കരിമീനും നീന്തുന്ന ചൂണ്ടയും:

2011
03.11

karimeen

രുചിയുള്ള മീനുകളിലെ രാജാവ് ‘കരിമീന്‍’ തന്നെ. വെളുപ്പും കറുപ്പും വരകള്‍ ഉള്ള കരിമീനെ കാണാന്‍ തന്നെ ഒരു ശേലുണ്ട്. ഇത്രയും മനോഹരമായ മത്സ്യം വേറെ എവിടുണ്ട്? ജൂലൈ 8, 2010 ല്‍ കേരളത്തിന്‍റെ സംസ്ഥാന മത്സ്യം എന്ന ബഹുമതിയും ഈ രാജാവിന് സ്വന്തമായി. എവിടെയൊക്കെ പോയി…എന്തൊക്കെ കഴിച്ചു…എന്നാലും ആ കരിമീന്‍റെ സ്വാദ് ഒന്നിനും തന്നെയില്ല. ‘കരിമീന്‍ വറുത്തതുണ്ടോ…” എന്ന ആ ഗാനം ചുണ്ടിലില്ലാത്ത മലയാളിയുണ്ടോ? 🙂

കുട്ടനാട്ടുകാര്‍ മിക്കവാറും തന്നെ മീനില്ലാതെ ചോറിറങ്ങാത്ത കൂട്ടരാണ്. എത്രയൊക്കെ കറിയുണ്ടെങ്കിലും മീനില്ലെങ്കില്‍ ഒരു സുഖമില്ല എന്നാണവര്‍ പറയുക. കുട്ടനാട്ടുകാരിയായ എന്‍റെ അമ്മയുടെ സ്ഥിതിയും അത് തന്നെ. എത്ര പാതിരായ്ക്ക് മീന്‍ കൊണ്ട് വന്നാലും ഒട്ടും പരിഭവമില്ല. മീനിന്‍റെ കാര്യത്തില്‍ മാത്രമെയുള്ളൂന്നു മാത്രം. എങ്ങനെയെങ്കിലും… എവിടുന്നെങ്കിലും മീന്‍ ഒപ്പിക്കാന്‍ പുള്ളിക്കാരി പല വഴികളും കണ്ടെത്തും. മീന്‍ വാങ്ങിക്കാന്‍ കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ഒരു ചൂണ്ടക്കൊള്ളിയുമായിറങ്ങും. മീന്‍ പിടിക്കാന്‍ നല്ല ‘വരശു’ള്ള ആളത്രേ. ‘കൈപ്പുണ്യം’ എന്നപോലെ മീന്‍ കൈവരുന്നവര്‍ക്ക് ‘വരശു’ള്ളവര്‍  എന്നാണു വിശേഷിപ്പിക്കുക. തെങ്ങോല കൊണ്ട് കെട്ടിയ കൂടുകളില്‍ എത്രയോ മീന്‍ അമ്മ പിടിച്ചിരിക്കുന്നു…കരിമീനും. പക്ഷെ വളരെ എളുപ്പമായത് കൊണ്ട് ചൂണ്ടയിടുന്നതൊരു പതിവായിരുന്നു. ആ പച്ചമീന്‍ കറിവച്ചാലും എന്ത് രുചിയാ…ഹോ …വായില്‍ വെള്ളമൂറുന്നു. അതുകൊണ്ടായിരിക്കണം, ഗര്‍ഭകാലത്തെ എന്‍റെ ഒരിഷ്ടം മീനായിരുന്നു.

വേനല്‍ക്കാലമായാല്‍ പിന്നെ ചൂണ്ടകളുടെ ബഹളമാണ്. പീക്കിരിപ്പിള്ളേരെല്ലാം തന്നെ ചൂണ്ടകളുമായെത്തി മീന്‍ പിടിക്കും. അവരുടെ കൂട്ടത്തില്‍ ഞങ്ങളുമുണ്ടാകും. എത്രയൊക്കെ മീന്‍ പിടിച്ചാലും ഒരു കരിമീന്‍ ഉണ്ടെങ്കില്‍ അവരാണ് ജേതാവ്. ചെറിയ ‘കരിമീന്‍ പള്ളത്തി’(കരിമീന്‍ കുഞ്ഞുങ്ങളെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്) കളാണ് കിട്ടിയതെങ്കില്‍ കൂടെ വളരെ അഭിമാനത്തോടെ ‘എനിക്കിത്ര കരിമീന്‍ കിട്ടി’ എന്ന് വീരവാദം മുഴക്കാന്‍ മത്സരമാണ്. അയലത്തെ സിജിയും സിന്ധുവുമായി വഴക്ക് വരെ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് കരിമീന്‍ കിട്ടിയപ്പോള്‍ അവിടെയ്ക്ക് കല്ല് വലിച്ചെറിയുക ആയിരുന്നു അവരുടെ പണി.

പിന്നെ ചൂണ്ടയിടീലെല്ലാം കഴിഞ്ഞൊരു  കുളിയുണ്ട്. ‘മറിച്ചില്‍’ എന്ന് അമ്മയുടെ വിശേഷണം. ഏഴെട്ടു വയസ്സായപ്പോഴെയ്ക്കും എല്ലാരും തന്നെ നീന്താന്‍ പഠിച്ചു. രണ്ടു മണിക്കൂറെങ്കിലും കുളിക്കുന്നത് പതിവാണ്. അമ്മയുടെ കൈയില്‍ നിന്ന് എത്രയോ അടി കിട്ടിയിരിക്കുന്നു വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറാന്‍!

അങ്ങനെ ഒരു വേനല്‍ക്കാല സായാഹ്നം. കുളിച്ചു കഴിഞ്ഞതുകൊണ്ട് അനിയത്തിമാരും ചേച്ചിയുമൊക്കെ കുറച്ചു മാറി വാചകമടിക്കുന്നു. ആറിന്‍റെ അരികൊക്കെ കല്ല് കെട്ടി സംരക്ഷണം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. കല്‍ക്കെട്ടിന്‍റെ താഴെ ചൂണ്ടയിടുന്ന അമ്മയുടെ തൊട്ടടുത്ത്‌ ഞാനും കളിക്കുന്നു. അമ്മ ചൂണ്ടക്കോല്‍ താഴെ വച്ചിട്ട് എന്തോ എടുക്കാന്‍ മാറി. എന്തോ ശബ്ദം കേട്ട് തലയുയര്‍ത്തി ഞാന്‍ നോക്കിയപ്പോളതാ ചൂണ്ടക്കോല്‍ സ്വയം നീന്തിപ്പോകുന്നു. ‘ചൂണ്ടയില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം… അല്ലെങ്കില്‍ ഇങ്ങനെ പോകുമോ. മീനായിരിക്കും….അതോ വല്ല ആമയോ പാമ്പോ ആയിരിക്കുമോ?’ എന്‍റെ മനോഗതമതായിരുന്നു.

“ആന്‍റിയേ ചൂണ്ട പോകുന്നേ” എന്ന് ഞാന്‍ ഉറക്കെ കൂവി. (ബന്ധുവായ ഒരു ചേച്ചിയുടെ വിളി കേട്ട് അമ്മയെ ആന്‍റി എന്നാണ് ഞങ്ങള്‍ മക്കള്‍ വിളിച്ചിരുന്നത്‌. മക്കള്‍ മാത്രമല്ല മിക്ക നാട്ടുകാരും അങ്ങനെ തന്നെ.)

ഓടി വന്ന ആന്‍റി നോക്കിയപ്പോള്‍ ചൂണ്ട അകന്നകന്നു പോകുന്നു. “എടീ, കരിമീനായിരിക്കും. നീ ഒന്ന് വെള്ളത്തില്‍ എറങ്ങ്”.

“ഓ പിന്നെ. എനിക്ക് വയ്യ. റെന്‍സിയോടു പറ”. പറഞ്ഞാല്‍ കേള്‍ക്കുന്നതായുള്ള നല്ല കൊച്ച് അനിയത്തിയായ അവളായിരുന്നു.

അപ്പോഴേയ്ക്കും അവരൊക്കെ അടുത്തെത്തി. “എടീ റെന്‍സി, നീയോന്നിറങ്ങടീ”. ആന്‍റി അവളോട്‌ അപേക്ഷസ്വരത്തില്‍ പറഞ്ഞു.

തണുത്ത വെള്ളത്തിലിറങ്ങാനുള്ള മടി കൊണ്ട് ‘എനിക്ക് വയ്യ’ എന്നവളും പറഞ്ഞു. വേറെ ആരും മനസ്സുള്ളതായി കണ്ടില്ല.

എല്ലാരും കല്‍ക്കെട്ടിന്‍റെ മുകളില്‍ നിന്ന് ചൂണ്ട സ്വയം നീങ്ങുന്നത് കൌതുകത്തോടെ കാണുന്നു. താഴെ നില്‍ക്കുന്ന ഞാനും. ആന്‍റിയാണെങ്കില്‍ ചൂണ്ടയിലെ മീന്‍ പോകുന്നതിന്‍റെ വിഷമത്തില്‍ എന്ത് ചെയ്യണമെന്നു ആലോചിക്കുന്നത് പോലെ തോന്നി. ഞാനങ്ങ് രസം പിടിച്ച് ചിരിച്ചു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തോളിലൊരു കൈ. മുഖമുയര്‍ത്തിയ ഞാന്‍ കണ്ടത് ആന്‍റിയെ. അടുത്ത നിമിഷം ഞാനതാ വെള്ളത്തില്‍. തൊട്ടടുത്ത്‌ നിന്ന എന്നെ അനുവാദം നോക്കാന്‍ കാക്കാതെ കക്ഷി ഒറ്റ ഒരുന്ത്!

“ഇതെന്നാ പരിപാടിയാ കാണിച്ചത്‌” എന്നൊക്കെ പറഞ്ഞു അലറാന്‍ തോന്നി. പക്ഷെ നോക്കിയപ്പോഴേയ്ക്കും ചൂണ്ട കുറെ ദൂരം പോയിരുന്നു. ഒന്നും  പറയാനുള്ള സമയമില്ല. ‘എന്തായാലും നനഞ്ഞു, എന്നാ ശരി’ എന്ന് വിചാരിച്ചു അങ്ങ് നീന്തി ചൂണ്ടയുടെ അടുത്തെത്തി. ചൂണ്ടക്കോല്‍ ഒരു കൈയില്‍ പിടിച്ച്, ഒരു കൈ കൊണ്ട് ശബ്ദമുണ്ടാക്കാതെ തിരിച്ചു നീന്തി. പിറകിലെയ്ക്കായാണ് ചൂണ്ടക്കോല്‍ പിടിച്ചത്. ‘ആര്‍ക്കറിയാം വേറെ വല്ലതുമാണോ എന്ന്. മീനാണെന്ന് കാണാതെ പറയാന്‍ പറ്റില്ലല്ലോ’.

എല്ലാവരും ഉദ്ദ്വേഗത്തോടെ ഉറ്റു നോക്കുന്നു. അവരുടെയൊക്കെ കണ്ണ് ചൂണ്ടയിലാണ്. ഇത്രയും സാഹസികമായി  നീന്തിയ എന്നെ ആരും മൈന്‍ഡ് ചെയ്യുന്നേയില്ല. ഏതായാലും കരയുടെ അടുത്തെത്തി. ചൂണ്ടക്കോല്‍ അമ്മയുടെ കൈയില്‍ കൊടുത്തു. ആന്‍റി ചൂണ്ട വലിക്കട്ടെ എന്ന് കരുതി.

‘ഇനി വല്ല മീനാണെങ്കില്‍ ഊരിപ്പോയാലോ? ഇത്രയും കഷ്ടപ്പെട്ടത് വേറുതെയാവില്ലേ’ എന്ന് പെട്ടെന്ന് മനസ്സില്‍ ഓര്‍ത്തു.

“ആന്റീ, ഞാന്‍ വലിക്കാം” എന്ന് പറഞ്ഞ് ഞാന്‍ നൂല്‍ പതിയെ ഉയര്‍ത്തിക്കൊണ്ട് വന്നു. അവസാനമായപ്പോഴെയ്ക്കും എന്തോ ശക്തിയോടെ ഒരു പിടച്ചില്‍. വെള്ളമൊക്കെ കണ്ണില്‍ തെറിച്ചു. എല്ലാവരുടെയും ചിരി കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോഴതാ… ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ ഒരു വലിയ കരിമീന്‍!

സൂര്യനുദിച്ച പോലെ മുഖം തെളിഞ്ഞ അമ്മയുടെ-ആന്‍റിയുടെ സന്തോഷത്തില്‍ ഞാന്‍ പിന്നെയൊന്നും പറഞ്ഞില്ല. അന്ന് ഏറ്റവും വലിയ മീന്‍ കഷണം കിട്ടിയത് എനിക്കായിരുന്നു. സാധാരണ അങ്ങനെയെന്തെന്കിലും സംഭവിച്ചാല്‍ ഭൂകമ്പമുണ്ടാക്കുന്ന അനിയത്തിമാരോ ചേച്ചിയോ അന്നൊട്ട് ശബ്ദിച്ചുമില്ല. 🙂

Facebook comments:

8 Responses to “കരിമീനും നീന്തുന്ന ചൂണ്ടയും:”

 1. jazmikkutty says:

  anubhavam valare nannaayi vivarichu…

 2. Daisy-Kavalam says:

  നന്ദി ജാസ്മിക്കുട്ടീ ….

 3. കരിമീനിന്റെ കാര്യം പറഞ്ഞു വെറുതെ കൊതിപ്പിച്ചു.

 4. KUNJUBI says:

  Kaavalathu okke kallatamuttiye karimeen anennu paranju aalukale kalippikkarundo? Kollaam! foto sookshichchu nokkiyittu karimeente shape kanunnilla.. chilappol parichayakkuravu kondayirikkum ennaalum… aaLu puliyaaNallo.. kollaam, udwEgam unarththunna zaili… BhaavukangngaL…

 5. KUNJUBI says:

  കല്ലടമുട്ടിയെ കാണിച്ചു കരിമീൻ എന്നു പറഞു കള്ളുഷാപ്പിൽ കൊറ്റുക്കുന്നതു പൊലെ ഈ പടംറം എന്തിന്റെയനെന്നു ഒന്നു കൂടിറി നോക്കിയേ. എനിക്കു ഒരു സംശയം.. നല്ല ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാന രീതി. ഉഗ്രമായിരിക്കുന്നു. ഭാവുകങ്ങൾ.

 6. Daisy-Kavalam says:

  @ KUNJUBI- ഹ ഹ…കരിമീന്‍ തന്നെ. കല്ലടമുട്ടിയ്ക്ക് ഇത്രയും ശേലില്ല….രുചിയുമില്ല. നന്ദി കേട്ടോ.

 7. JAMESJOSEPH says:

  ഇതു വേമ്പനാട്ടു കായലിലെ കരിമീന്‍ ആണോ വിവരണത്തിന് നന്ദി
  ജെയിംസ്‌ ജോസഫ്‌ ആലപ്പുഴ

 8. jebin jacob says:

  ഓ…വളരെ നന്നായി…എന്താ പറയുക….അതിബയങ്കരമായി ഇഷ്ട്ടപ്പെട്ടു..

Your Reply

Enable Google Transliteration.(To type in English, press Ctrl+g)