മലയാളഭാഷയെ സ്നേഹിക്കുക:

2011
06.04

ഇപ്പോള്‍ ഇംഗ്ലീഷ് പറയുന്നതും പഠിപ്പിക്കുന്നതും സര്‍വസാധാരണം. അറിവിന്‍റെ പല മേഖലകളില്‍ സഞ്ചരിക്കാന്‍ ഇംഗ്ലീഷ് കൂടിയേ കഴിയൂ. പക്ഷെ മലയാളിയെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം…അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കണം. മലയാളം അറിയുന്നവനാണ് മലയാളി. മലയാളമറിയാത്ത കേരളത്തിലുള്ളവര്‍…. അല്ലെങ്കില്‍ ജനിച്ചവര്‍….കേരളീയരെ ആകുന്നുള്ളൂ… മലയാളി ആകുന്നില്ല. മലയാളത്തിന്‍റെ നാട്ടില്‍ ജീവിക്കുമ്പോള്‍ മലയാളം പഠിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴെങ്കിലും പഠിക്കുമോ?

വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിതമാക്കുന്നത് നല്ലത് തന്നെ. പക്ഷെ അത് ലോകഭാഷയായ ഇംഗ്ലീഷിനെ മാറ്റി നിര്‍ത്തിക്കൊണ്ടാവരുത്. സ്കൂളുകളില്‍ എല്ലാം മലയാളം ആക്കുന്നതില്‍ പരിമിതികളുണ്ട്. ശാസ്ത്രങ്ങളിലെ പല വാക്കുകള്‍ മലയാളത്തില്‍ ഉപയോഗത്തിലില്ല. ഉപയോഗിക്കാനും വളരെ ആവശ്യമുണ്ടാകുന്നില്ല. ഇന്‍റര്‍നെറ്റ്‌ വഴി വിവരങ്ങള്‍ കൈത്തുമ്പില്‍ ലഭ്യമാകുന്നത് കൊണ്ട് ഇംഗ്ലീഷ് പഠിക്കുന്നതും ആവശ്യം തന്നെ. ഇംഗ്ലീഷ് ആണ്‌ നല്ലത് …മലയാളമാണ് നല്ലത് എന്ന് വേര്‍തിരിക്കാനാവില്ല. മലയാളവും ഇംഗ്ലീഷും ഉപയോഗിച്ചുള്ള സമീപനമായിരിക്കും നല്ലത്.

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് പഠിക്കൂ എന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ മലയാളം മീഡിയം സ്കൂളില്‍ പഠിക്കാന്‍ ആളില്ലാതാകുന്നു. ഞാന്‍ മലയാളം സ്കൂളില്‍ ആണ് പഠിച്ചത്. ഇപ്പോള്‍ ഇംഗ്ലീഷും മലയാളവും ഒരുവിധം അറിയാം. മലയാളം മീഡിയത്തില്‍ പഠിച്ചാല്‍ മാത്രമേ മലയാളം പഠിക്കൂ എന്നുമില്ല. നമ്മുടെ ചില വളരെ നല്ല എഴുത്തുകാര്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരും ഉണ്ട്.

വായിക്കുന്തോറും അറിവ് വര്‍ദ്ധിക്കുന്നു. സംസാരിക്കുന്തോറും അതിലുള്ള അവഗാഹം വര്‍ദ്ധിക്കുന്നു. മലയാളികള്‍ മിക്കവര്‍ക്കും ഇംഗ്ലീഷ് അറിയാം… അതുപയോഗിക്കാന്‍ സങ്കോചപ്പെടുന്നു. അത് മനസ്സിന്‍റെ മാത്രം പ്രശ്നമാണ്. ….തെറ്റുമെന്നുള്ള ഭയം മാത്രം. മലയാളവും ഇംഗ്ലീഷും ഒത്തുപോകുന്നതിന് വളരെ പ്രയാസമൊന്നുമില്ല. രണ്ടും പഠിക്കാം …പരിശ്രമിക്കണമെന്ന് മാത്രം. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍ മലയാളം വളരെയേറെ വായിക്കുക….മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ കൂടുതല്‍ ഇംഗ്ലീഷ് വായിക്കുക.

ഭാഷയും സംസ്കാരവുമായി വളരെയേറെ ബന്ധമുണ്ടെന്നാണ് ഭാഷാവിദഗ്ദ്ധരായ നരവംശ ശാസ്ത്രജ്ഞര്‍ (Linguistic Anthropologists) പറയുന്നത്. ഓരോ സമൂഹത്തിലെയും സംസ്കാരവും സാഹിത്യവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. പ്രത്യേകിച്ച് പലയിടത്തെയും സംസാര ഭാഷയില്‍ (colloquial language) അവരുടെ സ്നേഹവും സംസ്കാരവും വേറിട്ട്‌ കാണാം. അതുകൊണ്ട് തന്നെ കേരളീയ സംസ്കാരം അറിയണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം…. വായിക്കണം. അതിന് നിര്‍ബന്ധത്തെക്കാള്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലത്. വായനയിലൂടെയാണ് അത് സാധിക്കുക. ബാല്യത്തിലെ പാട്ടുകള്‍ സ്നേഹത്തോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കുമോ?

സ്കൂളുകളില്‍ വായിക്കുന്നത് പഠിക്കുന്നതിന്റെ ഭാഗമാകണം . സിലബസ്‌ അനുസരിച്ചല്ലാതെ സ്വതന്ത്രമായ സമീപനമാണ് ഇവിടെ വേണ്ടത്. ഒരു നല്ല ലൈബ്രറി ഉള്ള എത്ര സ്കൂളുകള്‍ കേരളത്തിലുണ്ട്?

അമേരിക്കയില്‍ വായിക്കുന്നതിന് വളരെയേറെ പ്രോത്സാഹനമാണ് നല്‍കുന്നത്. വളരെ ചെറിയ പ്രായത്തിലെ….ആറു മാസം മുതലേ ചിത്രങ്ങളുള്ള ബുക്കുകള്‍ വായിച്ചു കൊടുക്കാനാണ് നിര്‍ദ്ദേശം. എല്ലാ ദിവസവും കിടക്കുന്നതിന് മുന്‍പ് ഒരു കഥ വായിച്ചു കൊടുക്കുന്നത് പതിവാക്കുന്നത് അവരുടെ ബുദ്ധി വികാസത്തിന് വളരെയേറെ പ്രയോജനകരമത്രേ. മുതിര്‍ന്ന കുട്ടികള്‍ക്ക് സ്കൂളുകളില്‍ വായനയ്ക്കായി ഉള്ള ഒരു പ്രോഗ്രാം ആണ് ‘Accelerated Reader’.

കൂടുതല്‍ വായിക്കുക. http://en.wikipedia.org/wiki/Accelerated_Reader

പുസ്തകങ്ങള്‍ ഓരോ വിഭാഗങ്ങളായി തിരിക്കുന്നു. എളുപ്പമുള്ളത് തുടങ്ങി പല ഘട്ടങ്ങളിലായി വിഭജിക്കുന്നു. 1.0 – 1.3 യില്‍ എളുപ്പമുള്ള 5 പുസ്തകങ്ങള്‍…ഓരോന്നിനും 5 ചോദ്യങ്ങള്‍. അടുത്ത ഘട്ടം 1.3 – 1.6… അവിടെ ചിലപ്പോള്‍ ഏഴ് പുസ്തകങ്ങളാവാം. കുട്ടി ഒരു പുസ്തകം വായിച്ച്, പരീക്ഷ ജയിച്ച് അടുത്തതിലെയ്ക്ക് കടക്കുന്നു. ഓരോ കുട്ടിയുടെയും അഭിരുചി അനുസരിച്ച് അവര്‍ക്ക് മുന്നേറാം. വായിക്കാന്‍ എത്ര ദിവസം വേണമെങ്കിലും എടുക്കാം. ഓരോ ക്ലാസ്സിന് എന്നല്ല….ഓരോ കുട്ടിയ്ക്ക് എന്നാണ്. പുസ്തകം വായിച്ച് അതിന് ഉള്ള പരീക്ഷയില്‍ ജയിക്കണം. ഇവര്‍ക്ക് അതിനായി സോഫ്റ്റ്‌വെയര്‍ ഉണ്ട്. ലൈബ്രറികളില്‍ ഈ ഘട്ടങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ കാണാം.

കേരളത്തിലെ സ്കൂളുകളില്‍ മലയാളത്തിന് ഇങ്ങനെ ഒരു പദ്ധതിയാണ് വേണ്ടത്. ശാസ്ത്രത്തിലെ കടുകട്ടിയുള്ള മലയാള വിവര്‍ത്തനം കാണാപ്പാഠം പഠിക്കുന്നതിനെക്കാള്‍, മലയാളത്തെ സ്നേഹിക്കാനാണ് അവസരം കൊടുക്കേണ്ടത്. നല്ല സംസ്കാരമുള്ളവരാകാന്‍…മലയാളത്തെ സ്നേഹിക്കാന്‍ വായിക്കുന്നതിനേക്കാള്‍ നല്ല മാര്‍ഗം വേറെയില്ല. ഓരോ സ്കൂളിനും വിപുലമായ പുസ്തകശേഖരം ഉണ്ടായിരിക്കണം. ഉള്ള പുസ്തകങ്ങള്‍ വായിക്കാനുള്ള എളുപ്പമനുസരിച്ച് വേര്‍തിരിക്കണം. ഓരോ ക്ലാസിലെയും അധ്യാപകര്‍ ഓരോ കുട്ടിയ്ക്കും പുസ്തകങ്ങള്‍ കൊടുക്കണം. വായിക്കുന്നത് ഒരു ഹോം വര്‍ക്ക്‌ ആയിരിക്കണം. സോഫ്റ്റ്‌വെയര്‍ ഒന്നും ഇല്ലെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ വളരെ പ്രയാസമൊന്നുമില്ല. വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് ഇങ്ങനെ എന്തെങ്കിലും നടപ്പാക്കാന്‍ സാധിച്ചാല്‍ മലയാളത്തിന്‍റെ വളര്‍ച്ചയ്ക്ക് അത് വളരെ സഹായകമാവും.

കേരളത്തില്‍ കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ വളരെ കുറവാണ്. പ്രസിദ്ധീകരണങ്ങളെ ഉള്ളൂ. വളരെ ചെറിയ കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കാണാനാണ് താല്പര്യം.

മാതാപിതാക്കള്‍ കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കണം. വായിച്ച് സ്വയം മനസ്സിലാക്കുന്നത് ഉപദേശത്തെക്കാള്‍ ഗുണം ചെയ്യും. ചെറിയ കുട്ടികള്‍ മറ്റു ഭാഷ നന്നായി പഠിക്കും. വലുതാകുന്തോറും ഈ കഴിവ് കുറഞ്ഞു വരും. കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അനുഗ്രഹം-അവര്‍ മലയാളം സംസാരിക്കുന്നയിടത്താണുള്ളത് എന്നതാണ്. കുട്ടികള്‍ ഏതു സ്കൂളില്‍, ഏതു മീഡിയത്തില്‍ പഠിച്ചാലും മലയാളത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കണം. നിറയെ കഥകളും പുസ്തകങ്ങളും വായിക്കാന്‍ അവസരം കൊടുക്കണം. വായിക്കുന്തോറും അവരുടെ മനസ്സാണ് വളരുന്നത്… ആത്മവിശ്വാസമാണ് വര്‍ദ്ധിക്കുന്നത്. ലോകത്തെ പുതിയ കണ്ണുകളിലൂടെ കാണാന്‍ അവര്‍ക്ക് സാധിക്കും. ജീവിതത്തില്‍ വിജയിക്കാന്‍ വളരെയേറെ പ്രയോജനപ്പെടും.

ഇതു മാത്രമല്ല… മറവിരോഗങ്ങള്‍ (Alzheimer’s) വരാതിരിക്കാന്‍ തലച്ചോറിനെ ഉപയോഗിക്കുന്നത് സഹായകരമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മറ്റൊരു ഭാഷയിലുള്ള അറിവ് വളരെ പ്രയോജനമത്രേ.

മലയാളത്തെ സ്നേഹിക്കുന്നവര്‍ എനിക്ക് എന്ത് ചെയ്യാനാവും എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍…

1. അയല്‍ക്കൂട്ടങ്ങള്‍ പോലെ വായനക്കൂട്ടങ്ങളും ഉണ്ടാകണം. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കൂടാമല്ലോ. അമ്മൂമ്മക്കഥകള്‍ കേള്‍ക്കാന്‍ നമുക്കൊക്കെ എത്ര താല്പര്യമായിരുന്നു…അതുപോലെ ഓരോ കഥകള്‍ ചെറിയ കുട്ടികളെ വായിച്ചു കേള്‍പ്പിക്കുക. കുട്ടികളെ ചെറിയ കഥകള്‍ സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുക…അവരുടെതായ ചിത്രങ്ങളും വരയ്ക്കട്ടെ…അത് എല്ലാവരെയും കാണിച്ചു ഉറക്കെ വായിച്ചു കേള്‍പ്പിക്കുക.

2. ഓരോ പഞ്ചായത്തുകളില്‍ വായനശാലകള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുക. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോട് സഹായം ആവശ്യപ്പെടുക.

3. നാട്ടില്‍ നിന്ന് അകന്നു നില്‍ക്കുന്നവര്‍ക്ക് ഇങ്ങനെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാവും… പണമായി സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യുക.

4. ഒരു ബ്ലോഗ്‌ തുടങ്ങാനൊക്കെ എത്ര എളുപ്പമാണ്. കുട്ടികളെ അത് ചെയ്യാന്‍ സഹായിക്കുക. അവരുടെ സൃഷ്ടികള്‍ എല്ലാവരും വായിക്കുന്നത് വളരെ ആത്മവിശ്വാസം വളര്‍ത്തുന്ന ഒന്നാണ്.

5. എഴുതാനറിയാവുന്നവര്‍ കുട്ടികള്‍ക്കായി എഴുതുക. അത് എപ്പോഴും മൃഗങ്ങളുടെ കഥയാവണമെന്നില്ല. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് എഴുതുക. നിങ്ങളുടെ കുട്ടികള്‍ക്കായി എഴുതുക. വാള്‍ട്ട് ഡിസ്നിയുടെ കുട്ടികള്‍ക്കായുള്ള പല പുസ്തങ്ങളും ഇങ്ങനെ മാതാപിതാക്കള്‍ കുട്ടികള്‍ക്കായി സൃഷ്ടിച്ചവ ആണ്.

മലയാളത്തെ സ്നേഹിക്കുക. മലയാളി ആവുക.

 

————
ഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ലേഖനം:
http://online.wsj.com/article/SB10001424052748703467304575383131592767868.html

Facebook comments:

4 Responses to “മലയാളഭാഷയെ സ്നേഹിക്കുക:”

 1. Joel says:

  It helped me a lot in my seminar “MALAYALAVUM MALAYALIKALUM”……. Thanks

 2. Daisy-Kavalam says:

  സന്തോഷം….ഉപകാരപ്രദമായതില്‍. 🙂

 3. Wayanadan says:

  ഡെയിസി ഇപ്പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കേണ്ടത് കേരളത്തിലെ മാതപിതാക്കളിലാണ്‌, അതിനു ശേഷം മതി കുട്ടികളില്‍. നല്ല ലേഖനം.
  – വയനാടന്‍

 4. Daisy-Kavalam says:

  അതെ…ഞാന്‍ പഠിച്ച സ്കൂള്‍ പോലും ഇംഗ്ലീഷ് മീഡിയം ആയിക്കൊണ്ടിരിക്കുന്നു… എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചാല്‍ മതി.

Your Reply

Enable Google Transliteration.(To type in English, press Ctrl+g)