‘ഹോട്ട് ഡോഗ്’ നിങ്ങള്‍ക്കൊക്കെ ഇപ്പോള്‍ അറിയാമായിരിക്കും അല്ലെ. വേവിച്ച ഇറച്ചി കൊത്തിയരിഞ്ഞത് നീളാകൃതിയില്‍(ഇത്തിരി വളഞ്ഞ്) ശീതീകരിച്ച്, കേടാകാതിരിക്കാന്‍ ഓരോന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു ആഹാരമാണ് ‘ഹോട്ട് ഡോഗ്’. സമയമില്ലാത്ത ജീവിതശൈലിയില്‍ എളുപ്പമായതും ശരീരത്തിന് നല്ലതല്ലാത്തതുമായ ഒരു ആഹാരം. വിദേശങ്ങളില്‍ വളരെ സാധാരണമായ ഒന്നാണിത്. പക്ഷെ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊന്നും നമുക്ക് പരിചയമുള്ള ആഹാരമല്ലല്ലോ. പ്രത്യേകിച്ച് കാവാലം എന്ന ഗ്രാമത്തില്‍ ജീവിച്ച എനിക്ക്. ഇത് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ പഠിച്ചപ്പോഴുള്ള ഓര്‍മ്മകളിലെ ഒന്ന്.
ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍ എത്തുന്നത് ബോട്ടില്‍ യാത്ര ചെയ്തിട്ടാണ്. അന്നൊന്നും റോഡുകള്‍ അത്രയ്ക്കും വികസിച്ചിട്ടില്ല. നാലു മണിക്കൂറോളം ഉണ്ട് ഒരു ദിവസത്തെ യാത്ര തന്നെ. ചിലര്‍ക്കൊക്കെ അതിലും ദൂരം. ബോട്ടില്ലാത്തപ്പോഴൊക്കെ എത്ര കഷ്ടപ്പെട്ടിട്ടുണ്ട്..
പക്ഷെ രസമായിരുന്നു… ബോട്ടിലും പിന്നെ കരയിലുമൊക്കെ വായ്നോക്കി കോളേജില്‍ പോയ്ക്കൊണ്ടിരുന്നത് :). സിറ്റിയില്‍ നിന്ന് ബോട്ട് ജെട്ടിയില്‍ എത്താന്‍ അര മണിക്കൂറോളം നടക്കണം. അത് കൊണ്ട് തന്നെ കോളേജ് വിട്ടാല്‍ ബോട്ട് ജെട്ടിയില്‍ എത്താനുള്ള സമയം മാത്രമേ മിക്കവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. എന്തെങ്കിലും ഷോപ്പിംഗ് ചെയ്യാനുണ്ടെങ്കില്‍ പിന്നെ ഓട്ടോറിക്ഷ തന്നെ ശരണം. ചിലപ്പോള്‍ താമസിച്ചു കിതച്ചെത്തുന്ന യാത്രക്കാരുടെ ബോട്ട് വിട്ടുപോയ ഇച്ഛാഭംഗങ്ങള്‍ കാണുമ്പൊള്‍ വിഷമവും ഊറിയ ചിരിയുമൊക്കെ മിക്കവരുടെയും പല ഭാവങ്ങള്‍!
യാത്ര തന്നെ ഭൂരിഭാഗം സമയം കൈയടക്കുന്നത് കൊണ്ട്, വേറെ എന്തെങ്കിലും ചെയ്യാന്‍ ക്ലാസ് കട്ട് ചെയ്യണം. ചില മിസ്സുമാരുടെ ബോറിംഗ് ക്ലാസുകള്‍ കേള്‍ക്കുന്നതിലും ഭേദം വേറെ എന്തെങ്കിലും ചെയ്യുന്നതാണ്. മിക്ക പെണ്‍കുട്ടികളും അങ്ങനെയൊന്നും ചെയ്യാറില്ല…കാരണം വീട്ടില്‍ നിന്നുള്ള വിലക്കുകള്‍. അതുകൊണ്ട് നമ്മള് പുറത്തുപോയാല്‍ വീട്ടില്‍ അറിയുമെന്നുള്ളത് ഉറപ്പ്. കാരണം പെണ്‍കുട്ടികള്‍ നേര്‍വഴിയില്‍ നടക്കുന്നു എന്നത് നാട്ടുകാര്‍ ഉറപ്പിക്കുമായിരുന്നു. എന്റെ അച്ഛനമ്മമാര്‍ വിശാലമനസ്കരായിരുന്നു… അവര്‍ തരുന്ന വിശ്വാസം മക്കള്‍ കാത്തുസൂക്ഷിക്കുമെന്നുള്ള ഉറപ്പ് ഉള്ളവര്‍. അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞിരുന്നു. സിനിമ കാണുന്നതിനോ പുറത്തു നിന്ന് കഴിക്കുന്നതിനോ ഒന്നും തന്നെ ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നില്ല. (പക്ഷെ പുതിയ സിനിമ കാണുന്നത് പ്രശ്നമാണ്- മറ്റൊന്നുമല്ല, പിച്ചുന്ന ‘റാസ്കല്സി’നെ പേടിച്ചിട്ട് തന്നെ.)
അങ്ങനെ ഒരിക്കല്‍ ഞാനും എന്റെ കൂട്ടുകാരി എല്‍സിയും ക്ലാസ് കട്ട് ചെയ്ത്, അടുത്തുള്ള റെസ്റ്റോറന്റില്‍ പോകാന്‍ തീരുമാനിച്ചു. അത് കോളേജിലെ പെണ്‍കുട്ടികള്‍ സാധാരണ പോകുന്ന ഒരു ‘ഹൈ ഫൈ’ സ്ഥലം. അവിടെ എത്തിയപ്പോള്‍ അവരോ, സ്റ്റൈലില്‍ ഒരു മെനുവും തന്നു. പേരുകളൊക്കെയും വായില്‍ കൊള്ളാത്ത, പറയാന്‍ തന്നെ പാടുള്ള എന്തൊക്കെയോ. പുറത്തൊക്കെ താമസിച്ചു പരിചയമുള്ള കൂട്ടുകാരിയായത് കൊണ്ട് ഈ സാധനമൊക്കെ എന്തെന്ന് അവള്‍ക്കു അറിയാമായിരിക്കുമെന്നു ഞാന്‍ വിചാരിച്ചു. എല്സിയോടു ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞു.
അവള് എല്ലാം വിശദമായി നോക്കി.
“ഹോട്ട് ഡോഗും ഐസ് ക്രീമും” എന്ന് സ്റ്റൈലില്‍ വെയ്റ്ററിനോട് പറഞ്ഞു.
ഈ ഹോട്ട് ഡോഗ് എന്തെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. എന്തെങ്കിലും നല്ല രുചിയുള്ള സാധനമായിരിക്കുമെന്നു ഞാന്‍ ഊഹിച്ചു. എങ്കില്‍ അത് തന്നെ കഴിച്ചേക്കാം എന്നായി ഞാനും. അത് തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ പിന്നെ മടിച്ചില്ല.
അങ്ങനെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തി. കൊതിയോടെ ഞാന്‍ നോക്കി. ഒരു ബണ്ണ്- അത് പകുതി കണ്ടിച്ചിട്ടു അകത്ത് ഒരു സാധനം… വളഞ്ഞ നീളമുള്ള എന്തോ.
“എല്‍സി, എന്താ ഇത്? ഇതെന്താ ഇങ്ങനെയിരിക്കുന്നത്?” ഞാന്‍ എല്സിയോടു ചോദിച്ചു.
“ആ എനിക്കറിയില്ല.” എന്നായി അവള്.
“ആഹാ- നിനക്കറിയില്ലായിരുന്നോ. ഞാനോര്‍ത്തു- ഇതൊക്കെ നിനക്കറിയാമെന്നു.” ഞാന്‍ പറഞ്ഞു.
പിന്നെയും പ്ലയ്റ്റിലെയ്ക്ക് നോക്കി. ഊഹിക്കാന്‍ ഞാനൊരു ശ്രമം നടത്തി. ‘ഹോട്ട്’ എന്നാല്‍ ചൂട്. ‘ഡോഗ്’ എന്നാല്‍ പട്ടി. ‘ചൂട് പട്ടി’ യോ? ഇതിനി പട്ടിയുടെ വല്ല സാധനവുമാണോ :). ദൈവമേ… ഞാന്‍ എല്‍സിയുടെ മുഖത്തേയ്ക്ക് നോക്കി. അവളും ഞാന്‍ ചിന്തിച്ചത് തന്നെ വിചാരിച്ചെന്ന് ഉറപ്പ്. ആ മുഖം വളിച്ചിരിക്കുന്നു. കൂടുതലൊന്നും പറയാന്‍ എനിക്ക് തോന്നിയില്ല.
ഇത്രയും കാശ് കൊടുക്കുന്നതല്ലേ- എങ്ങനെ വെറുതെ കളയും എന്ന് വിചാരിച്ച് ബന്നിന്റെ മുകളിലെ ഇത്തിരി ഞാന്‍ കഴിച്ചു.
‘എല്‍സി, എന്നാ ഇത്തിരി കഴിക്ക്’ എന്ന് ഞാന്‍ അവളോട് പറഞ്ഞു.
“അയ്യേ, എനിക്കൊന്നും വേണ്ട.” മുഖം ചുളിച്ച് അവള് പറഞ്ഞു.
കൂട്ടുകാരിയുടെ മുഖത്തെ ആ അറപ്പ് കണ്ടപ്പോള്‍ കഴിച്ചത് കൂടെ ശര്‍ദ്ദിക്കാന്‍ എനിക്ക് തോന്നി. പിന്നെ തൊട്ടില്ല. കാശും കൊടുത്ത് സ്ഥലം വിട്ടു. പിന്നീടൊരിക്കലും അങ്ങോട്ടേയ്ക്ക് പോയിട്ടേയില്ല.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹോട്ട് ഡോഗ് കണ്ടപ്പോള്‍ ഇതാണ് മനസ്സില്‍ ആദ്യം വന്നത്. പറഞ്ഞു പറഞ്ഞ് വളരെ ചിരിച്ചിട്ടുണ്ട്… ഇപ്പോഴും ചിരിക്കാറുണ്ട്. പക്ഷെ ‘ഹോട്ട് ഡോഗ്’ വളരെ പരിചയമുള്ള ഒന്നാണിപ്പോള്‍. ജീവിതത്തിലെ ഓരോ കാര്യങ്ങള്‍… അല്ലെ. ഇനി നിങ്ങള്‍ ഹോട്ട് ഡോഗ് കാണുമ്പോള്‍ ഇത് പോലെ ഒന്നും വിചാരിക്കണ്ട…കേട്ടോ. 🙂