കുടുംബത്തുനിന്നു സ്വന്തം വീട്ടിലേയ്ക്ക് അച്ഛനമ്മമാര്‍ പോയപ്പോള്‍ ഞാന്‍ പ്രഖ്യാപിച്ചു “ ഞാന്‍ അച്ചായിയുടെയും അമ്മച്ചിയുടെയും കൂടെയേയുള്ളൂ” എന്ന്. കളിക്കൂട്ടുകാരെ വിട്ടുപോകാന്‍ മടിയായിരുന്നു.
അങ്ങനെ കളിക്കുന്ന ഒരു ദിവസം.
“ഞാനിവിടുന്നു വരാം … നീയവിടുന്നു വാ” ഞാന്‍ ബിന്ദുവിനോട് പറഞ്ഞു. ഞങ്ങള്‍ പാലത്തിലിരുന്നു കളിക്കുകയായിരുന്നു. അഞ്ചോ ആറോ വയസ്സുണ്ടാകണമാപ്പോള് .
തോടിനക്കരെയുമിക്കരെയും കടക്കാന്‍ അവിടെയുമിവിടെയുമെല്ലാം പാലങ്ങള്‍ ഉണ്ടായിരുന്നു . ഈ പാലങ്ങളെല്ലാം തന്നെ കുട്ടനാട്ടുകാരല്ലാത്തവരുടെ പേടിസ്വപ്നങ്ങളായിരുന്നു. ഒരു ചെറിയ തടിക്കഷണം ..അല്ലെങ്കില്‍ ഒരു ഉരുണ്ട തെങ്ങിന് തടി. വല്ലയിടത്തും പോകണമെങ്കില്‍ ഇതു കടന്നാലെ രക്ഷയുള്ളൂ. സകല ദൈവങ്ങളെയും വിളിച്ചു ഇതു കടക്കുന്നവരെ കാണുമ്പോള്‍ ചുണ്ടിലെ ചിരിയൊതുക്കി സഹായസന്നദ്ധമായി നില്‍ക്കുമ്പോഴും…. എപ്പോഴാണ് അവര്‍ വീഴുന്നതെന്ന് ആലോചിക്കുമായിരുന്നു .
ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്ന പാലം ഒരു ഉരുണ്ട തെങ്ങിന് തടിയായിരുന്നു. പാലം കടക്കുമ്പോള്‍ കൈ പിടിക്കാന്‍ ഒരു കമ്പി വലിച്ചുകെട്ടിയിട്ടുണ്ട്. ഞങ്ങള്‍ അതുപയോഗിക്കാതെ പാലം കടക്കാന്‍ തീരുമാനിച്ചു. കാലുകള്‍ രണ്ടും താഴെയ്ക്കിട്ട്, കൈ പാലത്തില്‍ പിടിച്ചു ഞാനിവിടുന്നും അവള് മറുകരയില്‍നിന്നും നിരങ്ങി അടുത്തടുത്ത് വന്നു. ഇടയ്ക്കിടയ്ക്ക് വണ്ടി പോകുന്ന സ്വരങ്ങളൊക്കെ പുറപ്പെടുവിക്കുന്നുണ്ട്. നടുക്കെത്തിയപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ‘ശെടാ എങ്ങനെ അക്കരെയ്ക്ക് പോകും’? ഇതു നേരത്തെ ഓര്‍ത്തില്ലല്ലോ.
“നീയെഴുന്നേറ്റു പുറകിലേയ്ക്ക് നടക്ക്”- ഞാന്‍ ഒരു നിര്‍ദ്ദേശം നല്കി.
“നീയല്ലേ ഇങ്ങനെ കളിക്കാമെന്ന് പറഞ്ഞത് – അതുകൊണ്ട് നീ തന്നെ ചെയ്യ്”. അവള് പറഞ്ഞു.
“ഓ അതത്രയ്ക്കു പാടൊന്നുമില്ല.” എന്ന് ഞാന്‍. അങ്ങനെ കൈ പാലത്തില്‍ കുത്തി എഴുന്നേല്ക്കാന് ഒരു ശ്രമം നടത്തി. എങ്ങോട്ടൊക്കെയോ മറിയുന്ന പോലെ…തൊട്ടു മുമ്പിലിരുന്ന ബിന്ദുവിനെ ഒറ്റ ഒരു പിടുത്തം. അവള് പറയുന്നതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. “ബ്ധും..ബ്ലും..” രണ്ടും കൂടി തലകുത്തി ദാ തോട്ടില്‍ ! എത്ത (ആഴക്കുറവ്)മുണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു. അവളും വീണതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. വഴക്ക് കേള്‍ക്കുമ്പോള്‍ രണ്ടു പേര്‍ക്കും കിട്ടുമല്ലോ. കേറിക്കഴിഞ്ഞു അവള് ചോദിച്ചു “നീയെന്തിനാ എന്നെ പിടിച്ചത്”? അവളെ ഒന്ന് നോക്കിയശേഷം വീട്ടിലേയ്ക്ക് ഓടി.
തലയിലെ ചെളി മുഴുവന്‍ കഴുകിക്കളയാന്‍ കുറെ പണിപ്പെട്ടു. പാലം കടക്കാനുള്ള ആ മാര്‍ഗം ഇനി വേണ്ടേ വേണ്ട എന്ന് ഞങ്ങള്‍ രണ്ടും ഏക സ്വരത്തില്‍ തീരുമാനിച്ചു.
hahaha.. adipoli…kuttikkalathekkoru thirichu pokku…thanks Daiseeeee
നൈസ് നോട്ട്…..