പശുവോ തൊഴിയോ ഭേദം?

2010
12.18

കുടുംബത്തുള്ള വല്യമ്മച്ചിയെ  ഞങ്ങള്‍ കാണാന്‍ പോകുന്നത് ഊഴം വച്ചായിരുന്നു. കാരണമെന്തെന്നല്ലേ…അമ്മച്ചി രാവിലത്തെ പലഹാരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുമായിരുന്നു – ഒരാള്‍ക്കുള്ളത്. കുടുംബാസൂത്രണമേ ഇഷ്ടമില്ലാതിരുന്ന അച്ചാച്ചന് വീട് നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു. അമ്മ ആരുമറിയാതെ നിര്‍ത്തിയതുകൊണ്ട് ഞങ്ങളുടെ അംഗസംഖ്യ  അര ഡസനില്‍ ഒതുങ്ങി.

അന്നത്തെ ഊഴം അനിയത്തിയ്ക്കായിരുന്നു. നാലോ അഞ്ചോ വയസ്സുള്ള റിന്‍സി വീട്ടിലെയ്ക്കെന്നും പറഞ്ഞു ഒറ്റ ഓട്ടം. മറ്റാരും വരുന്നതിനു മുമ്പ് പലഹാരം അകത്താക്കാന്‍!

അവള്‍ പോയപ്പോള്‍ ‘ടെലിഫോണ്‍ രാമചന്ദ്രന്‍’ പുറകെ പോകുന്നുണ്ടായിരുന്നു. എല്ലാ പോസ്റ്റിന്‍റെ ചുവട്ടിലും ഫോണ്‍ ചെയ്യാതെ രാമചന്ദ്രന്‍ പോവുകയേ ഇല്ല. വായുവില്‍ ഡയല്‍ കറക്കി, ഫോണ്‍ ഉള്ളപോലെ കൈകള്‍ ചെവിയില്‍ വച്ച്, ഗൌരവത്തോടെ ഹല്ലോ എന്ന് പറയുന്ന രാമചന്ദ്രനെ കുട്ടികള്‍ ‘ടെലിഫോണ്‍ രാമചന്ദ്രന്‍’ എന്ന് വിളിപ്പേരിട്ടു. രാമചന്ദ്രന്‍ പൊതുവേ അങ്ങനെ ആരോടും മിണ്ടില്ലായിരുന്നു.

കുടുംബത്തില്‍ പോകുന്ന വഴിയിലൊക്കെ നിറയെ പുല്ലുള്ളതുകൊണ്ട് പശുക്കള്‍ വഴിയില്‍ കാണുന്നത് സാധാരണ മായിരുന്നു. റിന്‍സിയങ്ങനെ പോയപ്പോള്‍ അതാ നില്‍ക്കുന്നു കൊമ്പുള്ള ഒരു കറുമ്പിപ്പശു. അതിന്‍റെ നോട്ടവും ഭാവവും കണ്ടപ്പോള്‍ അവളൊന്നു പരുങ്ങി. “ഇതിന്‍റെ കുത്തു കിട്ടാതെ എങ്ങനെ ഒന്ന് പോകും?” എന്നാലോചിച്ചു നിന്നപ്പോളതാ രാമചന്ദ്രനും ഒപ്പം എത്തി.

“നീയെന്താടീ നിന്നത്” രാമചന്ദ്രന്‍ പരുക്കന്‍ ശബ്ദത്തില്‍ ചോദിച്ചു.

“എനിക്ക് പേടിയാ ഈ പശുവിനെ” അവള്‍ ദയനീയഭാവത്തില്‍ പറഞ്ഞു.

“അതൊന്നും ചെയ്യത്തില്ല. നീ പോ”. രാമചന്ദ്രന്റെ നിര്‍ദേശം വന്നു.

‘ഇയാളെന്താ പോകാത്തത്’ എന്ന് വിചാരിച്ച് അവള്‍ പിന്നെയും മടിച്ചു നിന്നു.

അവളങ്ങനെ അങ്ങോട്ടുമിങ്ങോട്ടും പോകാതെ നില്‍ക്കുന്നത് കണ്ട് രാമചന്ദ്രന്‍ “എടീ നീ പോകുന്നുണ്ടോ”? എന്നധികാര സ്വരത്തില്‍ ആരാഞ്ഞു.

“നിങ്ങള്‍ മുമ്പേ പൊയ്ക്കോ. ഞാന്‍ പയ്യെ വന്നോളാം.” എന്നവളിത്തിരി ദേഷ്യത്തില്‍ പറഞ്ഞു.

“നീ പോകില്ല അല്ലേ” എന്ന് പറഞ്ഞു അരികില്‍ വന്ന ടെലിഫോണ്‍ രാമചന്ദ്രനെ അവള്‍ തിരിഞ്ഞു നോക്കി. ‘ഇയാളുടെ മുഖമെന്താ ഇങ്ങനെ കടന്നല്‍ കുത്തിയ പോലെ’ …എന്ന് ഓര്‍ക്കുകയും ചെയ്തു.

“പ്ധും” അയാളുടെ കാലുകള്‍ ഉയര്‍ന്നത് മാത്രമേ പിന്നീട് അവള്‍ കണ്ടുള്ളൂ.മോന്ത കുത്തിയൊരു വീഴ്ച…പശുവിന്‍റെ മുമ്പില്‍. പൊതുവേ തൊട്ടാവാടിയായ അവള്‍ക്കു അത് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. പലഹാരമോ തിന്നില്ല…രാമചന്ദ്രന്‍റെ തൊഴി കിട്ടിയത് മിച്ചം. വീണിട്ടോ …മുട്ടിലെ തൊലിയും പൊട്ടി.

വലിയ വായില്‍ നിലവിളിച്ചുകൊണ്ട് ഓടി വന്ന അവളെ അമ്മ സമാധാനിപ്പിച്ചെങ്കിലും പിന്നീട് പശുവിനെക്കാളും രാമചന്ദ്രന്‍ വഴിയില്‍ നില്‍ക്കുന്നില്ലെന്നു ഉറപ്പിച്ചിട്ടെ അവള്‍ എങ്ങോട്ടെങ്കിലും പോകുമായിരുന്നുള്ളൂ.

Facebook comments:

5 Responses to “പശുവോ തൊഴിയോ ഭേദം?”

 1. Rajaneesh says:

  ഹ ഹ ഹ ചേച്ചി…കൊള്ളാം..ഞാന്‍ കുറെയേറെ ചിരിച്ചു…രാമചന്ദ്രന്‍ തൊഴിച്ചു വിഴ്ത്തിയ ആള്‍ ഇതു വായിച്ചാല്‍ എപ്പോള്‍ ചിരിക്കാന്‍ തുടങ്ങും…

 2. Madhu says:

  അമ്മ ആരുമറിയാതെ നിര്‍ത്തിയതുകൊണ്ട് ഞങ്ങളുടെ അംഗസംഖ്യ അര ഡസനില്‍ ഒതുങ്ങി…അതിഷ്ടപ്പെട്ടു ഡയ്സീ…

 3. Biju Paul says:

  നന്നായിട്ടുണ്ട്. ഈ രാമചന്ദ്രന്‍ ഇപ്പോള്‍ എവിടെയുണ്ട്? അയാളുടെ ഇന്നത്തെ അവസ്ഥ എന്ത്? അറിഞ്ഞിട്ടു കാര്യമില്ല എങ്കിലും പഴയ ഓര്‍മയിലെ ചില കഥാപാത്രങ്ങളുടെ ഇന്നത്തെ അവസ്ഥ പലപ്പോഴും ദയനീയമാണ്.

 4. Daisy-Kavalam says:

  ഹ ഹ..സന്തോഷമായി. വായനക്കാരെ ചിരിപ്പിക്കാന്‍ ഇഷ്ടമാണ്.

 5. Daisy-Kavalam says:

  അറിയില്ല ബിജു….അവരൊക്കെ വരും പോകും…എന്താ ഏതാ എന്നറിയില്ലല്ലോ.

Your Reply

Enable Google Transliteration.(To type in English, press Ctrl+g)