ഓര്‍മ്മകളിലെ ഓണം – എട്ടുകളിയും പിന്നെ “അച്ചാ…പോറ്റി…കാള…”

2011
08.16

“എട്ട് വീഴടാ കോലെ”… അലര്‍ച്ചകള്‍ കേട്ടുതുടങ്ങി.

“എടീ എട്ടുകളി തുടങ്ങിയെടീ” എന്ന് സഹോദരിമാരോട് പറഞ്ഞിട്ട് വീട്ടില്‍ നിന്ന് ശബ്ദം കേട്ട അയല്‍പക്കത്തെയ്ക്കോടി.

ഇത് ഓണക്കാലത്തെ പതിവ്. അന്ന് എട്ടുകളിയില്ലാത്ത ഓണം ഓണമേയല്ല. ഇപ്പോള്‍ ടി വി യുടെ മുന്നില്‍ കുത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ഇതിന്‍റെ രസം വല്ലതുമറിയാമോ? അത് പോട്ടെ. അപ്പോള്‍ ഈ എട്ടുകളിയെന്തെന്നല്ലേ? രണ്ട്, മൂന്ന് അല്ലെങ്കില്‍ നാല് പേര്‍ക്ക് കളിക്കാം. ഒറ്റയ്ക്കോ അല്ലെങ്കില്‍ ടീം- (തണ്ടി എന്ന് ഞങ്ങള്‍ പറയും) ആയോ കളിക്കാം.

ഓല മടലി ന്‍റെ മുകളിലെ ഭാഗം ചീന്തിയെടുത്ത് നാല് നീളമുള്ള കഷണങ്ങളാക്കും. ഇതിന് പൊതുവേ എട്ട് എന്നാണ് പറയുക. (ചിലര്‍ നീളന്‍ കക്കത്തോടും ഉപയോഗിക്കും. അതത്ര രസമില്ല.) നാലു കഷണങ്ങളും കൂട്ടിപ്പിടിച്ച് മുകളിലേയ്ക്ക് കറക്കി എറിയും. ചിലര്‍ എറിയുന്നതിനും ഒരു ഭംഗിയുണ്ട്. ചിലര്‍ ചരിച്ച് ‘എട്ട്’ വീഴാനായി എറിയും. അപ്പോള്‍ ‘എടാ കറക്കി എറിയെടാ’ എന്ന് മറ്റുള്ളവര്‍ പറയും. നാലും കമിഴ്ന്ന് വീണാല്‍ അതാണ്‌ ‘എട്ട്’- വമ്പന്‍! നാലും മലര്‍ന്നു വീണാല്‍ ‘നാല്’. രണ്ടെണ്ണം കമിഴ്ന്നും മറ്റ് രണ്ടും മലര്‍ന്നു വീണാല്‍ അത് ‘രണ്ട്’. മൂന്നെണ്ണം മലര്‍ന്നും ഒന്ന് കമിഴ്ന്നും വീണാല്‍ ‘മൂന്ന്.’ തിരിച്ചായാല്‍- മൂന്നെണ്ണം കമിഴ്ന്നും ഒന്ന് മലര്‍ന്നും വീണാല്‍ ‘ഒന്ന്’- കുറ്റി എന്ന് ഞങ്ങള്‍ പറയും.

ഈ കളമാണ് ഉപയോഗിക്കുക. (ചിലര്‍ ചെറിയ കളങ്ങള്‍ രണ്ടെണ്ണം വീതം വരയ്ക്കും. അപ്പോള്‍ ആറു പേര്‍ക്ക് വരെ കളിക്കാം. അത് തീരാന്‍ സമയമെടുക്കും). ഒരാള്‍ക്ക് നാല് കായ്‌ ഉണ്ട്. കുറ്റിയിട്ടാലെ ഒരു കായ്ക്കു അകത്ത് കയറാന്‍ സാധിക്കൂ. എട്ട് വീഴുന്നതനുസരിച്ച് കായ് മുന്നേറുന്നു. (ഈ ചിത്രത്തില്‍ എങ്ങനെ പോകണമെന്ന് കാണിക്കുന്നു.) ‘എട്ട്’ , ‘നാല്’, ‘കുറ്റി’ ഇവ വീഴുമ്പോള്‍ വീണ്ടും എട്ടിടാം. മറ്റേതൊക്കെ വീഴുമ്പോള്‍ ഒരു കളിയെ ഉള്ളൂ. ഇടയ്ക്ക് മറ്റുള്ളവരുടെ കായ്‌ വരുമ്പോള്‍ വെട്ടി നീക്കാം. നാല് കായും നടുക്ക് അടിയുമ്പോള്‍ അവരാണ് വിജയി.

ഇപ്പോഴത്തെ ‘dice’ ന്‍റെ പഴയ രൂപമാണ് എട്ട്.  നാടന്‍ കളികളുടെയൊക്കെ പ്രത്യേകത പ്രകൃതിയോടോത്ത് ചേരുന്നു എന്നതാണ്. കായ്‌ ചിലപ്പോള്‍  – ഇലത്തണ്ട്, കല്ല്‌, കക്ക, പൂമൊട്ട്, പൂവ്… ഇവയോക്കെയാവാം. കളം വരയ്ക്കുന്നത് മണ്ണിലാണ്.

ഓ…കളി പറഞ്ഞ് പറഞ്ഞ്…കാര്യങ്ങള്‍ പറഞ്ഞില്ലല്ലോ. 🙂

അതെ…എന്‍റെ കുട്ടിക്കാലത്ത് എട്ടുകളി ഓണത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായിരുന്നു. ഓണക്കാലമാവുമ്പോഴേ അത് കളിക്കുകയുള്ളൂ. ചുറ്റുവട്ടത്തെ ചെറുപ്പക്കാര്‍ എല്ലാം ഒരുമിച്ചു കൂടും. കുട്ടപ്പന്‍, മാച്ചിചെട്ടന്‍, അയലോക്കത്തെ പെരപ്പന്മാര്‍, സജി, ജോസി, രാജു, ഷാജി, ബിജു, ലിജി, കൊച്ചുമോന്‍, ടോമി, ജോളി…..അങ്ങനെയങ്ങനെ.

ആരെങ്കിലും കളി തുടങ്ങും …പിന്നെ കണ്ടു രസിക്കാനും പ്രോത്സാഹിപ്പിക്കാനും കുറേപ്പേര്‍. ‘എട്ടു വീഴടാ കോലെ’ എന്നൊക്കെ ആദ്യം പറയും. പിന്നെ കളി മൂത്ത് തറയില്‍ തല്ലി ‘എട്ടു വീഴടാ പട്ടീ’ എന്നാവും. പിന്നെ എന്തോക്കെയാണോ വായില്‍ വരുന്നത് അതൊക്കെ പറയും. കളി മൂക്കുമ്പോള്‍ അലര്‍ച്ചയും അട്ടഹാസങ്ങളും…. ഹോ എന്തൊരു മേളം. എതിരാളിയുടെ കായ്‌ വെട്ടി നീല്ക്കുംപോള്‍ ‘എന്‍റെയടുത്താണോ മോനെ നിന്‍റെ കളി’ എന്ന് വിജയഭാവത്തില്‍ കുറെ പൊങ്ങച്ചവുമടിക്കും. പറയുന്നത് വീഴാത്തപ്പോള്‍ മുഖത്തെ നിരാശയും ദേഷ്യവും…ഒക്കെ കാഴ്ചകള്‍. കുറെ കഴിയുമ്പോള്‍ചിലരുടെയൊക്കെ ഒച്ചയടഞ്ഞു പോകും. പോകാതിരുന്നെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

ഞങ്ങള്‍ കുട്ടികള്‍ ഇവിടെയുമവിടെയുമായി കുറെയെണ്ണം ഉണ്ടായിരുന്നു. കളി കാണാന്‍ എല്ലാരുമെത്തും. ഞങ്ങളൊക്കെ ‘വാട്ടം’ പിടിച്ച് രസിച്ചു അങ്ങനെ വായില്‍ നോക്കി നില്‍ക്കും. അവരില്ലാത്തപ്പോള്‍ ഞങ്ങളും കളിച്ചിട്ടുണ്ട്. പിന്നീട് അമ്മ തൊള്ള തുറന്ന് വിളിച്ച്…. ‘വായിലെ വെള്ളം പറ്റുമ്പോഴാണ്’ (എന്ന് പുള്ളിക്കാരിയുടെ ഭാഷ്യം) തിരിച്ചു വീട്ടിലേയ്ക്ക് പോവുക.

കുട്ടപ്പന്‍ എട്ടുകളിയുടെ ആവേശമായിരുന്നു. കുട്ടപ്പനില്ലെങ്കില്‍ കളി കാണാന്‍ പോലും ഒരു രസവുമില്ലായിരുന്നു. ആ ചിരിയും തമാശും ആവേശവും- എട്ടുകളിയുടെ ജീവന്‍ അവിടെയല്ലേ! പിന്നീട് ആ ജീവന്‍ തന്നെ യാത്രയായപ്പോള്‍ എട്ടുകളിയും ചുറ്റുവട്ടത്ത് നിന്ന് പയ്യെപ്പയ്യെ യാത്രയായി.

**************************

ഊഞ്ഞാലും ഓണത്തിന്‍റെ ഭാഗമാണല്ലോ. ഞങ്ങളുടെ സ്ഥലം നിറയെ വീടായതുകൊണ്ട് ഊഞ്ഞാല്‍ വീട്ടിലില്ലായിരുന്നു. അയല്‍പക്കത്തെ ബിജുവിന്‍റെ വീട്ടിലാണതുള്ളത്. അതോ…രണ്ടു തെങ്ങുകളില്‍ കയര്‍ കെട്ടിയതുകൊണ്ട്  ആടിയാടി വളരെ ഉയരത്തില്‍ പോകാനാവുന്ന ഊഞ്ഞാല്‍. എട്ടുകളി കാണാന്‍ പോകുമ്പോള്‍ അവിടെയ്ക്കും ഒന്ന് പോകും.

ഒരു ദിവസം പതിവുപോലെ അയല്പക്കത്തെത്തി. ഊഞ്ഞാല്‍ ആരും ഉപയോഗിക്കുന്നില്ലായിരുന്നു. ശരി എങ്കില്‍ ആടാം എന്ന് വിചാരിച്ച് ഞാന്‍ ഊഞ്ഞാലിലിരുന്നു. കുറെ നേരം പതുക്കെ ആടി. അപ്പോഴതാ ബിജു വരുന്നു. ചെറുപ്പത്തില്‍ വളരെ വികൃതിയായ ബിജുവിന്‍റെ കൈയില്‍ നിന്ന് ഓന്തുകളോന്നും തന്നെ രക്ഷപെട്ടിട്ടില്ല. ഒന്നിനെയും കൂസാത്ത സ്വഭാവം. അതുകൊണ്ട് തന്നെ സ്കൂളില്‍ ടീച്ചര്‍മാരുടെ കൈയില്‍ നിന്ന് അടി കിട്ടുന്നത് പതിവ്.

‘ഞാന്‍ ആട്ടാം’ എന്നായി ബിജു.

“ഓ അത് സാരമില്ല. ഞാന്‍ ആടിക്കോളാം” എന്ന് ഞാന്‍ പേടിയോടെ പറഞ്ഞു.

നിലത്തിറങ്ങാനുള്ള നേരം കിട്ടിയില്ല. അതിനു മുന്‍പേ ബിജു വന്ന് ആട്ടാന്‍ തുടങ്ങി. എന്‍റെ സമ്മതക്കുറവൊന്നും പുള്ളി കാര്യമാക്കിയില്ല. നിര്‍ത്താന്‍ പറഞ്ഞതോന്നും ബിജുവിന്‍റെ കാതില്‍ വീഴുന്നതെയില്ലായിരുന്നു.

ആട്ടിയാട്ടി ഞാനങ്ങ് അവരുടെ വീടിനെക്കാളും പൊക്കത്തിലെത്തി. എന്‍റെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളാന്‍ തുടങ്ങി.

“അയ്യോ എന്നെ താഴെയിറക്കോ” എന്ന് ദയനീയമായി ഞാന്‍.

“ശരി, താഴെയിറക്കാം. പക്ഷെ ഞാന്‍ പറയുന്നതൊക്കെ പറയണം” എന്നായി ബിജു.

ആ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും കാലൊന്ന് നിലത്ത് മുട്ടിക്കണം എന്നെ എനിക്കുണ്ടായിരുന്നുള്ളൂ.

“ഞാന്‍ പറയാവേ” എന്നുള്ള മറുപടി കേട്ടപ്പോള്‍ ബിജു പറയാന്‍ തുടങ്ങി.

“അച്ചാ” –എന്നീണത്തില്‍ പറഞ്ഞിട്ട് ആഞ്ഞ് ഒരു ഉന്ത്. പറഞ്ഞില്ലെങ്കില്‍ ഇതിലും വലുതായിരിക്കും എന്നുള്ള ഭീഷണി അതില്‍ ഞാന്‍ മനസ്സിലാക്കി.

“അച്ചാ” –വിക്കി വിക്കി ഞാന്‍.

“പോറ്റി”

“പോറ്റി”

“കാള”

“കാള”

“തൂറിയത്”

“തൂറിയത്” –മുഖം ചുളിച്ചാണെങ്കിലും ഞാന്‍ പറഞ്ഞു.

“വാരി”

“വാരി”

“തിന്നു”

“തിന്നു”.

ചാണകം വാരിത്തിന്നു എന്ന് പറഞ്ഞത് കൊണ്ടാവാം, വാക്കേതായാലും പാലിച്ചു. ഊറിയ ചിരിയോടെ ഊഞ്ഞാല്‍ നിര്‍ത്തി ബിജു എന്നെ താഴെയിറക്കി. ജീവനും കൊണ്ടോടിയ എനിക്ക് പിന്നീട് ഊഞ്ഞാല്‍ ഒരു പേടിസ്വപ്നമായിരുന്നു. ബിജു അവിടെ അടുത്തെങ്ങും ഇല്ലെന്ന് ഉറപ്പാക്കി “ബിജു വരുമ്പോള്‍ പറയണേ’ എന്ന് അനിയത്തിയെ കാവല്‍ നിര്‍ത്തി മാത്രമേ ഊഞ്ഞാലില്‍ ആടുകയുണ്ടായിരുന്നുള്ളൂ. പല കുട്ടികളെയും ഇങ്ങനെ ‘അച്ചാ പോറ്റി’ പറയിപ്പിക്കുന്നത് ഇങ്ങനെ ചില ആണ്‍കുട്ടികളുടെ ഒരു വിനോദം തന്നെ ആയിരുന്നു.

***************************

ഞങ്ങള്‍ ഒരു പട വീട്ടിലുള്ളത് കൊണ്ട് അവിയല്‍ വലിയ ഒരു കലത്തിലാണ് ഉണ്ടാക്കുക. ചോറ് ഉണ്ണുന്നതിന് മുന്‍പ് തന്നെ അത് കുറെ അകത്താക്കും. പിന്നീട് എട്ടുകളിയൊക്കെ കണ്ട്‌ വരുമ്പോള്‍ നേരം കുറെയാകും. പരിപ്പുകറിയും പപ്പടവുമൊക്കെ കുഴച്ചു വാഴയിലയില്‍ ചോറുണ്ണാന്‍ …ആഹാ…എന്ത് രസം. 🙂

ഓണത്തിന്‍റെ സ്നേഹവും സമാധാനവും ഐശ്വര്യവും നമ്മുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കട്ടെ. എല്ലാവര്‍ക്കും ഓണാശംസകള്‍!

Facebook comments:

2 Responses to “ഓര്‍മ്മകളിലെ ഓണം – എട്ടുകളിയും പിന്നെ “അച്ചാ…പോറ്റി…കാള…””

  1. JAMESJOSEPH says:

    ചെരുപത്തില്‍ എട്ടുകളി പന്തുകളി(ഒറ്റയും പെട്ടയും)എല്ലാം ഉണ്ടായിരുന്നു ഒനാതിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു ഉണര്‍വേകുന്നു

  2. sandeep says:

    ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണകള്‍ ..
    എട്ടുകളിയെ പറ്റി കേട്ടിട്ടേയുള്ളൂ… കളിച്ചിട്ടില്ല.. അതിന്റെ രീതികളും അറിയില്ലായിരുന്നു.. വിശദമായി പറഞ്ഞു തന്നതിന് നന്ദി.. അപ്പോള്‍ ഈ ഓണത്തിനു സമയം കിട്ടുമെങ്കില്‍ ഒരു കൈ കളിച്ചു നോക്കണം 🙂
    ഒരു അഡ്വാന്‍സ്‌ ഓണാശംസകള്‍ നേരുന്നു..

Your Reply

Enable Google Transliteration.(To type in English, press Ctrl+g)