ഒറ്റിക്കൊടുത്തവന്‍റെ ആത്മാവ്:

2011
04.20

ഇന്നാണാ ദിവസം….എന്‍റെ സ്വപ്നം സഫലമാകുന്ന ദിവസം. ഗുരുവിന്‍റെ മഹത്വം വെളിപ്പെടാനുള്ള ദിവസം. അദ്ദേഹം അധികാരം പിടിച്ചടക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. ആ അഴിമതിക്കാരെയൊക്കെ പിടിച്ച് ജയിലിലടയ്ക്കണം. അവന്‍റെയൊക്കെ മുട്ടുകാല്‍ തല്ലിയൊടിച്ച് സ്വത്ത് കണ്ടുകെട്ടി പാവങ്ങള്‍ക്ക് ദാനം ചെയ്യണം. പൊടിപടലം നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ മനസ്സെങ്ങെങ്ങോ പാറിനടക്കുന്നത് അയാളറിഞ്ഞു.

അമ്മയുടെ പിന്‍വിളി കേട്ട ഭാവം നടിക്കാതെ ഇറങ്ങി പുറപ്പെട്ട ദിവസം ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അന്നൊക്കെ മനസ്സ് എത്ര അസംതൃപ്തമായിരുന്നു. കൊള്ളയും ചതിയും സ്ഥായീഭാവമായ സമൂഹം.അധികാരമുള്ളവന്‍ ഇല്ലാത്തവനെ അടിച്ചമര്‍ത്തുമ്പോള്‍ മനസ്സിലെന്നും അമര്ഷമായിരുന്നു. ചെറുപ്പത്തില്‍ പട്ടിണിയുമായി കഴിയുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ശകാരവും പരിഹാസവും സഹിക്കുമ്പോള്‍ എനിക്കും ഒരു ദിവസം വരണെ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സിലെന്നും. മാറ്റത്തിന്‍റെ ശംഖൊലി എന്നെങ്കിലും മുഴങ്ങുമ്പോള്‍ മുമ്പില്‍ താനുണ്ടായിരിക്കുമെന്നു അന്നേ പ്രതിജ്ഞയെടുത്തു. അപ്പോഴാണ്‌ അടിച്ചമര്‍ത്തപ്പെട്ടവന് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഗുരുവെത്തിയത്. ഇതു തന്നെ അവസരമെന്ന് കരുതി പിന്നാലെ പുറപ്പെടുമ്പോള്‍ രണ്ടാമതൊന്നു ചിന്തിച്ചില്ല.

“എല്ലാം ശരിയാണല്ലോ അല്ലെ. അവസാനം താന്‍ കാലു മാറരുത്.” പ്രധാനപുരോഹിതന്‍റെ ശബ്ദം എവിടെ നിന്നോ മുഴങ്ങുന്ന പോലെ തോന്നി. അവരുടെ സങ്കേതത്തിലെത്തിപ്പെട്ടതും അറിഞ്ഞില്ലേ? എവിടെ നിന്നൊക്കെയോ കേള്‍ക്കുന്ന ശബ്ദങ്ങള്‍ പിന്തുടരുന്ന പോലെ.

‘ഗുരുവിനെ കാണിച്ചു കൊടുത്താല്‍ മുപ്പത് വെള്ളിനാണയങ്ങള്‍ തരാമെന്ന്… സമ്മതിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ?’ അയാള്‍ ഉറക്കെ ചിന്തിച്ചു. മൂന്ന്‌ വര്‍ഷമായി നിഴലു പോലെ പിന്തുടരുന്നു. എത്രയെത്ര അത്ഭുതങ്ങള്‍. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിച്ചതും കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതും ആദ്യമൊക്കെ ഉള്‍ക്കൊള്ളാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ വരാനിരിക്കുന്ന രക്ഷകന്‍…രാജാവ് ഗുരു തന്നെ എന്നറിഞ്ഞപ്പോള്‍ അതില്‍ പ്രത്യേകതയൊന്നും തോന്നിയില്ല.

പക്ഷെ ഇത്രയും അത്ഭുതസിദ്ധികളുള്ള ഈ ഗുരു രാജാവാകാന്‍ താമസിക്കുന്നതെന്തെന്നാണ് അറിയാഞ്ഞത്. കഴിഞ്ഞ ദിവസം കഴുതപ്പുരത്തേറി വന്ന അദ്ദേഹത്തെ എത്ര പേരാണ് എതിരേറ്റത്. അവരുടെ ആരവങ്ങള്‍ മനസ്സ് കുളിര്‍പ്പിച്ചു. അന്നാണീ തീരുമാനമെടുത്തത്- ഗുരുവിനെ കാട്ടിക്കൊടുക്കാന്‍. സ്വയം ഒരു മുന്നേറ്റം നടത്തി രാജാവാകാന്‍ അദ്ദേഹമൊരിക്കലും തയാറാകില്ല, അങ്ങനെ മുന്നേറ്റം നടത്താന്‍ ധൈര്യമുള്ളവരും ഗുരുവിന്‍റെ കൂടെയില്ല. അഴിമതി മുഖമുദ്രയായ ശത്രുക്കള്‍  ആക്രമിക്കുമ്പോള്‍ തീര്‍ച്ചയായും ഗുരു എതിര്‍ക്കാതിരിക്കില്ല. അന്നാ ദേവാലയത്തിലെ കച്ചവടക്കാരെ അടിച്ചോടിക്കാന്‍ മടിക്കാത്ത ആളല്ലേ. ആരവം മുഴക്കിയ ജനങ്ങള്‍ എല്ലാം തന്നെ ഗുരുവിന്‍റെ പക്ഷമായിരിക്കും. പിന്നെയോ- ഒറ്റയടിയ്ക്ക് എല്ലാ ശത്രുക്കളെയും തകര്‍ക്കാന്‍ പ്രാപ്തമായ സ്വര്‍ഗത്തിലെ സൈന്യനിരകള്‍ അപകടസമയത്ത് ഗുരുവിന്‍റെ ഒപ്പമുണ്ടാവും, സഹായത്തിനുള്ള വിളി കേള്‍ക്കുമ്പോള്‍.

ഗുരുവിന്‍റെ രാജ്യത്തില്‍ ആരിടതുവശത്തും വലതുവശത്തും നില്‍ക്കുമെന്നുള്ള കൂട്ടുകാരുടെ അവകാശവാദം ഇപ്പോഴുമോര്‍ക്കുന്നു. തനിക്കതൊന്നും വേണ്ട. താനനുഭവിച്ചതുപോലെ ദാരിദ്ര്യം മറ്റാരുമനുഭവിക്കരുത്- അത്രേയുള്ളൂ. അതിന് ഗുരു തന്നെ രാജാവാകണം. അതിനു യോഗ്യതയുള്ള ഒരേ ഒരാള്‍! പിന്നെ ഈ പണം പാവപ്പെട്ടവര്‍ക്ക് കൊടുക്കാം.

“ഇയാളെന്താ ഒന്നും മിണ്ടാത്തത്” പ്രധാന പുരോഹിതന്‍ വീണ്ടും ചോദിച്ചു.

“ഞാനാരെയാണോ ആലിംഗനം ചെയ്യുന്നത്, അദ്ദേഹമാണെന്‍റെ ഗുരു”. അയാളുറച്ച ശബ്ദത്തില്‍ പറഞ്ഞു.

തിരിച്ചു വരുമ്പോഴാണോര്‍ത്തത് ഇന്നാണല്ലോ വിരുന്നെന്ന്….’രാജാവിന്‍റെ വിരുന്ന്’ അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

**********************

ഗത്സമേനിയിലെ ആ തോട്ടത്തില്‍ ഗുരു ഇന്നുണ്ടാവും. ഗുരുവിന് പ്രാര്‍ത്ഥിക്കാന്‍ ഏറെയിഷ്ടമുള്ള അവിടം എത്ര മനോഹരമാണ്. പൂക്കളും കിളികളും നിറഞ്ഞ അവിടെ എത്രയിരുന്നാലും മതി വരില്ല. ഇന്നാ വിരുന്നിനിടയില്‍ തന്നെ ഒറ്റിക്കൊടുക്കുന്നവനെക്കുറിച്ച് ഗുരു പറഞ്ഞപ്പോള്‍ ‘അത് ഞാനല്ലല്ലോ ഗുരോ’ എന്നായി താന്‍. തനിക്കെങ്ങനെ ഒറ്റിക്കൊടുക്കാന്‍ സാധിക്കും തന്‍റെ പ്രിയപ്പെട്ട ഗുരുവിനെ?… ഇതു ചൂണ്ടിക്കാണിക്കലല്ലേ രാജാവാകേണ്ടയാളെ?

‘അത് നീ പറഞ്ഞു കഴിഞ്ഞു ‘ എന്ന് പറഞ്ഞപ്പോള്‍ തന്‍റെ മനോഗതം ഗുരുവറിഞ്ഞെന്ന് തോന്നി.

പിന്നീട് ഒട്ടും തന്നെ താമസിച്ചില്ല. പടയാളികളെയും കൂട്ടി ഗത്സമേനിയിലെത്തിയപ്പോള്‍ ഗുരുവിനെ ദൂരെനിന്നെ കണ്ടു. “ഗുരോ, സ്വസ്തി”, എന്ന് പറഞ്ഞ് ആലിംഗനം ചെയ്തപ്പോള്‍ ‘ഗുരുവേ – നിന്‍റെ സമയം സമാഗതമായി’ എന്ന് വിളിച്ചു കൂവാന്‍ തോന്നി. പക്ഷെ ആ മുഖത്തെന്തേ വേദന തിങ്ങി നിന്നത്? അയാള്‍ ഒരു നിമിഷം പകച്ചു.  തിരിഞ്ഞു നോക്കിയപ്പോള്‍ ഭടന്മാര്‍ അടുത്തുവരുന്നു… ഗുരുവിനെ ബന്ധിക്കുന്നു…. അവരെ തടുത്ത കൂട്ടുകാരെ ഗുരു തന്നെ തടയുന്നു.

‘ഗുരുവേ, നിന്‍റെ സൈന്യനിരയെ വിളിക്കൂ’ അയാള്‍ക്കലറാന്‍ തോന്നി. അവരതാ ഒരു കുറ്റവാളിയെപ്പോലെ അദ്ദേഹത്തെ കൊണ്ടുപോകുന്നു. എന്തേ എങ്ങനെയൊക്കെ? ഇങ്ങനെയല്ലല്ലോ ഞാന്‍ പ്രതീക്ഷിച്ചത്? അയാള്‍ മുഖം പൊത്തി നിലത്തിരുന്നു.

പ്രധാനപുരോഹിതന്‍ മുപ്പത് വെള്ളിനാണയങ്ങള്‍ മടിയിലെയ്ക്കിട്ടിട്ടു വിജയശ്രീലാളിതനെപ്പോലെ നടന്നകന്നു പോയി.

കണ്ണിലിരുട്ടു കയറുന്ന പോലെ….ചുറ്റുമുള്ളതൊക്കെ കറങ്ങുന്ന പോലെ… പിന്നീടൊന്നും ഓര്‍മ്മയില്ലല്ലോ.

****************

“യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാനാണ് അധികാരികള്‍ വിധിച്ചത്.” ആരുടെയോ പിറുപിറുക്കലുകള്‍ അയാളുടെ കാതില്‍ വന്നലച്ചു. കണ്ണുതുറന്നു നോക്കിയപ്പോള്‍ വഴിയില്‍ പതിവിലധികം ആളുകള്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു. തളര്‍ന്നു വീണുറങ്ങിയതറിഞ്ഞില്ലല്ലോ. മടിയിലെ നാണയങ്ങള്‍ തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.

ചിരിക്കട്ടെ….അതെ എല്ലാവരും ശപിക്കട്ടെ…ഗുരുവിനെ ഒറ്റിക്കൊടുത്ത ചതിയനായിട്ട്! കണ്ണീര്‍ അയാളുടെ മുഖം നനച്ചു.

പക്ഷെ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? എന്‍റെ സ്വപ്‌നങ്ങള്‍ സഫലമാവാന്‍, ഗുരുവിന് വേണ്ടി തീരുമാനമെടുത്തതോ? സ്നേഹിക്കുന്നവരെ അവരര്‍ഹിക്കുന്ന വഴിയിലൂടെ നടത്തിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണോ? ഞാന്‍ പ്രതീക്ഷിക്കുന്നതുപോലെ എല്ലാം നടക്കുമെന്ന് കരുതിയതോ? അതോ ധര്‍മ്മം നടപ്പാകാന്‍ ബലപ്രയോഗം തന്നെ ശരണം എന്ന് കരുതിയതോ? ഏതാണെന്‍റെ തെറ്റ്….പറയൂ? നിലത്ത് നിന്ന് പൂഴി ശക്തിയായി വാറിയെരിഞ്ഞു അയാള്‍ പിറുപിറുത്തു.

എഴുന്നേറ്റ് നടന്നെത്തിയത് പണം തന്ന പുരോഹിതരുടെയടുത്തായിരുന്നു.

“ഇതാ നിങ്ങള്‍ തന്ന പണം. എനിക്കിത് വേണ്ടാ’ രോഷത്തോടെ അയാളത് അവരുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു.

“നിന്നെക്കൊണ്ട് കുറെയെങ്കിലും ഗുണമുണ്ടായി. കാത്തുകാത്തിരുന്ന യേശുവിനെ ഇത്ര എളുപ്പത്തില്‍ പിടിക്കാമെന്ന് വിചാരിച്ചതേയില്ല. അതും അവന്‍റെ ശിഷ്യനാല്‍ തന്നെ ചതിയ്ക്കപ്പെട്ടു….ഹ ഹ ” പുരോഹിതര്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. കൂടെയുണ്ടായിരുന്ന പടയാളികളും അയാളെ നോക്കി ആര്‍ത്തട്ടഹസിച്ചു.

കുപിതനായ അയാള്‍ പണം തന്ന പുരോഹിതന്‍റെയത്തേയ്ക്ക് പാഞ്ഞെത്തി, അയാളുടെ കുപ്പായത്തില്‍ പിടിച്ചു ശക്തിയായി കുലുക്കി. “എന്നെക്കൊണ്ട് എന്തിനിത് ചെയ്യിച്ചു. നിന്നെ ഞാന്‍…” പടയാളികള്‍ പെട്ടെന്ന് അയാളെ പിടിച്ചുമാറ്റി മര്‍ദ്ദിച്ചു.

“എടാ ഇനി നീ ഈ വഴി മേലാല്‍ വന്നേക്കരുത്. കൊല്ലാനും ഞങ്ങള്‍ മടിക്കില്ല. പോടാ..പോ” അവര്‍ അയാളെ ആട്ടിയോടിച്ചു.

അവശനായി വഴിയില്‍ അയാള്‍ നിന്നു… ഇനിയെന്ത് ചെയ്യണമെന്നറിയാതെ.

“വിശക്കുന്നു. വല്ലതും തരണെ” ദയനീയഭാവത്തോടെ ഒരു കുട്ടി അയാളുടെ മുന്നില്‍ വന്നു കൈ നീട്ടി.

ശൂന്യമായ കൈകളിലും ആ കുട്ടിയുടെ കണ്ണുകളിലും അയാള്‍ മാറി മാറി നോക്കി.

എവിടെയൊക്കെയോ രോദനങ്ങള്‍…ചുറ്റിനും കുറ്റപ്പെടുത്തുന്ന മുഖങ്ങള്‍ … അയാള്‍ കൈ തലയില്‍ വച്ചുറക്കെയലറി . “ഞാന്‍ ചതിയ്ക്കപ്പെട്ടു… എന്നെ എന്തെ ആരും മനസ്സിലാക്കാത്തത്. ഒറ്റിക്കൊടുത്തവന്‍ എന്ന് പറയുന്നവരറിയുന്നില്ലല്ലോ വഞ്ചിക്കപ്പെട്ടവരില്‍ ഞാനുമുണ്ടെന്ന്. സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ച ഈ ഭൂമിയില്‍ എനിക്ക് എന്തിനാണീ ജീവിതം.”

ആ കുട്ടി പേടിച്ച് ഓടിയകന്നു. അയാള്‍ മുട്ടുകുത്തി നിലത്തിരുന്നു. ‘ഗുരുവിന് എന്നെ മനസ്സിലായോ? അദ്ദേഹത്തെ എന്നും സ്നേഹിച്ചിട്ടെ ഉള്ളൂ. ആ അപാരമായ കഴിവുകളില്‍ അതിര് കവിഞ്ഞ ആത്മവിശ്വാസമായിരുന്നു. പറഞ്ഞതെല്ലാം മനസിലായില്ലെങ്കിലും ആരാധനയായിരുന്നു മനസ്സിലെന്നും. എന്‍റെ ആ ഗുരു എത്രയേറെ അപമാനവും വേദനയും സഹിക്കണം…ഓ ദൈവമേ …” ധാര ധാരയായോഴുകുന്ന കണ്ണീരില്‍ അയാള്‍ക്കൊന്നും കാണാന്‍ സാധിച്ചില്ല..

എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു.  നഗരത്തിനു പുറത്തുള്ള കാട്ടിലാണെത്തിപ്പെട്ടത്‌. കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ അവിടം വിജനമായിരുന്നു. തടികളും മറ്റും വലിക്കാനുള്ള കയര്‍ അവിടെയുമിവിടെയും കാണാമായിരുന്നു.

“എന്നെ വിധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. അധികാരമുള്ളവന്‍ കുറ്റമല്ലാത്ത എന്‍റെ തെറ്റിന് മാപ്പ് തരുമെന്നുമറിയാം. പക്ഷെ….ഗുരുവിന്‍റെ സ്നേഹത്തോട് തെറ്റാണ് ചെയ്തത്. മാപ്പര്‍ഹിക്കാത്ത കുറ്റം.” അയാള്‍ തേങ്ങി. ‘സ്നേഹം ബലപ്രയോഗമല്ലല്ലോ…. അടിച്ചേല്‍പ്പിക്കലല്ലല്ലോ. സ്നേഹത്തെ തന്നെയല്ലേ വഞ്ചിച്ചത്? എനിക്ക് മാപ്പില്ല. ഞാന്‍ എനിക്ക് മാപ്പ് കൊടുക്കാന്‍ അനുവദിക്കില്ല. ‘യൂദാസ്’ ഗതി കിട്ടാത്ത ആത്മാവായി എന്നും അലയട്ടെ.” അയാള്‍ ഉറക്കെയുറക്കെയലറിപ്പറഞ്ഞു.

ഉറച്ച കാല്‍വയ്പോടെ അകലെയുള്ള മരത്തിന്നരികിലെയ്ക്ക് അയാള്‍ നടന്നു. കിളികള്‍ ചിലയ്ക്കാന്‍ മറന്ന പോലെ…വണ്ടുകള്‍ മൂളാന്‍ മറന്ന പോലെ….കാറ്റു വീശാന്‍ മറന്ന പോലെ…അവിടമെങ്ങും മൂകതയായിരുന്നു.  അയാളുടെ കാലടികളിലമര്‍ന്ന മണല്‍ത്തരികളിലും വേദന പടര്‍ന്നിട്ടുണ്ടാവണം.

Facebook comments:

4 Responses to “ഒറ്റിക്കൊടുത്തവന്‍റെ ആത്മാവ്:”

 1. sandeep.a.k says:

  നന്നായിരിക്കുന്നു ഡേയ്സി ചേച്ചി.. ഒറ്റികൊടുത്തവന്റെ മനോവികാരങ്ങള്‍ വളരെ വൈകാരികമായി എഴുതിയിരിക്കുന്നു.. യൂദാസിന് മാപ്പ് കൊടുക്കുന്നുണ്ട് യേശു.. ബൈബിളിലെ ആ ഭാഗം ഈ കഥയില്‍ വരാതെ പോയി.. മനപൂര്‍വ്വമോ അത്.. ?? എന്നിട്ടും നമുക്ക് യൂദാസിനെ ന്യയികരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു ഈ കഥയില്‍.. അത് ഒരു പരിതി വരെ ഭംഗിയായി ചെയ്തിട്ടുമുണ്ട്..

 2. A Man says:

  പുതിയ ഒരു കാഴ്ച്ചപാടാണ് ..നന്നായി .
  ആശംസകള്‍

 3. Daisy-Kavalam says:

  സന്ദീപ്‌, നല്ല വാക്കുകള്‍ക്ക് നന്ദി. യേശുവിന്‍റെ കൂടെ മൂന്ന് വര്‍ഷം കൂടെ ശിഷ്യനായി ഉണ്ടായിരുന്ന ആളായിരുന്നു യുദാസ്. യൂദാസ്‌ ഒറ്റിക്കൊടുക്കുന്ന ഭാഗം കഴിഞ്ഞ് … സംഭവിച്ചതെല്ലാം കണ്ടു തൂങ്ങി മരിച്ചു…എന്നേ ബൈബിളില്‍ ഉള്ളൂ. പത്രോസ് എന്ന ശിഷ്യനും ഗുരുവിനെ തള്ളിപ്പറഞ്ഞു..പക്ഷേ ക്ഷമ കിട്ടുമെന്നുള്ള വിശ്വാസം ഉള്ളതിനാല്‍ മനസ്തപിച്ച പത്രോസ് പിന്നീട് തലവന്‍ ആയി. യൂദാസിനെ ‘ഒറ്റിക്കൊടുത്തവന്‍’ ആയിട്ടാണ് ബൈബിള്‍ കാണുന്നത്….മനുഷ്യരും. യേശു മാപ്പ് കൊടുക്കുന്നതായി പറയുന്നത് കുരിശിന്‍റെ വലതുവശത്ത് ഉണ്ടായിരുന്ന നല്ല കള്ളനോടാണ്.

 4. jebin jacob says:

  ഒരു വടക്കന്‍ വീരഘാഥയുടെ ബൈബിള്‍ വെര്‍ഷന്‍…പക്ഷെ നല്ല എഴുത്ത് കേട്ടോ…ചേച്ചിയുടെ പല ബ്ലോഗുകളും എനിക്ക് വളരെ ഇഷ്ട്ടം ആണ്…

Your Reply

Enable Google Transliteration.(To type in English, press Ctrl+g)