കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന വാര്‍ത്തകള്‍ ഇന്ന് പതിവായിക്കൊണ്ടിരിക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ വരെ ഈ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നറിയുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍ പലര്‍ക്കും അനുഭവപ്പെടുന്നു. ഇതൊക്കെ വിദേശങ്ങളില്‍ മാത്രമല്ല നടക്കുന്നതെന്നറിയുമ്പോള്‍ നമ്മുടെ നാടും വളരെയേറെ മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത് ഒരാവശ്യമാണ്. കുട്ടികളുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും വളരെയേറെ തകര്‍ക്കുന്ന ഇവര്‍ സമൂഹത്തിലെ കളകള്‍ തന്നെയാണ്. നാളത്തെ ഭാവി തലമുറയെ വളരാന്‍ അനുവദിക്കാത്ത ഇക്കൂട്ടരെ കണ്ടെത്താനും തിരിച്ചറിയാനു മുള്ള മാര്‍ഗങ്ങള്‍ സമൂഹം നടപ്പാക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ സമൂഹത്തില്‍ ‘പോര്‍ണോഗ്രഫി’-അശ്ലീലം വളരെയേറെ ലഭ്യമാണ്…… ഇന്റെര്‍നെറ്റില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ചൈല്‍ഡ് പോര്‍ണോഗ്രഫിയും അങ്ങനെ തന്നെ. പോര്‍ണോഗ്രഫി വ്യവസായം വളരെ വരുമാനം ഉണ്ടാക്കുന്ന ഒന്നായതിനാല്‍ പേരുകേട്ട കമ്പനികള്‍ വരെ ഇതിലുണ്ട്. പോര്‍ണോഗ്രഫി വരുമാനം ലോകത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് മുതലായ ഐ ടി കമ്പനികളുടെ മൊത്തം വരുമാനത്തേക്കാള്‍ കൂടുതലാണെന്ന് പറഞ്ഞാല്‍ വിശ്വാസം വരില്ല. പക്ഷെ അതാണ് സത്യം. അതുകൊണ്ട് ലോകത്തില്‍ എല്ലായിടത്തും തന്നെ ലൈംഗിക വൈകൃതങ്ങള്‍ സാധാരണം.
പലര്‍ക്കും മനസ്സിലാക്കാനാവാത്ത സമൂഹത്തിലെ ഇത്തരം കുറ്റവാളികളെ ‘പെഡോഫൈല്സ്’ എന്ന് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുന്നു. (http://en.wikipedia.org/wiki/Pedophilia) ഇത് മാനസികമായ തകരാറുകളാലും ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷെ ചികിത്സിച്ച് സുഖപ്പെടുത്താനാവുമെന്ന് ഒരുറപ്പും വൈദ്യശാസ്ത്രം നല്‍കുന്നില്ല. പിന്നെയും ഫലപ്രദമായ ഒന്നായി പറയപ്പെടുന്നത് കെമിക്കല്‍ കാസ്ട്രേഷന് അഥവാ മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗിക ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന രീതി ആണ്. പല രാജ്യങ്ങളിലും ഈ രീതി പ്രയോഗിക്കപ്പെടുന്നു. ചിലര്‍ തങ്ങളുടെ അധികാരവും അടിച്ചമര്‍ത്താനുള്ള ആഗ്രഹവും (sadistic behavior) കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. അവിടെ ഒരു ചികിത്സയ്ക്കും സ്ഥാനമില്ല.
കുറേക്കാലം ജയിലില്‍ കഴിഞ്ഞാല്‍ അവര്‍ മാറുമെന്ന് ഒരുറപ്പുമില്ലാത്ത തിനാല്‍ ഇങ്ങനെയുള്ളവരെ തിരിച്ചറിയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരു വെബ്സൈറ്റില്‍ ഇങ്ങനെയുള്ളവരുടെ പേരും ഫോട്ടോയുമടക്കം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ കുട്ടികള്ുമായി ഇടപെഴകുന്നത് കുറെയൊക്കെ ഒഴിവാക്കാം. ജോലിയ്ക്കെടുക്കുമ്പോള് ഇതൊക്കെ പരിശോധിക്കാനാവുമെങ്കില് എത്ര നന്നായിരിക്കും. മാറുന്ന സാഹചര്യത്തില്‍ അത് ഗവണ്മെന്റ് ജനത്തിന് വേണ്ടി ചെയ്തു കൊടുക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അതിനായി പ്ലാന്‍ ചെയ്യണം. അമേരിക്ക, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ – അവിടെ ഓരോ സ്ഥലത്തും ഇങ്ങനെയുള്ളവരുടെ പേരുവിവരങ്ങള്‍- ഫോട്ടോയടക്കം ലഭ്യമാണ്.
സ്കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ലൈംഗികവിദ്യാഭ്യാസം എന്ന് വച്ചാല്‍ അതെന്തോ അശ്ലീലമാണെന്നുള്ള ധാരണയാണ് ആദ്യം മാറ്റേണ്ടത്. നല്ലതല്ലാത്ത പെരുമാറ്റം, സ്വകാര്യമായ ശരീരഭാഗങ്ങള്‍, ശുചിത്വത്തിന് വേണ്ടിയുള്ള സ്പര്‍ശനം, നല്ലതല്ലാത്തതായ സ്പര്‍ശനം, എപ്പോള്‍ എവിടെ സഹായത്തിനു വേണ്ടി പോകണം എന്നൊക്കെയുള്ളത് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അവര്‍ക്ക് മനസ്സിലാകത്തക്ക വിധത്തില്‍ പറഞ്ഞുകൊടുക്കേണ്ടത് അത്യാവശ്യമാണ്.
നമ്മള് രക്ഷിതാക്കള്‍ എന്ത് ചെയ്യുമെന്നുള്ളത് തീര്‍ച്ചയായും ആശങ്ക തന്നെയാണ്. ഇങ്ങനെ ചെയ്യുന്നവര്‍ അപരിചിതര്‍ മാത്രമായിരിക്കും എന്നുള്ളത് തെറ്റിധാരണയാണ്. പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും സമൂഹത്തില്‍ സ്ഥാനമുള്ളവരുമൊക്കെ ഇക്കൂട്ടത്തില്‍ പെടാം.
- ആദ്യമായി നമ്മുടെ കുട്ടികള്‍ക്ക് എന്തും നമ്മോട് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അവര്‍ പറയുന്നത് നമ്മള് കേള്‍ക്കും …. വിശ്വസിക്കും എന്ന ബോധ്യം കുട്ടികള്‍ക്ക് ഉണ്ടായിരിക്കണം. എന്നും അവരോട് സംസാരിക്കാന്‍ സമയം കണ്ടെത്തുക- അവരുടെ കൂട്ടുകാരെപ്പറ്റിയോ..സ്കൂളിലെ കാര്യങ്ങളോ, അവര്‍ക്കിഷ്ടമുള്ളത് ചോദിച്ച് സംസാരിക്കുക.
- സ്കൂളില്‍ ഇല്ലെങ്കില്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം കൊടുക്കേണ്ടതാണ്. ഒരിക്കല്‍ ആരോ പറഞ്ഞത് ഓര്‍ക്കുന്നു “അതെങ്ങനെ… ആണുങ്ങളെല്ലാം ചീത്തയാണോ എന്ന് കുട്ടി ചോദിച്ചത്രേ” എന്ന്. ആണുങ്ങള് പെണ്ണുങ്ങള് എന്നല്ല – എല്ലാ മനുഷ്യരും അതില്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റിയും നല്ലതും ചീത്തയും എന്തെന്നുള്ള അറിവിനാല്‍ സുരക്ഷിതത്വത്തെപ്പറ്റിയും ഒരു അവബോധം ഉണ്ടായിരിക്കണം. പറഞ്ഞുകൊടുക്കുന്നത് സ്വാഭാവികമായിരിക്കണം- സാധാരണ എല്ലക്കാര്യങ്ങളെയും പോലെ – അല്ലാതെ എന്തോ രഹസ്യം പോലെയോ ചീത്തക്കാര്യമായോ തോന്നരുത്.
- കുട്ടികള്‍ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ നിസ്സാരമാക്കരുത്… ശ്രദ്ധ വയ്ക്കുക. ‘അങ്ങനെയൊന്നുമില്ല- അവര്‍ അങ്ങനെയൊന്നും ചെയ്യില്ല. നിനക്ക് തോന്നുന്നതായിരിക്കും’ ഇങ്ങനെ പറഞ്ഞാല്‍ അവര്‍ പറയുന്നത് കാര്യമാക്കില്ല എന്നായിരിക്കും കുട്ടികളുടെ ധാരണ. ‘അങ്ങനെയോ… നീ ശ്രദ്ധിക്കുക- ഇനിയും എന്തെങ്കിലും ഉണ്ടായാല്‍ പറയണം’ എന്ന രീതിയിലാണ് പ്രതികരിക്കേണ്ടത്.
- കുട്ടികളോട് എപ്പോഴും അമിതമായി സ്നേഹപ്രകടനങ്ങള്‍ കാട്ടുന്നവരെ ശ്രദ്ധിക്കുക. ‘ഇത്രയും ആവശ്യമുണ്ടോ’ എന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയാല്‍ അത് അപകടത്തിന്റെ ഒരു ചുവപ്പുകൊടിയാണ്. അങ്ങനെയുള്ളവരുടെ അടുത്ത് കുട്ടികള്‍ ഉണ്ടായിരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് അമിതസ്നേഹ പ്രകടനങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ അതിനെ മാനിക്കുക….അവരെ നിര്‍ബന്ധിക്കാതിരിക്കുക.
- നമുക്കറിയാവുന്നവര്‍…നമ്മുടെ ആളുകള്‍…. സുഹൃത്തുക്കള്‍…. നാട്ടുകാര്‍… നല്ലവര്‍… എന്നൊക്കെ വിചാരിച്ച് അമിതസ്വാതന്ത്യം ആര്‍ക്കും തന്നെ കൊടുക്കാതിരിക്കുക. നമ്മുടെ കുട്ടിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കഴിവതും കുട്ടികള്‍ നമ്മുടെ കൂടെയായിരിക്കാന്‍ ശ്രദ്ധിക്കുക.
ഇങ്ങനെയൊന്നുമില്ല എന്ന് വിശ്വസിക്കാനാണ് നമുക്കൊക്കെ ഇഷ്ടം. പക്ഷെ യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങനെയാവണമെന്നില്ലല്ലോ. മനസ്സിലാക്കുക, ബോധ്യമുള്ളവരാകുക. മാറുന്ന സമൂഹം…സാഹചര്യങ്ങള്‍ അതിനനുസരിച്ച്- അല്ലെങ്കില്‍ അത് മനസ്സിലാക്കി വിവേകപൂര്‍വ്വം നമ്മളും നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കുക.
(ഈ ലേഖനം കൂടി വായിക്കുക –
VANITHA 01-15 March 2012 ലക്കത്തിലും ഒരു ലേഖനം – പേജ് 18
http://www.magazinesofindia.com/Malayalam/March-2012/VANITHA%2001-15%20March%202012.html )
അവസരോചിതമായ ലേഖനം. നന്നായിരിക്കുന്നു.
നന്ദി…..അങ്ങനെ ഒരു തിക്താനുഭവം അറിയാവുന്നതുകൊണ്ടാവാം… ഈയിടെയൊക്കെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ നിറയെ….
ഈ ലേഖനവും ഇതു പറയുന്നു –
http://hamzaalungal.blogspot.com/2012/03/blog-post_09.html
മുലകുടി മാറാത്ത കുഞ്ഞുങ്ങള്‍ക്ക് എന്ത് ലൈംഗിക വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റും? ഇതുചെയ്യുന്ന നരാധമന്മാര്ക്ക് മാതൃകാപരമായ കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് കുറ്റകൃത്യം തടയാനുള്ള ഏക വഴി.
ശരിയാണ് രഘുനാഥന് – കടുത്ത ശിക്ഷ കൊടുക്കണം- പക്ഷെ അത് മാത്രമല്ല ഏക വഴി. കടുത്ത ശിക്ഷ കിട്ടിയാലും ഇങ്ങനെയുള്ളവര്‍ മാറില്ല. മുലകുടി മാറാത്ത കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. അങ്ങനെയുള്ളവരെ തിരിച്ചറിയാന്‍ കഴിയണം….ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അവര്‍ക്കാണ് അവബോധം ഉണ്ടാകേണ്ടത്. അതാണേറ്റവും അത്യാവശ്യം.