ളടിച്ച് പിമ്പിരിയായെ നടക്കൂ. തലയില്‍ ഒരു തോര്‍ത്തും കെട്ടി മടക്കിക്കുത്തിയ മുണ്ട് താഴെപ്പോകാതിരിക്കാനുള്ള വിഫലശ്രമങ്ങളില്‍ തെറിച്ചു തെറിച്ചേ വേലപ്പന് നടക്കാനാവുമായിരുന്നുള്ളൂ. സകലമാന മനുഷ്യരെയും തെറി പറഞ്ഞാലേ പുള്ളിയ്ക്ക് സമാധാനമാവൂ. സ്ത്രീജനങ്ങളുടെ പരിഭവങ്ങളോന്നും വേലപ്പന്റെ ചെവിയില്‍ എത്തിയതേയില്ല.
അന്നൊരിക്കല്‍ ഒരു വൈകുന്നേരം. പതിവ് പോലെ വേലപ്പന് ഞങ്ങളുടെ ബേക്കറിയുടെ അരികില്‍ നിന്ന് തെറിയോട് തെറി. സകരെയും ചീത്ത വിളിക്കുന്നു. അപ്പോഴാണ് ഒരു പോലീസ് ബോട്ട് അതിലേ വന്നത്. വേലപ്പന്റെ കൈയും കാലുമെടുത്തുള്ള കലാപരിപാടികള്‍ കണ്ടപ്പോള്‍ സഹൃദയരാണെ ങ്കിലും അവര്‍ക്കത്ര പിടിച്ചില്ല. ഇവനെ ഒന്ന് വിരട്ടണമെല്ലോ എന്ന് വിചാരിച്ച് ബോട്ട് കരയിലടുപ്പിച്ചു.
പോലീസുകാരെ കണ്ടപ്പോള്‍ വേലപ്പന് ഒന്ന് പരുങ്ങി. അവിടെയുണ്ടായിരുന്ന നാട്ടുകാര്‍, ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ചായക്കടയില്‍ നിന്നുമൊക്കെ പൊന്തി വന്നു. ഇന്നു വേലപ്പന് രണ്ടടി കിട്ടുമെന്നുറപ്പിച്ച് കാഴ്ച കാണാന്‍ നിന്നു. എസ് ഐ ഒരു പോലീസുകാരനെ പറഞ്ഞയച്ചു. പോലീസുകാരന് ബോട്ടില്‍ നിന്ന് ചാടിയിറങ്ങി. അയാള്‍ വന്ന് വേലപ്പന്റെ ഷര്‍ട്ടിന് പിടിച്ച് ‘എന്താടാ നീയിത്രയ്ക്കും…..” എന്ന് പറഞ്ഞപ്പോഴേയ്ക്കും നിര്‍ത്തി. വീരശൂരനായ് വന്ന ഈ പോലീസെന്താ അടി കൊണ്ട പട്ടി മോങ്ങുന്നപോലെ മുഖഭാവം മാറ്റിയതെന്ന് ഇതെല്ലാം കണ്ടു നിന്ന അച്ചാച്ചന് മനസ്സിലായില്ല.
ദീനമായി നോക്കുന്ന പോലീസുകാരനോട് വലിയ ഏമാന് ചോദിച്ചു ‘എന്താടോ”.
അയാള്‍ കൈ വേലപ്പന്റെ ഷര്‍ട്ടില്‍ നിന്ന് എടുത്തിട്ട് പറഞ്ഞു “എന്റെ സാറേ…. ഇവന് തൂറി”.
“ഓ…അവനെ വിട്ടേര്” എന്നായി എസ്. ഐ. പാവം പോലീസുകാരന് ജീവനും കൊണ്ടോടി. ആ പോലീസുകാര്‍ നിമിഷത്തിനുള്ളില്‍ ബോട്ട് വിട്ടു സ്ഥലം കാലിയാക്കി. അടി കാണാന്‍ വന്ന നാട്ടുകാരും മൂക്കില്‍ കൈ വച്ച് ചിരിയുമായ് പോയി.
വേലപ്പനും ‘എന്റെയടുത്താണോ പോലീസിനെ വിരട്ടാന്‍ വേലയില്ലാത്തത്” എന്ന മട്ടില്‍ ആടിയാടി അവിടുന്ന് പോയി.
നെഞ്ചില്‍ അകവാള് വെട്ടിയതോ അച്ചാച്ചനും. കടയുടെ വാതില്ക്കലല്ലേ വേലപ്പന് വേല വച്ചത്. “എറിഞ്ഞിട്ട് പാര’ വച്ചു എന്നാണ് പുള്ളി പറഞ്ഞത്. അതിലെ വരുന്നവര്‍ കടയല്ല…ആ കരയില്‍ പോലും വരാന്‍ മടിക്കും! പിന്നെ ഒട്ടും മടിച്ചില്ല…കൂടെയുണ്ടായിരുന്ന സുഹൃത്ത് ഐസപ്പനോട് സഹായമഭ്യര്‍ത്ഥിച്ചു.
“എന്റെ കുഞ്ഞച്ചാ..അങ്ങോട്ടടുക്കാന്‍ മേലല്ലോ.” ഐസപ്പന് സഹായിക്കാന്‍ വലിയ മനസ്സുണ്ടായിരുന്നില്ല. എന്തായാലും ലാര്ജുകളുടെയും കുപ്പികളുടെയും പ്രലോഭനങ്ങളില്‍ അരമനസ്സോടെ സഹായിക്കാന്‍ സന്നദ്ധനായി. കുട്ടനാട്ടില്‍ പിന്നെ വെള്ളത്തിന് പഞ്ഞമില്ലല്ലോ. രണ്ടുപേരും നന്നായി വെള്ളമടിച്ച്, വെള്ളമൊഴിച്ച്, കഷ്ടപ്പെട്ട് അവിടമെല്ലാം വൃത്തിയാക്കി.
അച്ചാച്ചന് പിന്നീട് വേലപ്പനെ കടയുടെ പരിസരത്തേയ്ക്കെ അടുപ്പിച്ചതില്ല. വേലപ്പനാകട്ടെ എന്നെ വെല്ലാനാരുമില്ല എന്ന മട്ടില്‍ അവിടെയൊക്കെ വിലസി നടന്നു. എന്തെങ്കിലും പറയാന്‍ ‘ധൈര്യ’ മുള്ളവരാരും തന്നെ ആ കാവാലം കരയിലില്ലായിരുന്നു.
ആസ്വദിച്ചു ഈ എഴുതിയതൊക്കെ.
വളരെ മന്ഹാരം ചെരുപത്തിലെ ഓര്‍മ്മകള്‍ ഓടിയെത്തുന്നു
നമോവാഗത്തിനും എഴുതിയ ആള്കും നന്ദി
സൂപ്പെര്……
അവതരണം നന്നായി. ഗുഡ്. ഇനിയും ഇതുപോലോതത് വരട്ടേ