മനസിന്റെ മച്ചകങ്ങളില്‍ ചിതലരിക്കുമ്പോഴും
പ്രയാണങ്ങളിലെവിടെ യൊക്കെയോ മുറിപ്പാടുകളേല്ക്കുമ്പോഴും
സുന്ദരമെന്നത് കരുതിയത് പൊള്ളയെന്നറിയുമോഴും
സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു.
വാഗ്ദാനങ്ങള്‍ ജലരേഖകളാകുമ്പോഴും
ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകുമ്പോഴും
സാന്ത്വനങ്ങളടര്ന്നകലുമ്പോഴും
സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു.
തംബുരുവിന്റെ തന്ത്രികള്‍ പൊട്ടിയകലുമ്പോഴും
സപ്തസ്വരങ്ങളുടെ സംഗീതമന്യമാകുമ്പോഴും
മൗനത്തിന്റെ വല്മീകത്തിലമരുമ്പോഴും
സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു.
ജലകന്യകളുടെ സംഗീതത്തിന് കാതോര്‍ക്കുമ്പോഴും
മരുപ്പച്ചകള്‍ തേടിയകലുമ്പോഴും
സന്ധ്യകളുടെ നിറങ്ങളിലലിയാന് കൊതിക്കുമ്പോഴും
സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു.
ഒരു വാതിലടയുമ്പോള്‍ മറ്റൊന്ന് തുറക്കുമ്പോഴും
തളര്ന്നളഞ്ഞപ്പോള് അഭയം കണ്ടെത്തിയപ്പോഴും
പുതുനാമ്പുകളോരോന്നും തളിരിട്ടപ്പോഴും
സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു.
സ്വപ്നങ്ങളെന്റെ കൂട്ടുകാരായിരുന്നു
സ്വപ്നങ്ങള്‍ പൊട്ടിത്തകരുമ്പോഴും
സ്വപ്നങ്ങളോരോന്നും കൈവരുമ്പോഴും.