‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’

2011
02.08

‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ മനുവിന്‍റെ ഈ വാക്കുകള്‍ പല രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നു. നല്ലത് കാണാന്‍ സാധിക്കുന്നവര്‍ക്ക് ഇതും നന്നായി കാണാന്‍ സാധിക്കും. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന സമൂഹമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത്.

ഇന്ന് എവിടെയും ചൂട്‌ പിടിച്ച ചര്‍ച്ചകള്‍ … സ്ത്രീകള്‍ക്കൊക്കെ ചൂഷണം ചെയ്യപ്പെടുന്നതില്‍ ദേഷ്യം…ചില പുരുഷന്മാര്‍ക്ക് നാണക്കേട്, ചിലര്‍ക്ക് തങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്നതില്‍ പ്രതിഷേധം… ട്രെയിനില്‍ നിന്ന് തള്ളിയിടപ്പെട്ട പെണ്‍കുട്ടി ദാരുണമായി മരിയ്ക്കുകയും ചെയ്തു.

വിശകലനം ചെയ്‌താല്‍ പല കാരണങ്ങളും കണ്ടെത്താന്‍ സാധിക്കും. ഈ ലൈംഗികപരമായ ചൂഷണത്തിനെതിരെ നമുക്കൊക്കെ എന്തെങ്കിലും ചെയ്യാനാവുമോ?

*********************************************************

എനിക്കുണ്ടായ ഒരനുഭവം പങ്കു വയ്ക്കട്ടെ -2001 ലെ സംഭവമാണ് .

ഒരിക്കല്‍ ഒരു കല്യാണത്തിന് പോയിട്ട് ഞാനും അമ്മയും അനുജത്തിയും ബസില്‍ വരികയായിരുന്നു. ബസില്‍ നല്ല തിരക്ക്. ഞാന്‍ പുറകില്‍ ഒതുങ്ങി നിന്നു. കുറെ ആയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു – എന്റെ മുന്‍പില്‍ ഒരാള്‍ സീറ്റിലിരുന്ന പെണ്‍കുട്ടിയെ മുട്ടി മുട്ടി നില്‍ക്കുന്നു (അതിനു പല പേരുകളും കേട്ടു). ആ പെണ്‍കുട്ടിയോ… അതെല്ലാം സഹിച്ചു ഒന്നും മിണ്ടാതെ മാറി മാറി ഇരിക്കുന്നു. ഇതു കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു കേറി. അവള്‍ വല്ലതും പറഞ്ഞിരുന്നെങ്കില്‍  എന്ന് ഞാന്‍ മനസ്സിലോര്‍ത്തു.

കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ ഇറങ്ങി…അയാള്‍ പിന്നെയും അവിടെത്തന്നെ. ഏതോ ഒരു സ്ത്രീ അയാളോട് ഇറങ്ങാന്‍ നേരത്ത് മാറാന്‍ പറഞ്ഞു. ഞാനും പിന്തുണച്ചു ”സ്ഥലമുണ്ടല്ലോ…മുന്നോട്ടു മാറി നിന്ന് കൂടേ”. ‘നിന്നെ അറിയാം’ എന്ന എന്‍റെ നോട്ടവും ഭാവവും.. അവനതത്ര പിടിച്ചില്ല. എന്നെ ഓരോന്ന് പറയാന്‍ തുടങ്ങി.

“നീ കുറെ നേരമായല്ലോ ഇങ്ങനെ മുട്ടി നില്ക്കാന്‍ തുടങ്ങിയിട്ട്” എന്ന് പറഞ്ഞപ്പോള്‍- ഇങ്ങനെയുള്ളവരുടെ സ്ഥിരം ഡയലോഗ് അവനുപയോഗിച്ചു ‘മുട്ടുന്നത് ഇഷ്ടമില്ലെങ്കില്‍ നീയൊക്കെ കാറില്‍ പോടീ’.

പിന്നെ അവന്‍ വല്യ ആളാണത്രേ….നിന്നെ റോഡില്‍ കണ്ടോളാം..അതാ ഇതാ… എന്‍റെ അമ്മയെ വരെ തെറി പറഞ്ഞു. ഞാനും അത്രയ്ക്ക് വിട്ടുകൊടുക്കാന്‍ പോയില്ല. ഉരുളയ്ക്ക് ഉപ്പേരി കൊടുത്തു. തെറി പറഞ്ഞില്ല കേട്ടോ.

ഇത്രയൊക്കെയായിട്ടും കണ്ടക്ടര്‍, യാത്രക്കാര്‍, ആ പെണ്‍കുട്ടി… ഇവരൊക്കെ ഒന്നും പറയുന്നില്ല. ഒക്കെയും കേട്ട് മിണ്ടാതെയിരിക്കുന്നു. എന്‍റെ അമ്മയും മിണ്ടാതിരിക്കാനാണ് എന്നോട് പറഞ്ഞത്. ഒരാള്‍ എന്‍റെയടുത്തു വന്നു പറഞ്ഞു- ‘ഒന്ന് മിണ്ടാതിരുന്നു കൂടെ’.

ഞാന്‍ പറഞ്ഞു-“ അത് കൊള്ളാം. ആര്‍ക്കും വൃത്തികെട് കാണിക്കുന്ന ഇവനോടോക്കെ ഒന്നും പറയാനില്ല. എന്‍റെ അമ്മയെ പറഞ്ഞാലും ഞാന്‍ മിണ്ടാതിരിക്കണം. എന്താ പെണ്ണായത് കൊണ്ടാണോ”. പിന്നെ അയാളുടെ പൊടി പോലും കണ്ടില്ല.

“നിന്നെപ്പിന്നെക്കണ്ടോളാം” എന്നും പറഞ്ഞ് ഭള്ളു പറഞ്ഞവനും പോയി.

എനിയ്ക്ക് ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ ആയ അനുഭവമായിരുന്നു. എങ്കിലും ഞാന്‍ അങ്ങനെ തന്നെയേ ആയിരിക്കൂ എന്നും മനസ്സിലുറച്ചു.

***************************************************************

ഇവിടെയും ശ്രദ്ധിച്ചുവോ –സമൂഹത്തെ? പ്രതികരണശേഷിയുള്ള നമ്മുടെ സമൂഹത്തെ? ആരാണ് കുറ്റക്കാര്‍? ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിയോ അത് കണ്ടു നിന്നവരോ ഒന്നും പറയാതിരുന്നതിനാല്‍ ആ കുറ്റം അവനിലെല്‍പ്പിക്കാന്‍ എനിക്ക് സാധിച്ചില്ല.

സമൂഹം എന്ന് പറഞ്ഞാല്‍ നമ്മളോക്കെത്തന്നെയാണ്. നാമോരോരുത്തരും മാറിയാല്‍ സമൂഹവും നന്നാവും. നമ്മുടെ സമൂഹത്തില്‍ വളരെയധികം ‘മുന്‍വിധികള്‍’ ഉണ്ട്. തല കുനിച്ചു, മറുത്തൊന്നും പറയാത്ത പെണ്‍കുട്ടികളാണ് സല്സ്വഭാവികള്‍. തിരിച്ചു പറയുന്നവരൊക്കെ തലതെറിച്ചതാണ്. ‘പേരുദോഷം’ (പെണ്ണിന്‍റെ കുറ്റമല്ലെന്കില്‍ കൂടി) കേള്‍പ്പിക്കരുത്. ഉറക്കെ സംസാരിക്കരുത്- ചീത്തയാണത്രേ- പിന്നീട് ചെറുക്കനെ കിട്ടില്ല. അതുകൊണ്ടല്ലേ മാതാപിതാക്കള്‍ പോലും- തങ്ങളുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും പ്രതികരിക്കാതെ ‘ആ പോട്ടെ’ എന്ന് പറയുന്നത്? ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് പരിശുദ്ധി നഷ്ടമായോ? ഇല്ല. പക്ഷെ സമൂഹം അവളെ കുറ്റപ്പെടുത്തലിന്റെ കണ്ണോടുകൂടെയാണ് നോക്കുന്നത്. ഭാരതസ്ത്രീകള്‍ക്ക് ഭാവശുദ്ധിയാണ് വേണ്ടത്. ചൂഷണം ചെയ്യപ്പെടുന്നതില്‍ അപമാനമല്ല തോന്നേണ്ടത്…. എതിര്‍പ്പാണ്. ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് ധൈര്യമാണ് കൊടുക്കേണ്ടത്- സഹതാപവും തുറിച്ചു നോട്ടവുമല്ല.

നമ്മില്‍ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ ആകാന്‍ എത്ര പേര്‍ക്ക് ധൈര്യം ഉണ്ട്? ഒരു അനീതി കണ്ടാല്‍ എതിര്‍ത്ത് സംസാരിക്കാന്‍ സാധിക്കുമോ? സ്വയം ആലോചിക്കുക.

നമുക്കെല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങള്:

സ്ത്രീകളോട്: നിങ്ങളെയോ മറ്റൊരു സ്ത്രീയെയോ ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ദേഷ്യമാണ് തോന്നേണ്ടത്. നാണക്കേടല്ല. നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ മടിയാണെങ്കില്‍ ആര്‍ക്കു സഹായിക്കാന്‍ സാധിക്കും? ധൈര്യത്തോടെ ചെറുക്കുക. എതിര്‍ത്ത് സംസാരിക്കുക. നിങ്ങള്‍ ഒറ്റപ്പെടില്ല…മറ്റുള്ളവര്‍ ഒപ്പം നില്‍ക്കും- സുരക്ഷിതമല്ലാത്ത സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ഒഴിവാക്കുക. കൈയില്‍ അത്യാവശ്യ നേരത്തുപയോഗിക്കേണ്ട ഫോണ്‍ നമ്പറുകള്‍, സേഫ്ടി പിന്‍, ചെറിയ കത്തി (പോറാന്‍ സാധിക്കുന്ന ചെറുത്‌) ഇങ്ങനെയുള്ളവ കരുതുക. വേണ്ടപ്പോള്‍ നല്ല കുത്ത് കൊടുക്കുക, കൈയിലുള്ളതെന്തും ഉപയോഗിക്കാം. സഹായം വേണ്ടപ്പോള്‍ ഉറക്കെ സംസാരിക്കാന്‍ മടിക്കാതിരിക്കുക. പിന്നീട് എന്ത് എന്ന് ആലോചിച്ച് തല പുണ്ണാക്കരുത്. ‘വരുന്നത് വരട്ടെ’ എന്ന് വിചാരിച്ച് വേണ്ട സമയങ്ങളില്‍ വേണ്ടത് പ്രവര്‍ത്തിക്കുക.

മാതാപിതാക്കളോട്: പെണ്‍മക്കളെ ധൈര്യം കൊടുത്ത് വളര്‍ത്തുക. അവര്‍ക്ക് ‘പെണ്ണിങ്ങനെ’ എന്നതിനെക്കാള്‍ സ്വാഭിമാനത്തോടെ വളരാന്‍ അവസരം കൊടുക്കുക. എതിര്‍ത്ത് സംസാരിക്കുമ്പോള്‍ കേള്‍ക്കുക, സാവധാനം പറഞ്ഞു കൊടുക്കുക- അല്ലാതെ ‘പെണ്ണുങ്ങള്‍ മിണ്ടാതിരുന്നാല്‍ മതി’ എന്ന് പറഞ്ഞു വായടയ്ക്കാതിരിക്കുക. ആണ്‍കുട്ടി…പെണ്‍കുട്ടി എന്ന് വേര്‍തിരിച്ച് കാണാതിരിക്കുക.

പുരുഷന്മാരോട്: സ്വന്തം സഹോദരിമാര്‍ക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എന്ത് ചെയ്യണമെന്നു പറഞ്ഞു കൊടുക്കുക. സ്ത്രീകള്‍ ആരെങ്കിലും വിഷമിക്കുന്നത് കാണുമ്പോള്‍ അവരെ നോക്കി ’എന്തെങ്കിലും സഹായം വേണോ’ എന്ന് ചോദിയ്ക്കാന്‍ മടിയ്ക്കാതിരിക്കുക. ഒരാളെങ്കിലും പിന്തുണയ്ക്കുണ്ട് എന്ന് കാണുമ്പോള്‍ അവര്‍ക്കും ധൈര്യം വരും. ‘സ്ത്രീധനം’ ചോദിച്ചു, വിലപേശി വാങ്ങാതിരിക്കുക. വിവാഹം ഒരു മാര്‍ക്കറ്റ്‌-ചന്ത അല്ല.

****************************************************************

എന്‍റെ നാട്ടില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഒരു അധ്യാപകനെ നാട്ടുകാര്‍ എടുത്തിട്ട് പെരുമാറി എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

ഫിഡല്‍ കാസ്ട്രോയുടെ ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. “സാമൂഹ്യാനീതിയോടും വിവേചനത്തിനോടും അസമത്വത്തോടും ചൂഷണത്തോടും നിസ്സംഗത പുലര്‍ത്തുവരാണ് ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ മനുഷ്യര്‍.”

ക്രൂരന്മാരായ മനുഷ്യര്‍ ആണോ നമ്മള്‍? ‘അവര്‍ ചെയ്യും, ഇവര്‍ ചെയ്യും’ എന്ന് കരുതി നിസ്സംഗതയോടെ മാറി നില്‍ക്കുന്ന ഭീരുക്കളാവാതിരിക്കട്ടെ നാമോരോരുത്തരും.

പലപ്പോഴും ഇങ്ങനെ സഹായിച്ചവര്‍ക്കും തിക്താനുഭാവങ്ങള്‍ വന്നേക്കാം. പക്ഷെ  ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ ആകാന്‍ മടിക്കാതിരിക്കുക.

സമയം ഇനിയുമുണ്ട്. സ്വാഭിമാനമുള്ള, ധൈര്യമുള്ള സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാവട്ടെ നമ്മള്‍! നാമോരോരുത്തരും അതിനു വേണ്ടി പരിശ്രമിക്കുമെന്ന് ഉറച്ച തീരുമാനമെടുക്കുക. അതായിരിക്കും മരിച്ച ആ പെണ്‍കുട്ടിയ്ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം!

Facebook comments:

5 Responses to “‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’”

 1. malayali says:

  വളരെ നല്ല ഒരു ലേഘനം ആയിരുന്നു. ഒരു സ്ത്രീ പലപ്പോളും പ്രതിക്കരിക്കാത്തത് സമൂഹത്തെ പേടിച്ചു തന്നെ ആണ്. അവള്‍ പ്രതികരിച്ചാല്‍ അവര്‍ കുറ്റപ്പെടുത്തുന്നത് അവളെ ആണ്. നിനക്ക് കുറച്ചു മിണ്ടാതിരിന്നു കൂടെ എന്ന മട്ടില്‍. ഇത് മാറണമെങ്കില്‍ അവള്‍ വളര്‍ന്നു വരുമ്പോള്‍ മുതല്‍ ധൈര്യം കൊടുക്കണം എന്നുള്ളതിനെ ന്ഹന്‍ പൂര്‍ണമായും പിന്താങ്ങുന്നു.

 2. Daisy-Kavalam says:

  🙂 അതെ. നല്ല വാക്കുകള്‍ക്കു നന്ദി -മലയാളി….

 3. jebin jacob says:

  കൊള്ളാം…

 4. sushama vijayan says:

  സമൂഹത്തിനോടുള്ള കടപ്പാടിന് ഒരുപാട് നന്ദി സുഹൃത്തേ … എഴുതു… ഒരുപാട്
  എഴുതു….. എല്ലാ ഭാവുകങ്ങളും നേരുന്നു ….

 5. Daisy-Kavalam says:

  നന്ദി സുഷമാ…

Your Reply

Enable Google Transliteration.(To type in English, press Ctrl+g)