എന്താണീ ‘പ്രണയം’? എവിടെയും എന്തിനും ഉപയോഗിക്കപ്പെടുന്ന ഈ വാക്ക് എല്ലാവര്ക്കും സുപരിചിതമാണ്. ഇന്ത്യന്‍ സിനിമകള്‍ ഒട്ടുമിക്കവാറും എല്ലാം തന്നെ ആണും പെണ്ണുമുള്ള പ്രേമത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇതൊക്കെ കണ്ടും കേട്ടും വളര്‍ന്ന …വളരുന്ന തലമുറകള്‍ ‘പ്രണയ’ മെന്നതിന് അവരുടെതായ വ്യാഖ്യാനങ്ങള്‍ നല്കുന്നു. മുതിര്‍ന്നവര്‍ അങ്ങനെയൊരു വാക്ക് കേട്ടാല്‍ തന്നെ അവിടെയെന്തോ കുഴപ്പമുള്ളതുപോലെ പെരുമാറുന്നു. അതുകൊണ്ട് തന്നെ പ്രണയം കുറ്റമാണ് എന്ന മനോഭാവം ഉടലെടുക്കുന്നു. പ്രേമിച്ചാലുടനെ അത് പ്രണയമാകുമോ? പ്രേമവിവാഹങ്ങള്‍ പരാജയപ്പെടുമ്പോള്‍ അത് ‘പ്രണയ’ ത്തിന്റെ കുറ്റമായി കരുതുന്നു. ശരിക്കും പരാജയപ്പെട്ടതെന്താണ്?
സ്നേഹം, പ്രണയം, പ്രേമം, അനുരാഗം, ഇഷ്ടം….ഈ വാക്കുകളൊക്കെ മിക്കവാറും ‘ആണും പെണ്ണുമുള്ള’ സ്നേഹത്തെക്കുറിച്ച് പറയാനാണ് ഉപയോഗിക്കപ്പെടുക. ആധികാരികമല്ലെങ്കിലും പദങ്ങളിലെ അര്ത്ഥതലങ്ങളിലെയ്ക്ക് ഒന്ന് നോക്കാം. (ഇതൊക്കെ എന്റെ ചിന്തകള്‍ മാത്രം.)
അഭിനിവേശം= ഒന്നിനോടു തോന്നുന്ന താത്പര്യം.
ഇഷ്ടം = ബാഹ്യസൌന്ദര്യത്തോട്…അല്ലെങ്കില്‍ ഒരു പ്രത്യേകതയോട് തോന്നുന്ന താത്പര്യം.
സ്നേഹം = ഹൃദയത്തിലെ നന്മ
അനുരാഗം, പ്രേമം = സ്നേഹം + സ്വാര്‍ത്ഥത (സ്വന്തമാക്കണമെന്ന അഭിലാഷം തീവ്രമാണവിടെ.)
കാമം = മാംസനിബദ്ധമായ വികാരം – സ്നേഹം
(ലൈംഗികത കാമമല്ല. കാമം മാംസനിബദ്ധമായ വികാരമാണത്. അവിടെ സ്നേഹമുണ്ടാവണമെന്നില്ല.)
പ്രണയം = സ്നേഹം, പ്രേമം ഇവയോക്കെയുളവാക്കുന്ന ഭാവം; ഒന്നിനോടുള്ള അര്‍പ്പണ മനോഭാവം.
പ്രണയമെന്നാല്‍ വ്യക്തിബന്ധങ്ങളിലുള്ള സ്നേഹം, പ്രേമം …. മാത്രമല്ല. പ്രണയമൊരു ഭാവവുമാണ്. അതൊരാളിലെ പ്രത്യേകതയാണ്. പൂക്കളെ കാണുമ്പോള്‍ ആസ്വദിക്കുന്നവര്‍… കുട്ടികളെ കാണുമ്പോള്‍ സന്തോഷിക്കുന്നവര്‍…. നിലാവിനോട് കിന്നാരം പറയുന്നവര്‍…കാറ്റി ന്റെ തലോടലറിയുന്നവര്…മഴയിലെ സംഗീതമ റിയുന്നവര്‍- പ്രണയമുള്ളവരാണ്. സംഗീതത്തെയും നൃത്തത്തെയും ഉപാസിക്കുന്നവര്‍ കലയെയാണ് പ്രണയിക്കുന്നത്. എഴുതുമ്പോള്‍ സാഫല്യം നേടുന്നവര്‍ സാഹിത്യത്തെയാണ് പ്രണയിക്കുന്നത്. സത്യമുള്ളവരുടെ പ്രണയം ആദര്‍ശത്തോടാണ്. നാടിന് വേണ്ടി ജീവന് ബലികഴിച്ചവരിലുള്ള പ്രണയം നാടിനോട് തന്നെയാണ്. സമൂഹത്തില്‍ സേവനത്തിനായി ജീവിതം ഉഴിഞ്ഞ് വയ്ക്കുന്നവര്‍…അവരിലെ പ്രണയം സാമൂഹ്യസേവനം തന്നെ.
സന്യാസിമാരില്‍ പ്രണയമുണ്ടോ? തീര്‍ച്ചയായും. ശരിയായ പരിത്യാഗികളില് പ്രണയം ഉണ്ട്…സകല ചരാചരങ്ങളോടും!
സാധാരണ വിവാഹം ചെയ്തവരില്‍ പ്രണയമില്ലേ? വിവാഹാനന്തരവും പ്രണയമുണ്ടാവാം. പരസ്പരം മനസ്സിലാക്കി… അംഗീകരിക്കുന്നവര്‍… സ്നേഹിക്കുന്നവര്‍…അവരുടെ പ്രണയം കുട്ടികളോടുള്ള- കുടുംബത്തോടുള്ള കടമയിലാവാം…പരസ്പരമാവാം.
പ്രേമിച്ചവരിലും സ്നേഹിച്ച് വിവാഹം ചെയ്തവരിലും ‘പ്രണയം’ തീര്‍ച്ചയായും ഉണ്ടോ? തീര്‍ച്ചയായും ഉണ്ടാകണമെന്നില്ല. ‘ഇഷ്ട’വും സ്നേഹവും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പ്രേമവിവാഹങ്ങള്‍ എല്ലാം പരസ്പരം അറിഞ്ഞ് സ്നേഹിക്കുന്നവര്‍ തമ്മിലുള്ളതാകണമെന്നില്ല. ചില ഇഷ്ടങ്ങള്‍ മാത്രമാകാം അവരെ അടുപ്പിച്ചത്. അവര്‍ എല്ലായ്പ്പോഴും ‘പ്രണയ’മറിഞ്ഞവരാകണമെന്നില്ല. അതുകൊണ്ട് തന്നെ പ്രേമവിവാഹങ്ങള്‍ തകരുമ്പോള്‍ പ്രണയമല്ല പരാജയപ്പെടുന്നത്.
‘പ്രണയമറിയുക’ എന്നാല്‍ നമ്മെത്തന്നെ അറിയുന്നതാണ്….നമ്മിലെ നാമറിയാത്ത വ്യക്തിയെ കണ്ടെത്തുന്നതാണ്. ചിലപ്പോള്‍ കഴിവുകളാവാം…മറ്റു ചിലപ്പോള്‍ ഓരോന്നും ആസ്വദിക്കാനുള്ള-അതില്‍ സംതൃപ്തി കണ്ടെത്താനുള്ള അറിവാകാം.
‘പ്രണയ’വും വ്യക്തിബന്ധങ്ങളും:
മതിക്കപ്പെടാനും മറ്റുള്ളവര്‍ ഇഷ്ടപ്പെടാനുമുള്ള ആഗ്രഹം ചിന്തിക്കാനറിയാവുന്ന എല്ലാ ജീവികളിലുമുള്ള ഒരു വികാരമാണ്. (ഫേസ്ബുക്കിന്റെ വിജയം അത് മുതലാക്കിയതാണ്! 🙂 ). സ്നേഹിക്കുമ്പോള്‍ സ്നേഹിക്കപ്പെടുന്ന വ്യക്തിയവിടെ മതിക്കപ്പെടുന്നു. അംഗീകരിക്കപ്പെടാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിന്റെ വേഗത അവിടെ കുറയുന്നു. ആ വ്യക്തി ചുറ്റുപാടുമുള്ളതും ശ്രദ്ധിക്കുന്നു. തന്നിലെ ‘പ്രണയം’ അറിയുന്നു…. ചിലപ്പോഴൊക്കെ കണ്ടെത്തുന്നു. അവിടെ തന്നെത്തന്നെയാണ് കണ്ടെത്തുന്നത്. തന്നിലെ പ്രണയമറിയാവുന്ന ചിലര്‍ അത് പങ്ക് വയ്ക്കാന്‍ ഒരാളെ കണ്ടെത്തുന്നു.
വ്യക്തിബന്ധങ്ങളും പ്രണയവും മൂന്ന് തരത്തിലുണ്ട്.
1. ഒരു വ്യക്തിയുടെ അഗാധമായ ‘സ്നേഹം’ ജീവിതത്തെ മാറ്റുന്നു. ആ സ്നേഹത്തോടുള്ള അടിമത്തം… ആ വ്യക്തിയോടുള്ള അര്പ്പണമനോഭാവമായി മാറുമ്പോള്‍, അത് ആ വ്യക്തിയോടുള്ള പ്രണയമാകുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ ആ സ്നേഹം കുറയുമ്പോള്‍ …. ‘വ്യക്തിയോടുള്ള പ്രണയം’ നഷ്ടമാകുന്നു. ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാവുന്നു.
2. തന്നിലെ ‘പ്രണയ’ത്തെ അറിഞ്ഞ വ്യക്തിയ്ക്ക് …. ചിലപ്പോഴൊക്കെ അത് പങ്ക് വയ്ക്കുന്ന പങ്കാളിയെക്കാളും തന്റെ പ്രണയമായിരിക്കും വലുത്.
3. തന്നെത്തന്നെ… തന്നിലെ ‘പ്രണയ’ത്തെ കണ്ടെത്താന്‍ സഹായിച്ച വ്യക്തിയുണ്ടെന്നിരിക്കട്ടെ. അവിടെ ആ വ്യക്തി പ്രണയം മാത്രമല്ല…. തന്നിലെ തന്നെ ഒരു ഭാഗമാകുന്നു….കാരണം താനാകാന്‍ സഹായിക്കുന്നത് ആ വ്യക്തിയാണ്. ആ വ്യക്തിയിലേ തന്റെ ‘സ്വത്വം’ പൂര്ണ്ണമാവൂ. അവിടെ പങ്കാളി തന്റെ പാതി തന്നെ ആകുന്നു. അര്ത്ഥനാരീശ്വരസങ്കല്പം അവിടെയാണ് അന്വര്‍ത്ഥമാകുന്നത്. അങ്ങനെ ഒരാളെ കണ്ടെത്തുന്നത് അപൂര്‍വം. കണ്ടെത്തിയാല്‍ കൈവിടുന്നതില്‍ പരം നഷ്ടം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകാനില്ല. അപ്പോള്‍ ജീവിതം തന്നെയാണ് കൈമോശം വരുന്നത്.
പ്രണയം എന്നത് വ്യക്തിബന്ധങ്ങളിലുള്ള പ്രണയം മാത്രമല്ലാത്തതിനാല്‍ ‘പ്രണയം കാത്തു സൂക്ഷിക്കുക’ എന്നു വെച്ചാല്‍ എല്ലായ്പ്പൊഴും ഒരു വ്യക്തിയെ സ്നേഹിക്കുക…പ്രണയിക്കുക എന്നു മാത്രമല്ല. നമ്മില്‍ സന്തോഷമുളവാക്കുന്നവ എന്താണെങ്കിലും ഏതാണെങ്കിലും അറിഞ്ഞു കാത്തുസൂക്ഷിക്കുക…അതില്‍ മുഴുകാന്‍-അതിലൂടെ നമ്മെത്തന്നെ നേടാന്‍ ശ്രദ്ധിക്കുക. പ്രണയമുണ്ടെങ്കിലെ ജീവിക്കാനുള്ള ആഗ്രഹമുണ്ടാവൂ. ജീവിക്കുന്നതില്‍ അര്‍ത്ഥം കണ്ടെത്തൂ.
പ്രണയത്തിന്റെ നാനാര്ത്ഥങ്ങളില് നഷ്ടപ്പെടുന്നത് പ്രണയത്തിന്റെ അര്‍ത്ഥം തന്നെ. പ്രണയമറിയുമ്പോള്‍ ജീവിതത്തെ സ്നേഹിച്ച് തുടങ്ങുന്നു. പ്രണയം കാത്തു സൂക്ഷിക്കുക. പ്രണയിക്കുക…..ജീവിതത്തെ സ്നേഹിക്കുക.
(പ്രണയത്തെക്കുറിച്ചുള്ള ഈ കവിത ഇതു തന്നെ പറയുന്നു. “പ്രണയിച്ചപ്പോള്‍…..”)
വളരെ കൌതുകം ഉണ്ടാക്കിയ വിവരണങ്ങള്‍. എല്ലാം ഇഷ്ടായി.
ആദ്യം എഴുതിയിരിക്കുന്ന നിര്‍വ്വചനങ്ങള്‍ വായിച്ചു. പക്ഷെ ഞാന്‍ വിയോജിക്കുന്നു. പ്രേമത്തിന്റെ പല തലങ്ങളില്‍ ഇതെല്ലാം കടന്നു വരും എന്നാണു എനിക്ക് തോന്നുന്നത്. ഒരാളോടുള്ള “ഇഷ്ടം” പിന്നെ “അഭിനിവേശം” ആയി മാറുന്നു. “സ്നേഹം,പ്രേമം,അനുരാഗം” ഇവയെല്ലാം ചേര്‍ന്ന് അയാളെ പിന്നെ സ്വാര്‍ത്ഥന്‍ ആക്കുന്നു. ഇടയ്ക്കെപ്പോഴോ , ഒരു നിമിഷമെങ്കിലും ആ സ്നേഹം മൂലമുണ്ടാവുന്ന അടുപ്പം ശാരീരികവും ആവാം. കാമം എന്നത് മംസനിബധമായ ഒരു വികാരം മാത്രമല്ല. അഗാധമായ പ്രേമത്തിന്റെ ഒരു ദശയില്‍ അത് കാമമായി ചിലപ്പോഴെങ്കിലും പുറത്തു വരും. ഞാന്‍ ഉദ്ദേശിച്ചത് ഒരു ശാരീരിക വേഴ്ച അല്ല. പക്ഷെ മാംസളമായ ഒരു സ്നേഹവും അതിനിടയ്ക്കെപ്പോഴോ തോന്നും.
എന്തൊക്കെ പറഞ്ഞാലും പ്രണയം മനോഹരമായ , അതേ സമയം ദുരൂഹവുമായ ഒരു സംഗതി തന്നെയാണ്. അതിന്റെ ഒരു ചെറിയ പോസ്റ്റില്‍ ഇങ്ങനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍.
ദുശാസ്സനന്‍ എവിടെ വിയോജി ക്കുന്നു എന്നാണ് പറഞ്ഞത്? ‘പ്രേമത്തിന്റെ പല തലങ്ങളില്‍ ഇതെല്ലാം കടന്നു വരും’. പ്രേമത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചോ? ‘സ്നേഹം, പ്രേമം ഇവയോക്കെയുളവാക്കുന്ന ഭാവം’ പ്രണയം എന്നല്ലേ പറഞ്ഞുള്ളൂ. ‘കാമം എന്നത് മംസനിബധമായ ഒരു വികാരം മാത്രമല്ല. അഗാധമായ പ്രേമത്തിന്റെ ഒരു ദശയില്‍ അത് കാമമായി ചിലപ്പോഴെങ്കിലും പുറത്തു വരും’. ശാരിരീകമായ അടുപ്പത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെങ്കില്‍- സ്നേഹത്തില്‍ …അതത്രയും അടുത്തത് കൊണ്ടല്ലേ അത് തോന്നുന്നത്? അവിടെ സ്നേഹം ഉള്ളത് കൊണ്ടല്ലേ? ഒരടുപ്പവുമില്ലാത്ത ഒരാളോട് തോന്നുന്നതാണ് ‘കാമം’ അത് മാംസനിബദ്ധമായ വികാരം അല്ലെ? അഭിനന്ദനങ്ങള്‍ക്ക് നന്ദി. 🙂
🙂 നന്ദി….
അതെ. ഈ പ്രേമവും പ്രണയവും ഒക്കെ ഒന്ന് തന്നെയല്ലേ ? അത് പോലെ തന്നെ കാമത്തെ പറ്റി എഴുതിയതും. ഞാന്‍ എഴുതിയത് പിടി വിട്ടു പോയതാണെന്ന് തോന്നുന്നു… ഹി ഹി.. എന്തായാലും സംഗതി ഒന്ന് തന്നെ.
ഒരു അഭിപ്രായം ഉണ്ട്. ഇത്രയും ഭംഗിയായി പ്രേമത്തെ, സോറി, പ്രണയത്തെ പറ്റി എഴുതിയല്ലോ. ഇനി അതിന്റെ വകഭേദങ്ങളെപറ്റിയും എഴുതി നോക്കൂ.ഉദാഹരണത്തിന് ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനോടുള്ള സ്നേഹം.
ഒന്നും തിരികെ പ്രതീക്ഷിക്കാതെ ഉള്ള ഒരേ ഒരു സ്നേഹം ആണത്.
അത് പോലല്ല ഒരു കാമുകന് കമുകിയോടുള്ളത്. ഇങ്ങനെ ചില വ്യത്യാസങ്ങള്‍..
>>സാധാരണ വിവാഹം ചെയ്തവരില്‍ പ്രണയമില്ലേ? വിവാഹാനന്തരവും പ്രണയമുണ്ടാവാം. പരസ്പരം മനസ്സിലാക്കി… അംഗീകരിക്കുന്നവര്‍… സ്നേഹിക്കുന്നവര്‍…അവരുടെ പ്രണയം കുട്ടികളോടുള്ള- കുടുംബത്തോടുള്ള കടമയിലാവാം…പരസ്പരമാവാം <<
ഈ വരികളോട് യോജിക്കുന്നു. എന്നും മനസ്സില്‍ പ്രണയം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍..
വിശദമായ ഒരു ലേഖനം..സൂക്ഷ്മ നിരീക്ഷണങ്ങള്‍ നല്ലത്..
നൈസ് പോസ്റ്റ് … love is a possible strength in an actual weakness
പ്രണയം ഒരു ആഘോഷമാക്കൂ
നന്നായിരിക്കുന്നു.. കൂടുതല്‍ comments കിട്ടാനായും അങ്ങനെ ചര്‍ച്ച ചെയ്യപ്പെടാനായും, ആള്‍ക്കാരുടെ വികാരങ്ങളെ ഹനിക്കുന്ന രീതിയില്‍ ബ്ലോഗുകള്‍ എഴുതി പഠിക്കുന്നവരുടെ ഇക്കാലത്ത്, ആരെയും ഹനിക്കാതെ ഇങ്ങനെ ബ്ലോഗ് എഴുതാന്‍ കഴിഞ്ഞത് ഉള്ളില്‍ നന്മ ഉള്ളത് കൊണ്ട് കൂടെയാണ്… എഴുത്ത് തുടരുക..അഭിനന്ദനവും ആശംസകളും നേരുന്നു…
keep it up..
villagemaan , veejyots , pradeep – അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി…
As in the world over films showscase the beauty of love between men and women since the film era started… cuz it has more commercial value which attract most irrespective of class or gender bias… so i also like to comment the love between men and women…. i absolutely agree with the Daisy’s opinion about love marriage..everybody think that when somoene get in to love marriage thier love becomes success or when they got apart thier love becomes failure but it may be not true in all cases ..it is not thier love becomes success or failure but thier attitude towards the love may be changed when they got to know more about each other;it may be thier appearance or beauty or character or attitude which get attracted when they start loving each other,if somoene start loving thier opposite sex with the beauty of physical appearance, it becomes vogue when his or her beauty disappears that means it is not the permanent solution to all thier needs.; even character can also get change with the ill effect of character assasination…one thing is clear that it is not the failure or success of love but beginning of new love which humanbeings always like to have …as my opinion, love is not constrain to one person or group of person alone it is the kind of feelings which constantly changes to one person to other …but humanbeing makes a contract to define love that is marriage; there eveyone have some permanent commitment to love each other weather they likes it or not till the contract peroid gets over..
Harun- Thank you. വിവാഹം ഒരു ഉടമ്പടി പോലെ കാണുമ്പോഴല്ലേ ആ പ്രശ്നം. മനസ്സുകള്‍ ചേര്ച്ചയില്ലെന്കില്-സ്നേഹമില്ലെങ്കില്‍ വിവാഹമേ അരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പിന്നെ വിവാഹം-എന്നെ സംബന്ധിച്ചിടത്തോളം… എന്നെ സ്നേഹിക്കുന്നയാള് എന്നെ ബഹുമാനിക്കുന്നു- അര്‍പ്പണബോധം കാണിക്കുന്നു – എന്നതാണ്. അങ്ങനെ- വിവാഹത്തില്‍ -സ്നേഹമുള്ളയിടത്ത്- സ്നേഹം വളരുന്നു….മരിക്കുവോളം.
പ്രണയത്തെ കുറിച്ചുള്ള ചിന്തകള്‍ ഇത് ശരിയാണ് എന്റെ അഭിപ്രായത്തില്‍ പ്രായത്തിനു വിവാഹം ജീവിതം കുടുംബം എന്നിവ ഉണ്ടാഗനമെനില്ല. പ്രണയം വിവാഹത്തിന് വേണ്ടി അകരത്. വിവാഹം പ്രണയം എന്നാ വലിയ ഒരുകര്യ്തിന്റെ ഒരു കണിക മാത്രമാണ്. വിവാഹത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും വേണ്ടി പ്രണയിച്ചാല്‍ അത് ലക്ഷ്യതുനി വേണ്ടി ആകും ലക്ഷ്യമില്ലാത് സീമയില്ലത് തപസ്യാകണം പ്രണയം , ഇതു വെക്തി അകം . കല അകം മറ്റു പലതും അകം എവിടെയും പ്രണയം കണ്ടെത്താന്‍ ക്ഷിയണം . അപ്പോഷന് പ്രണയം സത്യം അകുനത്. പ്രായം വെക്തി അതിഷ്ടിതം ആകുമ്പോള്‍ അത് ചുരിഗി പോകുന്നു.പ്രണയം ഏതിനോടും ആരോടും അകം അതി സംഭവിക്കുകആണ് ചെയുനത്. അത് ഉണ്ടാക്കാന്‍ പറ്റില്ല. ഇന്ന് കാണുന്ന പലതും പ്രണയമല്ല, അതൊരുതരം അട്രച്റേന് ആണ് കൌതുകമാണ് കുറെ കാണുമ്പോള്‍ അടുത്തറിയുമ്പോള്‍ അത് അല്ലാതാകുന്നു. യെതര്ധ പ്രണയം അടുകുംതോറും കൂടുതല്‍ അറിയുനതാണ്. ഓരോവേക്തിയും സ്വയം തിരിച്ചറിയണം ഇത് ഇന്ന് അതില്ല ഇല്ല അതുകൊണ്ടാണ് പലതും തകരുനത്.പ്രണയത്തിനു കാലം സമയം അവസ്ഥ എന്നാ ഒന്നില്ല പക്ഷെ ഒനുണ്ട് നമ്മള് ക്ഷമയോടെ കാത്തിരിക്കാം യെതര്ധ പ്രണയം സംഭവിക്കാന്‍
വായിച്ചു! വായിച്ചപ്പോള്‍ എന്റെ ഉള്ളിലുമൊരു പ്രണയമുണ്ടായി.
നന്നായി. 🙂
നല്ല വിവരണം… പ്രണയം ഒരു വികാരമല്ല അതൊരു ഭാവം തന്നെയാണ്… നന്മയിലധിഷ്ടിതമായ സ്വഭാവം…