വിഭജിക്കപ്പെടുന്ന ഇന്ത്യ

2015
01.26

broken india

 

മതങ്ങളും ഇന്ത്യന്‍ സംസ്കാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യയിലെ ജീവിതത്തില്‍ മതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ അത് ചൂഷണം ചെയ്യാന്‍ പല രാഷ്ട്രീയപ്രസ്ഥാനങ്ങളും മതനേതാക്കളും ശ്രമിക്കുമ്പോള്‍ ഇല്ലാതാവുന്നത് മതേതരത്വം മാത്രമല്ല, ഇന്ത്യയുടെ സംസ്കാരം തന്നെയാണ്. രാഷ്ട്രീയ നേതാക്കള്‍ ദീര്‍ഘവീക്ഷണമില്ലാതെ ഓരോന്ന് ചെയ്തു കൂട്ടുമ്പോള്‍ ഇല്ലാതാവുന്നത് ഇന്ത്യ തന്നെയാണെന്ന് പലരും മനസ്സിലാക്കാതെ പോകുന്നു.

4000 വര്‍ഷങ്ങള്‍ പഴക്കമുള്ള സംസ്കാരമാണ് നമ്മുടേത്‌. ഇന്‍ഡസ് താഴ്വരകളിലെ ജനതയുടെ ‘ഇന്‍ഡസ്-വാലി’ അല്ലെങ്കില്‍ ‘ഹാരപ്പന്‍’ സംസ്കാരം എന്നറിയപ്പെടുന്ന പഴക്കമുള്ള ഈ സംസ്കാരം വളരെ ഉന്നതമായ സംസ്കാരങ്ങളില്‍ ഒന്നാണ്. അന്ന് അവര്‍ക്ക് അഴുക്കുചാൽ പദ്ധതി – ഡ്രെയിനെജ് സിസ്റ്റം ഉണ്ടായിരുന്നു എന്ന അറിവ് തന്നെ മതി ആ ജനതയുടെ ഉന്നത ചിന്താഗതി മനസ്സിലാക്കാന്‍. അവര്‍ക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നു, പക്ഷെ മതങ്ങള്‍ ഇല്ലായിരുന്നു. ആര്യന്‍ സംസ്കാരത്തിന്റെ വരവോടെ ഹാരപ്പന്‍ സംസ്കാരം ക്ഷയിച്ചു, മതങ്ങളുടെ വരവും ഉണ്ടായി. ജൈനമതത്തിന്റെ സ്ഥാപകന്‍ വര്‍ധമാന മഹാവീരന്‍, ബുദ്ധമത സ്ഥാപകന്‍ – ബുദ്ധന്‍ ഇവരുടെ ജീവിതകാലഘട്ടം 500 BC യിലാണ്. ഇന്ത്യയില്‍ ക്രിസ്തുമതം വന്നത് 0 AD യില്‍ ആണെങ്കില്‍, ആദ്യത്തെ ഹിന്ദു അമ്പലം ഉണ്ടായത് 400 AD യില്‍ ആണ്. സൌരാഷ്ട്രമതം സ്ഥാപിക്കപ്പെട്ടത് 700 AD യിലാണ്. 1000 AD യില്‍ ഇസ്ലാം മതവും 1400 AD യില്‍ സിഖ് മതവും ഇന്ത്യയില്‍ വന്നു. ഈ കാലയളവുകള്‍ നോക്കുമ്പോള്‍ ഒന്ന് മനസിലാക്കാം- ഭാരതീയസംസ്കാരം എന്നത് ഒരു മതത്തിന്റെ മാത്രം കുത്തകയല്ല എന്ന്.

ഭാരതത്തിലെ ഭൂരിപക്ഷം ജനതയും ഹിന്ദുമതം സ്വീകരിച്ചിട്ടുള്ളവരാണ്. പല മതങ്ങള്‍ പല കാലങ്ങളിലായി ഭാരതീയര്‍ സ്വീകരിച്ചെങ്കിലും ന്യൂനപക്ഷമതക്കാരുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും ഇന്ത്യന്‍ സംസ്കാരം നിറഞ്ഞു നില്‍ക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരില്‍, “ജയ് ഹിന്ദ്‌” വിളിച്ചവരില്‍, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും വേര്‍തിരിക്കപ്പെട്ടിട്ടില്ല. സ്വതന്ത്രഇന്ത്യ വിഭജിക്കപ്പെട്ടത് മതനേതാക്കളുടെയും മതതീവ്രവാദികളുടെയും ഇടപെടലുകള്‍ മൂലം തന്നെ. അതിന്‍റെ മുറിപ്പാടുകളില്‍ നിന്ന് പാഠം പഠിച്ച നേതൃത്വത്തിന്‍റെ ദീര്‍ഘകാലവീക്ഷണത മതേതരത്വത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരുന്നത്.

ഇപ്പോള്‍ ഇന്ത്യ മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെടുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഹിംസയെ മുറുകെപ്പിടിച്ച, ലോകാരാധ്യനായ ഗാന്ധിജിയെപ്പോലും അവഹേളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് മടിയില്ല. എല്ലാവരും ജാതി മതം എന്ന വിധത്തില്‍ എല്ലാക്കാര്യങ്ങളോടും പ്രതികരിക്കുന്നു. എല്ലാവരും സ്വന്തം മതത്തെയും പ്രവര്‍ത്തനങ്ങളെയും തെറ്റാണെങ്കില്‍ കൂടി ന്യായീകരിക്കുന്നു. സോഷ്യല്‍ മീഡിയ, പത്രവാര്‍ത്തകള്‍ ഇവിടെയൊക്കെ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ അത് തീര്‍ച്ചയായും കാണാവുന്നതാണ്. എന്തിനും ഭരിക്കുന്ന പാര്‍ട്ടിയെ മാത്രം പഴി ചാരുന്നതും ശരിയല്ല. എന്തുകൊണ്ട് എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

പൊതു സമൂഹത്തില്‍ മതത്തിന്‍റെ സ്വാധീനം ഉണ്ടാവരുത്. ഇന്ത്യയില്‍ അങ്ങനെയുള്ള ഒരു കാലമുണ്ടാവുമോ? അതിന് ഉദാഹരണം കാണണമെങ്കില്‍ അമേരിക്കയില്‍ നോക്കുക. ബ്രിട്ടീഷുകാരെ യുദ്ധം ചെയ്തു തോല്‍പ്പിച്ച അമേരിക്ക ഉണ്ടായത് 1743. അന്ന് അമേരിക്കയ്ക്ക് രൂപം കൊടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ എഴുതി വച്ചു ‘In God We Trust’. എല്ലാ ഡോളര്‍ നോട്ടുകളിലും നാണയങ്ങളിലും ഇത് കാണാം. പക്ഷെ ഇപ്പോള്‍ പൊതു സ്കൂളിലും ആഘോഷങ്ങളിലും പോലും മതമോ ദൈവങ്ങളോ സ്വാധീനം ചെലുത്താറില്ല. ഇന്ത്യയുടെത് ‘സത്യമേവ ജയതേ’…. അതുകൊണ്ടാവുമോ സത്യത്തെ കൈവെടിഞ്ഞുള്ള നമ്മുടെ ജീവിതം?

ഓരോ ഇന്ത്യക്കാരനും ഭാരതസംസ്കാരത്തെ സ്നേഹിക്കുന്നവനാവണം. ആദ്യം മാറേണ്ടത് നമ്മളാണ്. മറ്റുള്ളവര്‍ ജാതിയും മതവും പറയുന്നെങ്കില്‍ പറയട്ടെ…നിങ്ങള്‍ എന്തിന് പറയണം? നഗ്നനായ രാജാവിന്‍റെ മുന്നില്‍ അത് വിളിച്ചുപറയാന്‍ ധൈര്യപ്പെട്ടത് ഒരു ചെറിയ കുട്ടി മാത്രം…. തെറ്റ് ചെയ്യുന്നവന്‍ ‘തെറ്റാണ് ചെയ്യുന്നത്’ എന്ന് പറയാന്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് അവര്‍ അംഗമായ കൂട്ടത്തിലെ മറ്റ് അംഗങ്ങള്‍ക്കാണ്. നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി ചെയ്യുന്നത് തെറ്റെന്നു തോന്നിയാല്‍, അത് പറയേണ്ടത് ആ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്ന അംഗങ്ങളാണ്. അതുപോലെ തന്നെ നിങ്ങളുടെ സ്വന്തം മതനേതാക്കള്‍ തെറ്റ് ചെയ്‌താല്‍, ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക.

ഈ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തരും ചിന്തിച്ച് ഒരു പ്രതിജ്ഞയെടുക്കുക… “എന്‍റെ പാര്‍ട്ടിയെയും മതത്തെയും ഞാന്‍ സ്നേഹിക്കുന്നു…പക്ഷെ മതേതര ഇന്ത്യയെ വിഭജിക്കുന്ന ഒരു വാക്കും പ്രവൃത്തിയും എന്നില്‍ നിന്ന് ഉണ്ടാവില്ല…കാരണം ഓരോ ഇന്ത്യക്കാരനും എന്‍റെ സഹോദരി സഹോദരന്മാര്‍ ആണ്. ഓരോരുത്തരെയും- അവന്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ബി ജെ പി യോ മാര്‍ക്സിസ്റ്റോ കോണ്‍ഗ്രെസ്സോ-എന്തുമാവട്ടെ ഞാന്‍ അവരെ ഞാന്‍ ബഹുമാനിക്കുന്നു. ”

ഞാന്‍-എനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കാതെ ‘എനിക്കും ചെയ്യാന്‍ പറ്റും’ എന്ന് വിചാരിക്കുക. നമ്മുടെ ബോധ്യം –മനസാക്ഷി നമ്മെ നയിക്കട്ടെ.

ജയ് ഹിന്ദ്‌.

(Sources: http://www.ancientindia.co.uk/time/explore/exp_set.html

http://en.wikipedia.org/wiki/Indus_Valley_Civilization )

‘കൈക്കൂലി’ യുടെ മാനസികാവസ്ഥകള്‍:

2013
11.27

കഴിഞ്ഞ ദിവസം എന്‍റെ പഴയ ഒരു കൂട്ടുകാരിയോട് സംസാരിച്ചപ്പോള്‍ കുറെ നാളുകള്‍ക്ക് മുന്‍പ് അണ്ണാ ഹസാരെ യെക്കുറിച്ച് കേട്ടപ്പോള്‍ എഴുതിയ ഇത് പ്രസിദ്ധീകരിക്കാന്‍ തോന്നി. ‘നാട്ടില്‍ വരുന്നോ’ എന്നവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എന്തിനും ‘കൈക്കൂലി’ കൊടുത്ത് അപമാനിക്കപ്പെട്ട് ജീവിക്കാനാവില്ല എന്നാണ്. പഞ്ചായത്തില്‍ ജോലി ചെയ്യുന്ന അവള്‍ പറഞ്ഞത് ‘എല്ലാവരെയും അങ്ങനെ കാണരുത്’ എന്നാണ്.

——————————————– Read the rest of this entry »

ജീവിതത്തിലെ ആദ്യത്തെ ‘ഹോട്ട് ഡോഗ്’ തീറ്റ:

2013
02.22

‘ഹോട്ട് ഡോഗ്’ നിങ്ങള്‍ക്കൊക്കെ ഇപ്പോള്‍ അറിയാമായിരിക്കും അല്ലെ. വേവിച്ച ഇറച്ചി കൊത്തിയരിഞ്ഞത് നീളാകൃതിയില്‍(ഇത്തിരി വളഞ്ഞ്) ശീതീകരിച്ച്, കേടാകാതിരിക്കാന്‍ ഓരോന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു ആഹാരമാണ് ‘ഹോട്ട് ഡോഗ്’. സമയമില്ലാത്ത ജീവിതശൈലിയില്‍ എളുപ്പമായതും ശരീരത്തിന് നല്ലതല്ലാത്തതുമായ ഒരു ആഹാരം. വിദേശങ്ങളില്‍ വളരെ സാധാരണമായ ഒന്നാണിത്. പക്ഷെ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊന്നും നമുക്ക് പരിചയമുള്ള ആഹാരമല്ലല്ലോ. പ്രത്യേകിച്ച് കാവാലം എന്ന ഗ്രാമത്തില്‍ ജീവിച്ച എനിക്ക്. ഇത് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ പഠിച്ചപ്പോഴുള്ള ഓര്‍മ്മകളിലെ ഒന്ന്.

ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍ എത്തുന്നത് ബോട്ടില്‍ യാത്ര ചെയ്തിട്ടാണ്. അന്നൊന്നും റോഡുകള്‍ അത്രയ്ക്കും വികസിച്ചിട്ടില്ല. നാലു മണിക്കൂറോളം ഉണ്ട് ഒരു ദിവസത്തെ യാത്ര തന്നെ. ചിലര്‍ക്കൊക്കെ അതിലും ദൂരം. ബോട്ടില്ലാത്തപ്പോഴൊക്കെ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്..

പക്ഷെ രസമായിരുന്നു… ബോട്ടിലും പിന്നെ കരയിലുമൊക്കെ വായ്നോക്കി കോളേജില്‍ പോയ്ക്കൊണ്ടിരുന്നത് :). സിറ്റിയില്‍ നിന്ന് ബോട്ട് ജെട്ടിയില്‍ എത്താന്‍ അര മണിക്കൂറോളം നടക്കണം. അത് കൊണ്ട് തന്നെ കോളേജ് വിട്ടാല്‍ ബോട്ട് ജെട്ടിയില്‍ എത്താനുള്ള സമയം മാത്രമേ മിക്കവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. എന്തെങ്കിലും ഷോപ്പിംഗ്‌ ചെയ്യാനുണ്ടെങ്കില്‍ പിന്നെ ഓട്ടോറിക്ഷ തന്നെ ശരണം. ചിലപ്പോള്‍ താമസിച്ചു കിതച്ചെത്തുന്ന യാത്രക്കാരുടെ ബോട്ട് വിട്ടുപോയ ഇച്ഛാഭംഗങ്ങള്‍ കാണുമ്പൊള്‍ വിഷമവും ഊറിയ ചിരിയുമൊക്കെ മിക്കവരുടെയും പല ഭാവങ്ങള്‍!

യാത്ര തന്നെ ഭൂരിഭാഗം സമയം കൈയടക്കുന്നത് കൊണ്ട്, വേറെ എന്തെങ്കിലും ചെയ്യാന്‍ ക്ലാസ്‌ കട്ട് ചെയ്യണം. ചില മിസ്സുമാരുടെ ബോറിംഗ് ക്ലാസുകള്‍ കേള്‍ക്കുന്നതിലും ഭേദം വേറെ എന്തെങ്കിലും ചെയ്യുന്നതാണ്. മിക്ക പെണ്‍കുട്ടികളും അങ്ങനെയൊന്നും ചെയ്യാറില്ല…കാരണം വീട്ടില്‍ നിന്നുള്ള വിലക്കുകള്‍. അതുകൊണ്ട് നമ്മള്‍ പുറത്തുപോയാല്‍ വീട്ടില്‍ അറിയുമെന്നുള്ളത് ഉറപ്പ്. കാരണം പെണ്‍കുട്ടികള്‍ നേര്‍വഴിയില്‍ നടക്കുന്നു എന്നത് നാട്ടുകാര്‍ ഉറപ്പിക്കുമായിരുന്നു. എന്‍റെ അച്ഛനമ്മമാര്‍ വിശാലമനസ്കരായിരുന്നു… അവര്‍ തരുന്ന വിശ്വാസം മക്കള്‍ കാത്തുസൂക്ഷിക്കുമെന്നുള്ള ഉറപ്പ് ഉള്ളവര്‍. അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞിരുന്നു. സിനിമ കാണുന്നതിനോ പുറത്തു നിന്ന് കഴിക്കുന്നതിനോ ഒന്നും തന്നെ ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നില്ല. (പക്ഷെ പുതിയ സിനിമ കാണുന്നത് പ്രശ്നമാണ്- മറ്റൊന്നുമല്ല, പിച്ചുന്ന ‘റാസ്‌കല്‍സി’നെ പേടിച്ചിട്ട് തന്നെ.)

അങ്ങനെ ഒരിക്കല്‍ ഞാനും എന്‍റെ കൂട്ടുകാരി എല്‍സിയും ക്ലാസ്‌ കട്ട് ചെയ്ത്, അടുത്തുള്ള റെസ്റ്റോറന്റില്‍ പോകാന്‍ തീരുമാനിച്ചു. അത് കോളേജിലെ പെണ്‍കുട്ടികള്‍ സാധാരണ പോകുന്ന ഒരു ‘ഹൈ ഫൈ’ സ്ഥലം. അവിടെ എത്തിയപ്പോള്‍ അവരോ,  സ്റ്റൈലില്‍ ഒരു മെനുവും തന്നു. പേരുകളൊക്കെയും വായില്‍ കൊള്ളാത്ത, പറയാന്‍ തന്നെ പാടുള്ള എന്തൊക്കെയോ. പുറത്തൊക്കെ താമസിച്ചു പരിചയമുള്ള കൂട്ടുകാരിയായത് കൊണ്ട് ഈ സാധനമൊക്കെ എന്തെന്ന് അവള്‍ക്കു അറിയാമായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. എല്‍സിയോടു ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞു.

അവള്‍ എല്ലാം വിശദമായി നോക്കി.

“ഹോട്ട് ഡോഗും ഐസ് ക്രീമും” എന്ന് സ്റ്റൈലില്‍ വെയ്റ്ററിനോട് പറഞ്ഞു.

ഈ ഹോട്ട് ഡോഗ് എന്തെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. എന്തെങ്കിലും നല്ല രുചിയുള്ള സാധനമായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു. എങ്കില്‍ അത് തന്നെ കഴിച്ചേക്കാം എന്നായി ഞാനും. അത് തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ പിന്നെ മടിച്ചില്ല.

അങ്ങനെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തി. കൊതിയോടെ ഞാന്‍ നോക്കി. ഒരു ബണ്ണ്- അത് പകുതി കണ്ടിച്ചിട്ടു അകത്ത് ഒരു സാധനം… വളഞ്ഞ നീളമുള്ള എന്തോ.

“എല്‍സി, എന്താ ഇത്?  ഇതെന്താ ഇങ്ങനെയിരിക്കുന്നത്?” ഞാന്‍ എല്‍സിയോടു ചോദിച്ചു.

“ആ എനിക്കറിയില്ല.” എന്നായി അവള്‍.

“ആഹാ- നിനക്കറിയില്ലായിരുന്നോ. ഞാനോര്‍ത്തു- ഇതൊക്കെ നിനക്കറിയാമെന്നു.” ഞാന്‍ പറഞ്ഞു.

പിന്നെയും പ്ലയ്റ്റിലെയ്ക്ക് നോക്കി. ഊഹിക്കാന്‍ ഞാനൊരു ശ്രമം നടത്തി. ‘ഹോട്ട്’ എന്നാല്‍ ചൂട്. ‘ഡോഗ്’ എന്നാല്‍ പട്ടി. ‘ചൂട് പട്ടി’ യോ? ഇതിനി പട്ടിയുടെ വല്ല സാധനവുമാണോ :). ദൈവമേ… ഞാന്‍ എല്‍സിയുടെ മുഖത്തേയ്ക്ക് നോക്കി. അവളും ഞാന്‍ ചിന്തിച്ചത് തന്നെ വിചാരിച്ചെന്ന് ഉറപ്പ്. ആ മുഖം വളിച്ചിരിക്കുന്നു. കൂടുതലൊന്നും പറയാന്‍ എനിക്ക് തോന്നിയില്ല.

ഇത്രയും കാശ് കൊടുക്കുന്നതല്ലേ- എങ്ങനെ വെറുതെ കളയും എന്ന് വിചാരിച്ച് ബന്നിന്റെ മുകളിലെ ഇത്തിരി ഞാന്‍ കഴിച്ചു.

‘എല്‍സി, എന്നാ ഇത്തിരി കഴിക്ക്’ എന്ന് ഞാന്‍ അവളോട്‌ പറഞ്ഞു.

“അയ്യേ, എനിക്കൊന്നും വേണ്ട.” മുഖം ചുളിച്ച് അവള്‍ പറഞ്ഞു.

കൂട്ടുകാരിയുടെ മുഖത്തെ ആ അറപ്പ് കണ്ടപ്പോള്‍ കഴിച്ചത് കൂടെ ശര്‍ദ്ദിക്കാന്‍ എനിക്ക് തോന്നി. പിന്നെ തൊട്ടില്ല. കാശും കൊടുത്ത് സ്ഥലം വിട്ടു. പിന്നീടൊരിക്കലും അങ്ങോട്ടേയ്ക്ക് പോയിട്ടേയില്ല.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹോട്ട് ഡോഗ് കണ്ടപ്പോള്‍ ഇതാണ് മനസ്സില്‍ ആദ്യം വന്നത്. പറഞ്ഞു പറഞ്ഞ്‌ വളരെ ചിരിച്ചിട്ടുണ്ട്… ഇപ്പോഴും ചിരിക്കാറുണ്ട്. പക്ഷെ ‘ഹോട്ട് ഡോഗ്’ വളരെ പരിചയമുള്ള ഒന്നാണിപ്പോള്‍. ജീവിതത്തിലെ ഓരോ കാര്യങ്ങള്‍… അല്ലെ. ഇനി നിങ്ങള്‍ ഹോട്ട് ഡോഗ് കാണുമ്പോള്‍ ഇത് പോലെ ഒന്നും വിചാരിക്കണ്ട…കേട്ടോ. 🙂

‘അച്ചായി’ എന്ന താരം:

2012
10.18

എന്‍റെ അച്ചായി(മുത്തശ്ശന്‍) നാട്ടിലെ ഒരു താരമായിരുന്നു…നാട്ടുകാരുടെയും അച്ചായി. എന്‍റെ ഓര്‍മയില്‍ വടിയോട് കൂടെ മാത്രമേ അച്ചായിയെ കണ്ടിട്ടുള്ളൂ.

വടി കുത്തി, കാലുകള്‍ അമര്‍ത്തിച്ചവിട്ടിയുള്ള ആ വരവ് കാണുമ്പോഴേ അവിടെയുള്ള ചെറുപ്പക്കാര്‍ക്ക് രസമാണ്. അവര്‍ കളിയാക്കി എന്തെങ്കിലും പറഞ്ഞാലോ….. അച്ചായി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. “പോടാ പുല്ലേ“ എന്ന് കേള്‍ക്കാന്‍ വേണ്ടിത്തന്നെ അവര്‍ അച്ചായിയെ ശുണ്ഠി പിടിപ്പിക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ മരത്തിലിരുന്നു തലയിലുള്ള കുട്ടയില്‍ നിന്ന് ബണ്ണൊക്കെ ചൂണ്ടുമായിരുന്നു. അറിയാമെങ്കിലും വടി കൊണ്ട് ഒരു വീശു വീശി പോകുന്ന അച്ചായി അതൊന്നും കാര്യമാക്കാറില്ലായിരുന്നു. Read the rest of this entry »

ഓണം – കേരളീയന്‍റെ അഭിമാനം:

2012
08.28

ഓണം എന്ന് പറയുമ്പോള്‍ അത് കേരളീയന്‍റെ സ്വന്തം ആഘോഷം ആകുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ അത് ഒരു ജനതയുടെ തന്നെ സംസ്കാരം വിളിച്ചോതുന്നു. ഓരോ കേരളീയനും ഏറ്റവും അഭിമാനിക്കാനാവുന്ന, അഹങ്കരിക്കാനാവുന്ന ഒന്നാണ് ഓണം.

എന്തുകൊണ്ടാണെന്നല്ലേ. ഈ ഓണപ്പാട്ട്(ഏറ്റവും താഴെ) ഒന്ന് നന്നായി വായിക്കൂ. ഇത് എത്ര സുന്ദരമായ സങ്കല്പം – എല്ലാവരും ഒരുപോലെ…സന്തോഷം എവിടെയും…നല്ലവരും നന്മയും മാത്രം എങ്ങും. ഇതൊരു “ideal society”- ആദര്‍ശ സമൂഹത്തിനായുള്ള  ആഗ്രഹം വിളിച്ചോതുന്ന ഒരു പാട്ട്…..ഓണത്തിന്‍റെ അര്‍ത്ഥവും അതു തന്നെ. Read the rest of this entry »

എവിടെ?

2012
08.02
എവിടെയാണെന്‍റെ തംബുരു

മീട്ടാനറിയില്ലെങ്കിലും

സ്നേഹത്തിന്‍ സ്പന്ദനമില്ലല്ലോ

എവിടെയാ നാദമൊളിച്ചു? Read the rest of this entry »

അച്ഛനെയാണെനിക്കേറെയിഷ്ടം:

2012
06.12

ലോകത്തിന്‍റെ പല ഭാഗങ്ങളിലും പിതൃദിനം ജൂണ്‍ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. എന്‍റെ ജീവിതത്തില്‍ എന്നെ വളരെ സ്വാധീനിച്ച ഒരാളായിരുന്നു എന്‍റെപിതാവ്. അദ്ദേഹം വളരെയേറെ മൂല്യങ്ങള്‍ സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കിത്തന്നു. എവിടെയൊക്കെ പോയാലും ആരൊക്കെ ആയാലും എന്നും ആ പിതാവിന്‍റെ മകള്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ആത്മപരമെങ്കിലും അദ്ദേഹം തന്ന മൂല്യങ്ങള്‍ എല്ലാവരോടും പങ്കു വയ്ക്കട്ടെ. Read the rest of this entry »

ആഞ്ഞിലിയും പിള്ളേരെ പിടുത്തക്കാരും :

2012
04.20

ആഞ്ഞിലിച്ചക്ക

ഈ പടം കണ്ടപ്പോള്‍ പഴയ ബാല്യത്തിലേയ്ക്ക് മനസ്സങ്ങ് പറന്നു. ഈ തലക്കെട്ട്‌ കണ്ട്  ആഞ്ഞിലിയും പിള്ളേരെ പിടുത്തക്കാരും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ ആലോചിച്ച് തലപുകച്ചാല്‍ ഒരു പിടുത്തവും കിട്ടില്ല. ഇതു വായിക്കണം. 🙂 Read the rest of this entry »

‘കഴുന്ന’ യെന്ന പേടിസ്വപ്നം:

2012
03.20

കുട്ടികളെ പേടിപ്പിക്കാന്‍ ‘മാക്കാന്‍’ എന്നൊക്കെ പറയില്ലേ…അത് പോലെ ഒന്നായിരുന്നു ‘കഴുന്ന’ – ഞങ്ങള്‍ക്ക്. ചെറുപ്പത്തില്‍ കഴുന്നയെപ്പറ്റി പല കഥകളും കേട്ടിരുന്നു. അടുത്തുള്ള തട്ടാശേരിയ്ക്കടുത്ത് ഏലപ്പള്ളിയിലെ പയ്യന്‍റെ മുട്ട് കടിച്ചെടുത്ത ‘കഴുന്ന’ യായിരുന്നു അമ്മയുടെ ആയുധം- വെള്ളത്തിലിറങ്ങിയാല്‍  കയറാത്ത ഞങ്ങളെ പേടിപ്പിക്കാന്‍. അത് വളരെ ഫലപ്രദവുമായിരുന്നു. പക്ഷെ ഈ ‘കഴുന്ന’ സത്യത്തില്‍ എന്തെന്ന് എനിക്കിപ്പോഴും അറിയില്ല. മുതലയോ, ചീങ്കണ്ണിയോ അതോ മറ്റ് വല്ലതുമോ? പറഞ്ഞ് കേട്ടത് അത് പട്ടിയെപ്പോലെയാണെന്നാണ്. വളരെ പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ, തല മാത്രം വെള്ളത്തിന്‌ മുകളിലായി നീന്തിയെത്തുന്ന കഴുന്നയെ കാണാന്‍ വളരെ ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കണം ഞാനും കണ്ടത്! Read the rest of this entry »

കുരുന്നുകളെ തകര്‍ക്കുന്ന സമൂഹത്തിലെ കളകള്‍:

2012
02.23

കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന വാര്‍ത്തകള്‍ ഇന്ന് പതിവായിക്കൊണ്ടിരിക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ വരെ ഈ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നറിയുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍ പലര്‍ക്കും അനുഭവപ്പെടുന്നു. ഇതൊക്കെ വിദേശങ്ങളില്‍ മാത്രമല്ല നടക്കുന്നതെന്നറിയുമ്പോള്‍ നമ്മുടെ നാടും വളരെയേറെ മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത് ഒരാവശ്യമാണ്. കുട്ടികളുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും വളരെയേറെ തകര്‍ക്കുന്ന ഇവര്‍ സമൂഹത്തിലെ കളകള്‍ തന്നെയാണ്. നാളത്തെ ഭാവി തലമുറയെ വളരാന്‍ അനുവദിക്കാത്ത ഇക്കൂട്ടരെ കണ്ടെത്താനും തിരിച്ചറിയാനു മുള്ള മാര്‍ഗങ്ങള്‍ സമൂഹം നടപ്പാക്കേണ്ടിയിരിക്കുന്നു. Read the rest of this entry »

ഫൈന്‍ഡിംഗ് നീമോ:

2012
01.05

2003 ലിറങ്ങിയ കമ്പ്യൂട്ടര്‍ അനിമേഷന്‍ കൊണ്ട് സൃഷ്ടിച്ച ഈ ചിത്രം 86 കോടിയിലേറെ വരുമാനം ഉണ്ടാക്കി. കടലിലെ പല നിറത്തിലുള്ള മീനുകളും ജീവികളും പവിഴപ്പുറ്റുകളും കൊണ്ട് വര്‍ണാഭമായ ഈ ചിത്രത്തിലെ ഓരോ രംഗവും വളരെ സുന്ദരമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രമാണിത്. അക്കാദമി അവാര്‍ഡ്‌ കരസ്ഥമാക്കിയ ഈ ചിത്രം അമേരിക്കയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച പത്തു അനിമേഷന്‍ ചിത്രങ്ങളിലൊന്നാണ്. Read the rest of this entry »

നീ മാത്രം

2011
12.06
എന്‍റെ ഓര്‍മ്മത്തുരുത്തുകളില്‍

നിന്‍റെ സ്നേഹസൌരഭ്യം മാത്രം

എന്‍റെ കൈവിരലുകളില്‍

നിന്‍റെ സ്പര്‍ശം മാത്രം

എന്‍റെ മിഴിയിണകളില്‍

നിന്‍റെ പ്രകാശം മാത്രം

എന്‍റെ ഹൃദയത്തില്‍

നിന്‍റെ മുഖം മാത്രം.

എന്നിലെ  സംഗീതം

നിനക്കേ അറിയൂ

എന്നിലെ സൌന്ദര്യം

നിനക്കേ കാണാനാവൂ

എന്‍റെ ആത്മാവിനെ തൊട്ട ഒരേ ഒരാള്‍

എന്‍റെ പൂര്‍ണതയിലേയ്ക്ക് പാതിയായ്‌

നീ…. നീ മാത്രം.

കോഴിക്കഥകള്‍:

2011
11.04

കുട്ടിക്കാലത്ത് കോഴികളില്ലാത്ത ലോകമേ ആലോചിക്കാന്‍ വയ്യ…ഒട്ടുമിക്ക വീടുകളിലും കോഴികള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകം. അതിഥികള്‍ക്കും വിശേഷാവസരങ്ങള്‍ക്കും കോഴിയല്ലേ പ്രധാന വിഭവം.

എന്‍റെ ഓര്‍മ്മയിലുള്ള ഞങ്ങളുടെ പഴയ വീട് ഒരു തുറന്ന വീടായിരുന്നു. കുട്ടികളെപ്പോലെ തന്നെ കോഴികളും കയറിയിറങ്ങി എന്തെങ്കിലും തപ്പിപ്പെറുക്കി തിന്നുന്നത് ഒരു പതിവ്. പക്ഷെ ചിലപ്പോള്‍ ഇതുങ്ങള്‍, പ്രത്യേകിച്ച് പിടക്കോഴികള്‍ ഈ വീടും അവരുടെതെന്ന മട്ടില്‍ കുണുങ്ങിക്കുണുങ്ങി ‘കോ …കോ..” എന്ന്‍ ഒരു പ്രത്യേക ഈണത്തില്‍ പാടുന്നതും കാണാം. Read the rest of this entry »

ബന്ധനമോ ബന്ധം?

2011
09.30
ബന്ധങ്ങളിലെ ബന്ധനവും

ബന്ധനങ്ങളിലെ ബന്ധവും

ബന്ധുരകാഞ്ചനക്കൂടോ? Read the rest of this entry »

ഓര്‍മ്മകളിലെ ഓണം – എട്ടുകളിയും പിന്നെ “അച്ചാ…പോറ്റി…കാള…”

2011
08.16

“എട്ട് വീഴടാ കോലെ”… അലര്‍ച്ചകള്‍ കേട്ടുതുടങ്ങി.

“എടീ എട്ടുകളി തുടങ്ങിയെടീ” എന്ന് സഹോദരിമാരോട് പറഞ്ഞിട്ട് വീട്ടില്‍ നിന്ന് ശബ്ദം കേട്ട അയല്‍പക്കത്തെയ്ക്കോടി.

ഇത് ഓണക്കാലത്തെ പതിവ്. അന്ന് എട്ടുകളിയില്ലാത്ത ഓണം ഓണമേയല്ല. ഇപ്പോള്‍ ടി വി യുടെ മുന്നില്‍ കുത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ഇതിന്‍റെ രസം വല്ലതുമറിയാമോ? അത് പോട്ടെ. അപ്പോള്‍ ഈ എട്ടുകളിയെന്തെന്നല്ലേ? രണ്ട്, മൂന്ന് അല്ലെങ്കില്‍ നാല് പേര്‍ക്ക് കളിക്കാം. ഒറ്റയ്ക്കോ അല്ലെങ്കില്‍ ടീം- (തണ്ടി എന്ന് ഞങ്ങള്‍ പറയും) ആയോ കളിക്കാം. Read the rest of this entry »