‘കഴുന്ന’ യെന്ന പേടിസ്വപ്നം:

2012
03.20

കുട്ടികളെ പേടിപ്പിക്കാന്‍ ‘മാക്കാന്‍’ എന്നൊക്കെ പറയില്ലേ…അത് പോലെ ഒന്നായിരുന്നു ‘കഴുന്ന’ – ഞങ്ങള്‍ക്ക്. ചെറുപ്പത്തില്‍ കഴുന്നയെപ്പറ്റി പല കഥകളും കേട്ടിരുന്നു. അടുത്തുള്ള തട്ടാശേരിയ്ക്കടുത്ത് ഏലപ്പള്ളിയിലെ പയ്യന്‍റെ മുട്ട് കടിച്ചെടുത്ത ‘കഴുന്ന’ യായിരുന്നു അമ്മയുടെ ആയുധം- വെള്ളത്തിലിറങ്ങിയാല്‍  കയറാത്ത ഞങ്ങളെ പേടിപ്പിക്കാന്‍. അത് വളരെ ഫലപ്രദവുമായിരുന്നു. പക്ഷെ ഈ ‘കഴുന്ന’ സത്യത്തില്‍ എന്തെന്ന് എനിക്കിപ്പോഴും അറിയില്ല. മുതലയോ, ചീങ്കണ്ണിയോ അതോ മറ്റ് വല്ലതുമോ? പറഞ്ഞ് കേട്ടത് അത് പട്ടിയെപ്പോലെയാണെന്നാണ്. വളരെ പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ, തല മാത്രം വെള്ളത്തിന്‌ മുകളിലായി നീന്തിയെത്തുന്ന കഴുന്നയെ കാണാന്‍ വളരെ ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കണം ഞാനും കണ്ടത്!

കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അത്. കണ്ണില്‍ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലം….രാത്രിയെറെയിരുന്ന് എത്ര കഥകള്‍ വായിച്ചിട്ടുണ്ട്. അകലെനിന്ന് വരുന്നവരെ വ്യക്തമായി കാണാന്‍ ആവുന്നില്ലെന്ന് ഞാന്‍ പരാതി പറഞ്ഞിട്ടും ആരും കാര്യമാക്കിയിരുന്നില്ല.

ഒരിക്കല്‍ സന്ധ്യയായപ്പോള്‍ കടവില്‍ എന്തിനോ എത്തിയ ഞാന്‍ അവിടെ നിന്നുപോയി. എന്തോ ഒന്ന് കരയിലേയ്ക്ക് നീന്തി വരുന്നു…. തല മാത്രം കാണാം. നീന്തുമ്പോഴുള്ള ശബ്ദമൊന്നുമില്ല. ഇത് കഴുന്ന തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു. പതുക്കെ ശബ്ദമുണ്ടാക്കാതെ തിരിച്ചു പോയി എല്ലാവരോടും പറഞ്ഞു.

“എടീ….കഴുന്നയെ കാണണമെങ്കില്‍ വേഗം വാ. പതുക്കെ വരണേ”.

എല്ലാവരും കഴുന്നയെ കാണാന്‍ കടവിലെയ്ക്ക് എത്തി. ഞാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ അമ്മയതാ അവിടെയുള്ള കല്ലിന്റെ പടിയില്‍ ഇരിക്കുന്നു. “ശോ- ഈ ആന്‍റിയെന്നതാ ഈ കാണിക്കുന്നത് …. ആ  കഴുന്ന എവിടെയായിരിക്കും” എന്ന് മനസ്സില്‍ ഓര്‍ത്തു.

“ആന്റീ , എന്തിനാ ഇവിടെയിരിക്കുന്നത്” എന്ന് ഞാന്‍ നീരസത്തോടെ ചോദിച്ചു.

“ആഹാ …നീയല്ലേ പറഞ്ഞത് കഴുന്ന വരുന്നെന്ന്. ഞാന്‍ പേടിച്ചു കരയ്ക്ക് കയറിയതാ.”

കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ എല്ലാവരും പൊട്ടിച്ചിരിച്ചു. അന്ന് ആറ്റില്‍ കുളിക്കാന്‍ തീരുമാനിച്ച അമ്മയെ കഴുന്ന എന്ന് ഞാന്‍ തെറ്റിദ്ധരിച്ചതാണ്. എല്ലാവരും എന്നെ കുറെ കളിയാക്കി.

കുറേക്കാലം കഴിഞ്ഞപ്പോഴാണ് എനിക്ക് കണ്ണിന് കാഴ്ച കുറവുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയത്. “അ ആ ഇ..” ഡോക്ടര്‍ കാണിച്ചപ്പോള്‍ “എ ബി സി..” എന്ന് ഞാന്‍ പറഞ്ഞെന്നാണ് അനിയത്തി പറയുന്നത്. പക്ഷെ അത്  വളരെ താമസിച്ചുപോയി എന്ന് മാത്രം. കാഴ്ച്ചക്കുറവ് എന്‍റെ ഡിഗ്രി പഠനത്തെ ബാധിച്ചു എന്നതാണ് സത്യം. ബോര്‍ഡിലെ കാണാത്തത് കൊണ്ട് നോട്ട് എഴുതാതെ… പിന്നീട് മനസ്സിക്കാനാവാതെ…പഠനത്തില്‍ പിറകോട്ടു പോയി. ഡിഗ്രിയ്ക്ക് മാര്‍ക്ക് കുറഞ്ഞത് അതുകൊണ്ടായിരുന്നു… എനിക്ക് അത് അംഗീകരിക്കാനാവുമായിരുന്നില്ല.  പക്ഷെ വളരെക്കാലം കഴിഞ്ഞാണ് കാഴ്ച കുറവായത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് –എന്‍റെ കുഴപ്പമല്ല-എന്ന് മനസ്സിലാക്കിയത്. അപ്പോള്‍ മാത്രമാണ് തോറ്റ പരീക്ഷ വീണ്ടുമെഴുതുന്ന സ്വപ്‌നങ്ങള്‍ നിന്നത്.

എന്തായാലും ഇപ്പോഴും കാവാലത്തെ ആറ്റില്‍ നീന്തുമ്പോഴൊക്കെ ‘കഴുന്ന’ മനസ്സിലുണ്ട്. ‘മുട്ട് എങ്ങാനും കടിച്ചെടുത്താലോ’ എന്നോര്‍ത്ത് വേഗം കുളിച്ച് കയറാറുമുണ്ട്.

‘കഴുന്ന’ യെ പറഞ്ഞ് പേടിപ്പിക്കാന്‍ അമ്മയില്ലെങ്കിലും, ഓര്‍മ്മകളിലെല്ലാം തന്നെ….അമ്മയുള്ള നാട് മാത്രമേ ഉള്ളൂ.

Facebook comments:

8 Responses to “‘കഴുന്ന’ യെന്ന പേടിസ്വപ്നം:”

 1. Sasikumar says:

  അഹഹഹ കലക്കന്‍ …..തകര്‍പ്പന്‍ …. പണ്ടു ഈ കഴുന്നയെയും മുതലയേയും പേടിച്ചു വെള്ളത്തില്‍ ഇറങ്ങാതിരുന്ന കാലം ഉണ്ട്ട് … ഇന്നും aattil നീന്തുമ്പോള്‍ ഇടയ്ക്ക് വെറുതെ ഒരു ഭയം വരും … ദൈവമേ എങ്ങാനും കാല്‍ പാദത്തിലെ വെളുപ്പ്‌ നിറം കണ്ടു കഴുന്ന വന്നു പിടിച്ചാലോ … പിന്നെ ഒരു ധൈര്യം തോന്നും .. പിന്നെയും പേടി … ഒടുവില്‍ മനസില്ലാ മനസോടെ കരയ്ക്ക്‌ കയറും .. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഈ 47-ആം വയസിലും അങ്ങനെയൊക്കെത്തന്നെ … താങ്ക്സ് DAIZ..for rminding those good DAYs.

 2. james joseph says:

  ഞങ്ങളും പള്ളാത്തുരുത്തി ആറ്റില്‍ കുളിക്കുന്ന സമയത്ത് പേടിച്ചിട്ടുണ്ട് ,,,,,,,,,,,,, വളരെ നന്ദി ഡയ്സി പഴയ കാല സ്മരണകള്‍ മധുരമായി ഓര്‍മ്മിക്കാന്‍ സാധിച്ചധിനു ……

 3. Raghunadhan says:

  “കഴുന്ന” എന്നു പറയുന്ന ഒരു ജീവിയുണ്ട്…പക്ഷെ അതു മത്സ്യങ്ങളേയും മറ്റു ചെറുജലജീവികളേയും ഭക്ഷിച്ചു ജീവിയ്ക്കുന്ന ഒരു നിരുപദ്രവകാരിയാണ് എന്നാണെന്റെ അറിവ്…
  പഴയ ഓര്‍മ്മകള്‍ നന്നയിട്ടെഴുതി…

 4. Daisy-Kavalam says:

  നന്ദി ശശിയേട്ടന്‍…ജെയിംസ്‌ …രഘുനാഥന്‍ …:) 🙂

 5. ബിജു പോള്‍ says:

  ഹ ഹ ഹ …ഇപ്പോഴും ആ സോഡാ ഗ്ലാസ്‌ വച്ചാണോ നടക്കാറ്…..? ഈ കഴുന്ന കരയിലും അങ്ങ് വിദേശങ്ങളിലും കാണും….സൂക്ഷിക്കണേ…

 6. Daisy-Kavalam says:

  🙂 സോഡാ ഗ്ലാസ്‌ ഇപ്പോഴുമുണ്ട്.

 7. പണ്ട് ഹരിപ്പാട്‌ ഭാഗത്തൊക്കെ വെള്ളപ്പൊക്കം വന്നപ്പോള്‍ ഞാനും എന്‍റെ കസിന്‍സും സ്ഥിരം വെള്ളത്തിലായിരുന്നു… അപ്പോള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ തകഴിക്കാരിയായ എന്‍റെ അമ്മൂമ്മ ഉപയോഗിച്ചിട്ടുണ്ട് ഈ പേര്. ഇപ്പോള്‍ ഡേയ്സി ഉപയോഗിച്ചപ്പോള്‍ ഓര്മ വന്നു പണ്ടത്തെ ഈ സംഭവം. താങ്ക്സ്.

 8. Daisy-Kavalam says:

  അപ്പോള്‍ ഞാന്‍ മാത്രമല്ല…വളരെപ്പേര്‍ ഇതു കേട്ടിരിക്കുന്നു. 🙂

Your Reply

Enable Google Transliteration.(To type in English, press Ctrl+g)