കുട്ടിക്കാലത്ത് കോഴികളില്ലാത്ത ലോകമേ ആലോചിക്കാന്‍ വയ്യ…ഒട്ടുമിക്ക വീടുകളിലും കോഴികള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകം. അതിഥികള്‍ക്കും വിശേഷാവസരങ്ങള്‍ക്കും കോഴിയല്ലേ പ്രധാന വിഭവം.
എന്റെ ഓര്‍മ്മയിലുള്ള ഞങ്ങളുടെ പഴയ വീട് ഒരു തുറന്ന വീടായിരുന്നു. കുട്ടികളെപ്പോലെ തന്നെ കോഴികളും കയറിയിറങ്ങി എന്തെങ്കിലും തപ്പിപ്പെറുക്കി തിന്നുന്നത് ഒരു പതിവ്. പക്ഷെ ചിലപ്പോള്‍ ഇതുങ്ങള്, പ്രത്യേകിച്ച് പിടക്കോഴികള്‍ ഈ വീടും അവരുടെതെന്ന മട്ടില്‍ കുണുങ്ങിക്കുണുങ്ങി ‘കോ …കോ..” എന്ന് ഒരു പ്രത്യേക ഈണത്തില്‍ പാടുന്നതും കാണാം. അച്ചാച്ചന് അതൊന്നും വല്യ കാര്യമാക്കില്ല. പക്ഷെ കോഴിക്കാഷ്ടം എവിടെയെങ്കിലും കണ്ടാല്‍ പുള്ളിയ്ക്ക് ഹാലിളകും. “ഈ മൈ…. കോഴികളെയെല്ലാം ഞാന്‍ കൊല്ലും” എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുന്നതും പതിവ്. എന്തായാലും കോഴികള്‍ വീട്ടില്‍ സസുഖം വാണിരുന്നു….അതിഥികള്‍ വരുന്നത് വരെ.
ആരെങ്കിലും വരുമ്പോള്‍ ഏതെങ്കിലുമൊരു കോഴിയുടെ അന്ത്യമാണ്. കൊഴിയെപ്പിടിക്കുന്നതും കൊല്ലുന്നതും പൂട പറിക്കുന്നതുമൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നൊരു ആഘോഷം തന്നെ. കൊല്ലുന്നതിന്റെ കാര്യം പറയാതിരിക്കാനാവില്ല. കോപിക്കുമെങ്കിലും കൊല്ലാനുള്ള മനക്കരുത്തൊന്നും അച്ചാച്ചനില്ലായിരുന്നു. അത് അമ്മയുടെ മാത്രം മേഖലയാണ്. കറിക്കരിയുന്ന മൂര്‍ച്ചയില്ലാത്ത പിച്ചാത്തിയുമായി എത്ര പാടുപെട്ടിരിക്കുന്നു. ചിലപ്പോഴൊക്കെ പാതി മുറിഞ്ഞ തലയുമായി കോഴികള്‍ ഓടുന്നത് ഇപ്പോഴും ഒരു ചിരിയോടെ ഓര്‍ക്കുന്നു. J
ഒരിക്കല്‍ വല്യമ്മച്ചി വിരുന്നു വന്നു. അമ്മ കോഴിയെപ്പിടിക്കാന്‍ ഞങ്ങളോട് പറഞ്ഞു. എല്ലാവര്ക്കും അറിയാം അതെത്ര വിഷമകരമെന്ന്. ഞങ്ങള്‍ കുട്ടികളും അമ്മയുമടക്കം എല്ലാരും കൊഴിയെപ്പിടിക്കാന് ഓടെടാ ഓട്ടം. ആകപ്പാടെ ബഹളം. കുറെ നേരമായിട്ടും ആര്‍ക്കും ഒന്നിനെയും കിട്ടുന്നില്ല. “ശെടാ ഒന്നിനെയും കിട്ടിയില്ലല്ലോ” എന്നമ്മ.
എങ്കില്‍ ഒരു കോഴിയെ പിടിച്ചിട്ടു തന്നെ കാര്യം എന്നോര്‍ത്ത് ഞാനോരെണ്ണതിനെ നോട്ടമിട്ടു… അതിന്റെ പുറകെ പിടിക്കാന്‍ ഓടി. കോഴിയാവട്ടെ ഒരു വാതിലിലൂടെ കയറി മറുവാതിലിലൂടെ രക്ഷപെടാന്‍ ശ്രമിക്കുന്നു. ആ വാതിലിനാവട്ടെ പടിയൊന്നും ഉണ്ടായിരുന്നില്ല. ചാടിപ്പിടിച്ചു….വാലിലാണ് പിടുത്തം കിട്ടിയത്. പക്ഷെ അപ്പോഴേയ്ക്കും എന്റെ കാലുകള്‍ നിലത്തല്ലായിരുന്നു എന്നു മാത്രം. വായുവിലൂടെ പറന്ന്… ഒരു കൈയില്‍ കോഴിയുടെ വാലുമായി… നെഞ്ചുമടിച്ചു കമിഴ്ന്നു… ഞാനതാ മുറ്റത്തെ മണ്ണില്‍! പ്രാണരക്ഷാര്‍ത്ഥം ചിറകിട്ടടിച്ചു കൊണ്ടിരിക്കുന്ന കോഴിയാണെങ്കിലോ, കമിഴ്ന്നു കിടക്കുന്ന എന്റെ കണ്ണിലും മുഖത്തും വായിലുമൊക്കെ പൂഴി പറത്തുന്നു. നീറുന്ന കണ്ണിറുക്കെയടച്ച് കോഴിയുടെ വാലില്‍ നിന്ന് പിടി വിടാതെ അവിടെക്കിടന്നു. ബഹളങ്ങള്‍ കേട്ട് ഓടി വന്ന അമ്മ കോഴിയെ പിടിച്ച് കെട്ടിയിട്ടിട്ട് സന്തോഷിച്ച് എന്നെ പൊക്കിയെടുത്തു. പാരിതോഷികമായി നല്ല ഒരു തുടക്കഷണം തന്നെ കിട്ടി. അന്നതൊക്കെ വല്യ കാര്യമായിരുന്നു. അതുകൊണ്ടാവാം ഓര്‍മ്മകള്‍ ഇന്നും പച്ചപിടിച്ച് നില്‍ക്കുന്നത്.
*********************************************************************
ഇനി കോഴിയെ വളര്‍ത്തിയ കാര്യമാവാം അല്ലെ. ഈയിടെ ഒരാള്‍ കോഴിക്കുഞ്ഞുങ്ങളെയും കൊണ്ട് വില്ക്കാന് നടന്നത് കണ്ടപ്പോഴും ഈ സംഭവം മനസ്സില്‍ വന്നു.
ആ വെളുത്ത കോഴികള്‍ ‘ബ്ലോക്ക് കോഴികള്‍’ ആണെന്നാണ് വിറ്റവര്‍ പറഞ്ഞത്. എന്തായാലും അമ്മ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, ഞാന്‍ വളര്ത്താമേന്നേറ്റു. എവിടെയൊക്കെയോ വായിച്ചു പറഞ്ഞു കേട്ട അറിവ് വച്ച് അതുങ്ങളെ കുട്ടയ്ക്കകത്ത് ലൈറ്റൊക്കെ ഇട്ട് വളര്‍ത്തി. കാക്കയും പുള്ളുമൊക്കെ കുറെയെണ്ണത്തിനെ റാഞ്ചിക്കൊണ്ടു പോയി. ബാക്കിയുള്ളതിനെ കാര്യമായിത്തന്നെയാണ് പരിപാലിച്ചത്. കോഴിക്കുഞ്ഞിനെ കൈയിലെടുത്ത് ഭിത്തിയിലൂടെ പോകുന്ന ഉറുമ്പുകളെ തിന്നാന്‍ വരെ സഹായിച്ചിരുന്നു.
ഒരിക്കല്‍ മണ്ണ് കിളച്ച് മണ്ണിരയെ പിടിച്ചു കൊടുക്കുമ്പോള്‍ ചേച്ചി സഹായിക്കാന്‍ വന്നു. എടീ ഞാന്‍ കിളയ്ക്കാം എന്ന് പറഞ്ഞു തൂമ്പാ വാങ്ങി. കോഴിക്കുഞ്ഞുങ്ങള്‍ ആര്‍ത്തിയോടെ കാണുന്ന മണ്ണിരയെയൊക്കെ തിന്നാന്‍ മത്സരിച്ചു. ഒരു പ്രാവശ്യം ചേച്ചി ആഞ്ഞൊന്നു കിളച്ചപ്പോള്‍ പെട്ടെന്ന് ഓടി വന്ന ഒരു കോഴിക്കുഞ്ഞിനെ കണ്ടെയില്ല. അത് തൂമ്പയുടെ വെട്ടേറ്റ് ചോരയുമായി പിടഞ്ഞു. കണ്ടു നിന്ന എനിക്ക് സങ്കടം സഹിക്കാനായില്ല. ചേച്ചിയാനെന്കില് സ്തംഭിച്ചു നില്ക്കുന്നു. ചേച്ചിയുടെ കുറ്റമല്ലെന്ന് അറിയാവുന്നത് കൊണ്ട് ഇടിയൊന്നും കൊടുക്കാന്‍ തോന്നിയില്ല.
ദേഷ്യവും സങ്കടവും നിറഞ്ഞ മുഖത്തോടെ ‘എന്റെ കോഴിക്കുഞ്ഞിനെ കൊന്നില്ലേ… നീയെന്റെ കോഴിക്കുഞ്ഞിനെ കൊന്നു’ എന്ന് പറഞ്ഞ് ഞാന്‍ ഒരു കുലുക്ക്. നാടകത്തിലെ ക്ലൈമാക്സ് രംഗങ്ങള്‍ തോറ്റുപോവും! പാവം ചേച്ചിയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
അതില്‍ മൂന്നെണ്ണം വലുതായി. പക്ഷെ കാലം പോകെ അവയും ഞങ്ങളുടെ വയറ്റിനകത്തായി. തുടക്കഷണങ്ങള് തരാമെന്നുള്ള അമ്മയുടെ പ്രലോഭനത്തില്‍ ഞാനങ്ങ് വീണു പോയി.
ഇന്നെവിടെ കോഴികള്‍…അതിനെവിടെ നേരം…..എളുപ്പ മാര്ഗങ്ങളല്ലേ. ആ രുചി ഇപ്പോഴും മനസ്സിലുണ്ട്. എന്നുമുണ്ടാവും.
നല്ലൊരു ബാല്യകാലസ്മരണ.. കോഴിയെ ഓടിച്ചിട്ട് പിടിച്ചതൊക്കെ എന്റെയും ചെറുപ്പത്തിലെ അനുഭവങ്ങളായിരുന്നു.. വീണ്ടും അതൊക്കെ ഓര്‍ക്കാനായി..
നാടന്‍കോഴിയുടെ സ്വാദ് എനിക്കിഷ്ടമല്ല.. പിന്നെ കുറച്ചു മുതിര്‍ന്നപ്പോഴേക്കും ആറ്റുനോറ്റ് വളര്‍ത്തുന്നവയെ കറിവെയ്ക്കുന്നത് ശരിയല്ലെന്നുള്ള ബോധം വന്നു. അപ്പോഴേക്കും വീട്ടില്‍ കോഴിയെ വളര്‍ത്തുന്നത് നിര്‍ത്തിയിരുന്നു..
പിന്നെ ഇത് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മ വന്നത് ജോണ്‍ അബ്രഹാമിന്റെ “നേര്‍ച്ചക്കോഴി” എന്ന കഥയാണ്.. അതിലെ കഥാപാത്രമായ കോഴിയെ ഇന്റര്‍വ്യൂ ചെയ്യുന്നൊക്കെയുണ്ട് ജോണ്‍ .. നല്ല രസമുള്ള കഥയാണ്.. ഡയ്സി ചേച്ചി വായിച്ചിട്ടുണ്ടോ എന്നറിയില്ല..
കുറച്ചു നാള് മുന്‍പ് ഞാന്‍ ബ്ലോഗില്‍ എഴുതിയ ഒന്ന് : http://pukakannada.blogspot.com/2011/07/blog-post_23.html
വായിച്ചു നോക്കൂ ട്ടോ ചേച്ചി.. അറക്കപ്പെട്ട കോഴിയുടെ സ്ഥിതി നമ്മള് ഓര്‍ക്കാറില്ല ല്ലോ.. അങ്ങനെയൊരു കുറിപ്പാണ്
എന്റെ സന്ദീപേ…ഇങ്ങനെയൊക്കെ പറഞ്ഞാലെങ്ങനാ…ശെടാ ഒരു കോഴിയെ കഴിക്കാനും എന്തൊക്കെ ചിന്തിക്കണം? 🙂 ജോണ്‍ അബ്രഹാമിന്റെ “നേര്‍ച്ചക്കോഴി” – കേട്ടിരിക്കുന്നു. സന്ദീപിന്റെ കഥ വളരെ നന്നായിട്ടുണ്ട്… നല്ല ശൈലി …നിറയെ എഴുതുക.
കൊള്ളാം…വളരെ നന്നായിരിക്കുന്നു..നാട്ടിൻപുറങ്ങളിലെ ജീവിതമാണെങ്കിൽ, കോഴിയുടെ പുറകെയുള്ള ഓട്ടവും, പിന്നെയുള്ള കൊലപാതകവും ഒന്നും ആസ്വദിക്കാത്ത ബാല്യമുണ്ടാകില്ല…അതൊക്കെ ഇന്ന് ഓർമ്മകളിൽ സൂക്ഷിക്കുവാനുള്ള ചെറിയ മധുരസ്മരണകൾ മാത്രം.. അതിലേയ്ക്കൊക്കെ ചെറുതായി ഒന്നു തിരിഞ്ഞുനോക്കാൻ ഈ പോസ്റ്റ് സഹായിച്ചു.
ഇനിയും എഴുതുക…ആശംസകൾ നേരുന്നു..
( ഈ വേർഡ് വേരിഫിക്കേഷൻ ഒഴിവാക്കിയാൽ നന്നായിരുന്നു)
നന്ദി ഷിബു. അതെ…ഓർമ്മകളിൽ സൂക്ഷിക്കുവാനുള്ള ചെറിയ മധുരസ്മരണകൾ. 🙂
വേർഡ് വേരിഫിക്കേഷൻ ഒഴിവാക്കുന്നു. വളരെ സ്പാം വരുന്നുണ്ട്- വേറെ ഒരു രീതി പരീക്ഷിച്ചു നോക്കുന്നു.
വളരെ നന്നയിട്ടുണ്ടെ.
നന്ദി 🙂