സിന്ദാബാദ്- ഞങ്ങള്‍ക്കും വേണം പരിപ്പുവട

2011
01.06

ഞങ്ങള്‍ സഹോദരിമാര്‍ക്ക് അച്ചാച്ചനോട് വളരെ അടുപ്പമുണ്ടായിരുന്നു.. എല്ലാവര്‍ക്കും ഒരേ പോലെ നീല ഉടുപ്പ്…ഒരേ പോലെയുള്ള മുത്തുമാല…. നാല് പേരും കുളിക്കുന്നതും കളിക്കുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. പൊട്ടിച്ചിരിക്കുന്ന അച്ചാച്ച ന്‍റെ  പ്രീതി പിടിച്ചു പറ്റാന്‍ ഞങ്ങള്‍ എപ്പോഴും മത്സരിച്ചു.  വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതേ അതിനായിരുന്നു. “ഹ ഹ അവളെ ന്‍റെ മോളാടീ” എന്നമ്മയോടു വീമ്പിളക്കുമ്പോള്‍  ഞങ്ങള്‍ അങ്ങ് പോങ്ങിപ്പോകും!

വീടി ന്‍റെ അടുത്തുള്ള ചായക്കട ‘ബെന്നിച്ച ന്‍റെ’ ചായക്കടയായിരുന്നു. അവിടുത്തെ ഏതാണ്ട് ഒരേ പ്രായമുള്ള ബെന്നിച്ചനുമായി നല്ല സൌഹൃദത്തിലാണ്. പരിപ്പുവടയൊക്കെ തിന്നാമല്ലോ എന്നതിനാല്‍ അവരുടെ വീട്ടില്‍ കളിക്കാന്‍ പോകാനും ഉത്സാഹമായിരുന്നു.

ഇപ്പോഴത്തെ പോലെ അന്നും സമരങ്ങള്‍ക്കൊന്നും ഒരു കുറവുമില്ലായിരുന്നു. കൊടിയൊക്കെ പിടിച്ചു ‘സിന്ദാബാദ്‌’ പറഞ്ഞു പോകുന്ന സമരക്കാരെ കാണാന്‍ ഞങ്ങളെപ്പോഴും മുന്‍പന്തിയിലുണ്ട്. സമരം വയ്ക്കുന്നത് എന്തെങ്കിലും കിട്ടാനാണെന്ന ബോദ്ധ്യം അന്നേയുണ്ട്‌.

മിക്ക ദിവസങ്ങളിലും എന്തെങ്കിലും ചായക്കട പലഹാരം കൊണ്ടുവരുന്നത്‌ അച്ചാച്ച ന്‍റെ പതിവായിരുന്നു. ഒരു ദിവസം വെറും കൈയോടെ വന്നപ്പോള്‍ ഞങ്ങള്‍ക്കതത്ര പിടിച്ചില്ല. പിന്നീട് വാങ്ങാമെന്ന വാഗ്ദാനത്തില്‍ ഞങ്ങളെ ഒതുക്കി. പിന്നീട് ചില ദിവസങ്ങള്‍ കടന്നു പോയി. ഒരിക്കല്‍ ഞങ്ങളിലൊരാള്‍ കളിയ്ക്കാനായി പോയ വഴിക്ക് ചായക്കടയിലെയ്ക്ക് കയറുന്ന അച്ചാച്ചനെ കണ്ടു. അവളോടി വന്നു എല്ലാവരോടും പറഞ്ഞു.

“എടീ, നമ്മുടെ അച്ചാച്ചന്‍ ദാ ചായക്കടയില്‍ ഉണ്ട്”.

“ഈ അച്ചാച്ചനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. നമുക്കും അവിടെ പോകാം. നമ്മളെ പറ്റിച്ചില്ലേ.” ഏകസ്വരത്തില്‍ തീരുമാനിച്ചു ഞങ്ങള്‍ ബെന്നിച്ച ന്‍റെ ചായക്കടയിലെയ്ക്ക് മാര്‍ച്ച് ചെയ്തു.

അവിടെ കുറെപ്പെരോക്കെ ചായ കുടിക്കുകയും പത്രം വായിക്കുകയും ചെയ്യുന്നു. ലോകകാര്യങ്ങള്‍ ഘോരഘോരമായി സംസാരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഒക്കെ മുറയ്ക്ക് നടക്കുന്നു. അവരൊക്കെ അറ്റവും മുറിയും വായിച്ചിട്ട് പറയുന്നത് കേട്ടാല്‍ വിദഗ്ദ്ധര്‍ക്ക് അത്രയും പറയാനില്ലെന്ന് തോന്നിപ്പോവും.

ഞങ്ങള്‍ ആരെയും നോക്കാന്‍ പോയില്ല. അച്ചാച്ചനെ കണ്ടതും നിരയായി നിന്ന് മുഷ്ടികള്‍ ആകാശത്തെയ്ക്ക് ഉയര്‍ത്തി പറഞ്ഞു ”സിന്ദാബാദ്‌ സിന്ദാബാദ്‌, ഞങ്ങള്‍ക്കും വേണം പരിപ്പുവട”.

എല്ലാവരും തലയുയര്‍ത്തി ഞങ്ങളെ നോക്കി. അവരുടെ ചിരികളില്‍ അച്ചാച്ചന്‍ ആകെ നാണം കെട്ടു പോയെന്നു പറയാമല്ലോ.

“ശരി ശരി മിണ്ടാതെ. ഇവിടെ വന്നിരി. നിങ്ങള്‍ എന്ത് വേണേലും വാങ്ങിച്ചോ.” അച്ചാച്ചന് എങ്ങനെയെങ്കിലും ഞങ്ങളുടെ വായടയ്ക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.

വിജയശ്രീലാളിതരായി പരിപ്പുവട തിന്നു! ‘ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയാ’ എന്ന ഭാവം മുഖത്തും!

Facebook comments:

Your Reply

Enable Google Transliteration.(To type in English, press Ctrl+g)