2003 ലിറങ്ങിയ കമ്പ്യൂട്ടര്‍ അനിമേഷന്‍ കൊണ്ട് സൃഷ്ടിച്ച ഈ ചിത്രം 86 കോടിയിലേറെ വരുമാനം ഉണ്ടാക്കി. കടലിലെ പല നിറത്തിലുള്ള മീനുകളും ജീവികളും പവിഴപ്പുറ്റുകളും കൊണ്ട് വര്‍ണാഭമായ ഈ ചിത്രത്തിലെ ഓരോ രംഗവും വളരെ സുന്ദരമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രമാണിത്. അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ഈ ചിത്രം അമേരിക്കയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച പത്തു അനിമേഷന്‍ ചിത്രങ്ങളിലൊന്നാണ്.
ഇത് ഏറ്റവും ഹൃദ്യമാകാന്‍ കാരണം ഇതിന്റെ കഥ തന്നെയാണ്. നഷ്ടപ്പെട്ട മകനെ കണ്ടെത്താന്‍ വേണ്ടിയുള്ള ഒരച്ഛന്റെ സാഹസികമായ കഥ വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചിരിക്കുന്നു.
മാര്‍ലിനും കോറലും വളരെ സ്നേഹത്തോടെ പുതിയ വീട്ടില്‍ -താമസം തുടങ്ങുന്നു. അവര്‍ തങ്ങളുടെ നാനൂറോളം വരുന്ന മുട്ടകള്‍ നോക്കി പേരാലോചിക്കുമ്പോള് കഥ തുടങ്ങുന്നു. കോറല്‍ തന്റെ ഇഷ്ടപ്പേര് ‘നീമോ’ എന്ന് പറഞ്ഞപ്പോള്‍ ഒന്നിന് ആ പേരിടാമെന്നു മാര്‍ലിന്‍ സമ്മതിച്ചു. പക്ഷെ പെട്ടെന്നെത്തിയ ഒരു ശത്രു ആ സന്തോഷത്തിന് വിരാമമിടുന്നു. കോറലും മുട്ടകളും ഒരു വലിയ മത്സ്യത്തിന്റെ ആക്രമണത്തിനിരയായി. ആ ദുരന്തത്തില്‍ നിന്ന് ഒരേയൊരു മുട്ട മാത്രം അവശേഷിച്ചു. നിന്നെയെന്നും സംരക്ഷിക്കും എന്ന് പറഞ്ഞ് അച്ഛന് അവന് നീമോയെന്ന് പേരിട്ടു. മുട്ട വിരിഞ്ഞപ്പോള്‍ നീമോയുടെ വലതു വശത്തെ ഒരു ചിറക് ചെറുതായിരുന്നു – കുടുംബത്തില്‍ സംഭവിച്ച ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ. അങ്ങനെ ‘നീമോ’ മാര്‍ലിന്റെ അതീവ സംരക്ഷണത്തില്‍ വളരുന്നു. സ്കൂളില്‍ വിടാന്‍ പോലും അച്ഛന് മനസ്സുണ്ടായിരുന്നില്ല. പിന്നീട് സ്കൂളില്‍ ചേരുന്ന നീമോ ചിറകു ചെറുതായതിനാല്‍ നീന്താനറിയില്ല എന്നും മറ്റുമുള്ള തന്റെ അച്ഛന്റെ പരാമര്‍ശങ്ങളില്‍ അമര്‍ഷം കൊള്ളുന്നു. എല്ലാരേയും കാണിക്കാന്‍ ബോട്ടിനരികില്‍ നീന്തുന്ന നീമോയെ ഒരാള്‍ വലയിലാക്കുന്നു.
ബോട്ടിനെ പിന്തുടരുന്ന മാര്‍ലിന്‍ ‘ഡോറി’ യെ പരിചയപ്പെടുന്നു. കുറച്ചു നേരത്തേയ്ക്ക് മാത്രം ഓര്മ നില്ക്കുന്ന അസുഖത്തന്നടിമയായ ഡോറിയുമായി നീമോയെ തേടിയുള്ള യാത്ര തുടരുന്നു.
നീമോ എത്തിപ്പെട്ടത് സിഡ്നിയിലെ ഒരു അലങ്കാരമത്സ്യ ടാങ്കിലാണ്. അവിടെയുള്ള മറ്റു മത്സ്യങ്ങള്‍ നീമോയെ രക്ഷപെടുത്താനുള്ള വഴികള്‍ ആലോചിക്കുന്നു.
സ്രാവുകള്‍, ആന്ഗ്ലെര് മത്സ്യം, ജെല്ലി മത്സ്യങ്ങള്‍… ഇവയില്‍ നിന്നൊക്കെ രക്ഷപെടുന്ന മാര്‍ലിനും ഡോറിയും കടലാമകളുടെ സഹായത്തോടെ സിഡ്നിയില്‍ വരുന്നതോടെ ഇപ്പോള്‍ അവര്‍ കണ്ടെത്തും എന്ന് കാണികള്‍ കരുതും, പക്ഷെ തിമിംഗലത്തിന്റെ വായില്‍ കഴിയാനും അവര്‍ക്കിടയായി. ഇവരിലൂടെയൊക്കെ ആകാംക്ഷാ ഭരിതമായി നീങ്ങുന്ന കഥ മാര്‍ലിനും ഡോറിയും കണ്ണടഞ്ഞ നീമോയെ കണ്ടെത്തുന്നതോടെ ഒരു വഴിത്തിരിവിലെത്തുന്നു.
കഥ പറഞ്ഞ് അത് കാണുന്നതിന്റെ ഭംഗി കളയുന്നില്ല. വളരെ നല്ല ഒരു സിനിമ. എല്ലാം തന്നെ ആസ്വാദ്യകരം! അച്ഛന്റെ ഇത്രയും വലിയ സ്നേഹം കാണുമ്പോള്‍ മനസ്സ് നിറയും.
ഇത് നമ്മെ ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്. പലപ്പോഴും മാതാപിതാക്കള്‍ കുട്ടികളെ അതീവ സംരക്ഷണം കൊടുത്തു വളര്‍ത്തുമ്പോള്‍ അത് കുറെയൊക്കെ അവരെ…അവരുടെ കഴിവുകളെ തളര്‍ത്തുന്നു. ഒരു ചെറിയ വൈകല്യമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് എന്തെങ്കിലും കുറവുണ്ടെന്ന് കരുതരുത്. അവര്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍, “നിനക്കത് പറ്റില്ല-സാധിക്കില്ല, കാരണം….” എന്ന് പറഞ്ഞ് പിന്തിരിപ്പിക്കരുത്. മിക്കവാറും നമ്മുടെ മനസ്സിലെ വിശ്വാസക്കുറവും സ്നേഹവും ഒരു കാരണമായേക്കാം. ഞാനല്ല എന്റെ കുട്ടി- അവനു/അവള്‍ക്ക് അവരുടെതായ വ്യക്തിത്വവും കഴിവും ഉണ്ടെന്ന് മനസ്സിലാക്കണം. അവരുടെ കുറവുകള്‍ മനസ്സിലാക്കി അത് മറികടക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കുക- അതിനായി പ്രോത്സാഹിപ്പിക്കുക- അതൊക്കെയാണ് അവര്‍ക്ക് വേണ്ടി ചെയ്യേണ്ടത്. അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ പോലും കളിയാക്കാതെ പ്രോത്സാഹിപ്പിക്കുക. അവര്‍ നീമോയെപ്പോലെ നീന്തട്ടെ … ലോകമെന്ന മഹാ സമുദ്രത്തില്‍!
ഈ ചിത്രം കണ്ടിട്ടുണ്ട്. അനിമേഷന്‍ ആണെങ്കില്‍ പോലും വളരെ ഹൃദയ സ്പര്‍ശിയായി അനുഭവപ്പെട്ടു. പരിചയപ്പെടുത്തല്‍ നന്നായി.
🙂 നന്ദി