ഈ പടം കണ്ടപ്പോള്‍ പഴയ ബാല്യത്തിലേയ്ക്ക് മനസ്സങ്ങ് പറന്നു. ഈ തലക്കെട്ട് കണ്ട് ആഞ്ഞിലിയും പിള്ളേരെ പിടുത്തക്കാരും തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ ആലോചിച്ച് തലപുകച്ചാല്‍ ഒരു പിടുത്തവും കിട്ടില്ല. ഇതു വായിക്കണം. 🙂
എത്രയെത്ര ആഞ്ഞിലിച്ചക്ക തിന്നിരിക്കുന്നു….ഹോ …എന്തൊരു മധുരമായിരുന്നു. അങ്ങ് മുകളില്‍ നിന്ന് വീഴുന്നത് കൊണ്ട് താഴെ വീഴുമ്പോഴെയ്ക്കും ചമ്മന്തിപ്പരുവമാകും. ചിലപ്പോഴൊക്കെ കാക്കപ്പാതിയായിരിക്കും. എങ്കിലും നല്ല വല്ല ചുളയുണ്ടോ എന്ന് നോക്കുമായിരുന്നു. ആഞ്ഞിലിച്ചക്ക പറിയ്ക്കാന്‍ കയറിയ ബന്ധുപ്പയ്യന്റെ താഴെയ്ക്കുള്ള വീഴ്ചയും മറക്കാന്‍ പറ്റില്ല. പക്ഷെ ഇക്കഥ വേറൊന്ന്.
ആഞ്ഞിലിച്ചക്കയുള്ള സമയം. ചക്കയോക്കെ കിട്ടാന്‍ പാടായതുകൊണ്ട് കുരുവെങ്കിലും പെറുക്കാന്‍ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. അത് വറുത്ത് തിന്നാന്‍ നല്ല രുചിയല്ലേ.
പതിവുപോലെ അതൊരു സ്കൂള്‍ ദിവസം. ഏറ്റവും ഇളയ അനുജത്തി സ്കൂളില്‍ പോകാനുള്ള പ്രായമായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ. നാല് വയസുണ്ടെന്നു തോന്നുന്നു. അവളോഴികെ എല്ലാവരും സ്കൂളില്‍ പോയി.
ഉച്ചകഴിഞ്ഞ സമയത്ത് ഏതോ ടീച്ചര്‍ എന്നോട് ചോദിച്ചു- എന്റെ അനിയത്തി ലിന്‍സിയെ കണ്ടുവോ എന്ന്. ഞാന്‍ ‘ആ എനിക്കറിയില്ല’ എന്ന് ഞാന്‍ പറഞ്ഞു. പിന്നെ എന്തൊക്കെയോ ബഹളം. എന്താണ് കാര്യമെന്ന് ആദ്യമോട്ടും മനസ്സിലായില്ല. കുട്ടികളൊക്കെ പറഞ്ഞു – അവളെ കാണാതായി. പിള്ളേരെ പിടുത്തക്കാര്‍ ചാക്കിലാക്കി എങ്ങോട്ടോ കൊണ്ടുപോയി എന്നൊക്കെ. എനിക്കെന്ത് വിചാരിക്കണമെന്ന് അറിയില്ലായിരുന്നു.
കാര്യമെന്തെന്നു പിന്നെ അറിഞ്ഞു. അമ്മ ഉച്ചയുറക്കമെഴുന്നേറ്റു വന്നപ്പോള്‍ ലിന്‍സിയെ കാണ്മാനില്ല. ‘അയ്യോ എന്റെ കൊച്ചിനെ കാണാനില്ലേ’ എന്ന് പറഞ്ഞു എല്ലായിടത്തും തിരക്കി…അങ്ങനെ സ്കൂളിലും വന്നു തിരക്കിയപ്പോള്‍ ഞങ്ങളോട് ടീച്ചര്മാര് ചോദിച്ചതാണ്.
നാല് മണിയ്ക്ക് സ്കൂള്‍ വിട്ടപ്പോള്‍ എന്റെ വിചാരം പിള്ളേരെ പിടുത്തക്കാര്‍ അവളെ എന്ത് ചെയ്യുമെന്നായിരുന്നു. കയ്യോക്കെ ഒടിച്ചു കണ്ണ് കുത്തിപ്പൊട്ടിക്കും എന്നൊക്കെയല്ലായിരുന്നോ കഥകള്‍. വീട്ടിലെത്തിയിട്ടും അവളെ എങ്ങും കണ്ടില്ല. എല്ലാവരും അവിടെയും ഇവിടെയും തിരക്കിക്കൊണ്ടിരിക്കുന്നു. എവിടെയും കാണാനില്ല. കുറെക്കഴിഞ്ഞപ്പോള്‍ ആളതാ അയലോക്കത്തെ സിന്ധുവുമായി കുറെ ആഞ്ഞിലിക്കുരുവും കയ്യില്‍ പിടിച്ച് ആടിപ്പാടി വരുന്നു. അവര്‍ വഴിയില്‍ നിന്ന് അകത്തേയ്ക്ക് കേറിയുള്ള വാക്കിശ്ശേരി വീടിന്റെ അടുത്ത് ആഞ്ഞിലിക്കുരു പെറുക്കുകയായിരുന്നു. തീ തിന്ന അമ്മയുടെ ദേഷ്യത്തിന്റെ കാര്യം പിന്നെ പറയാനുണ്ടോ. അവള്‍ക്കിട്ടു രണ്ടെണ്ണം നന്നായിത്തന്നെ കിട്ടി.
സംഭവം എങ്ങനെയെന്ന് അറിയണ്ടേ- അവള് കളിച്ചു കൊണ്ടിരുന്നപ്പോള്‍ അയല്പക്കത്തെ സിന്ധു ആഞ്ഞിലിക്കുരു പെറുക്കാന്‍ കൂട്ട് വിളിച്ചു. അവളാകട്ടെ, ഓടി വന്നു അമ്മയോട് അനുവാദം ചോദിച്ചു. ഉച്ചമയക്കത്തിലായിരുന്ന അമ്മ അനുവാദം കൊടുത്തെന്ന് അവള്. താനിതൊന്നും അറിഞ്ഞില്ലെന്ന് അമ്മയുടെ വാദം. എന്തായാലും ആഞ്ഞിലിച്ചക്കയുടെ ഓര്‍മകളില്‍ അനിയത്തിയും പിള്ളേരെ പിടുത്തക്കാരും നിറഞ്ഞു നില്ക്കുന്നു.
ചെറുപ്പത്തിലെ ഇത് പോലെയുള്ള സംഭവങ്ങള്‍ ഇടയ്ക്കിടെ ഇങ്ങനെ പൊങ്ങി വരും, മനസ്സില്‍. നന്നായി എഴുതിയിട്ടുണ്ട്, ഡെയിസി… 🙂
നന്ദി മനു….
രസകരമായ കാലം!
(ഞാനും എഴുതിയിട്ടുണ്ട് ഒരു ആഞ്ഞിലിച്ചക്കക്കാലത്തെപ്പറ്റി… ഒന്നു നോക്കിക്കോളു… http://jayandamodaran.blogspot.in/2010/12/blog-post.html
എന്തിനാ കൂടുതല്‍ എഴുതുന്നത് അനിക്കാവിളയുടെ പടം മാത്രം മതിയല്ലോ. ഒരു പെണ്ണ്, അനിച്ചക്ക ഇത്രയും ആസ്വദിച്ചെങ്കില്‍, ആണായ എന്റെ കാര്യം ഹോ …!!
മനസ്സിലായില്ല. ആണിനെന്താ വലിയ പ്രത്യേകത? മനുഷ്യര്‍ക്ക് തനതായ പ്രത്യേകതകള്‍ – അതിലൊന്ന് മാത്രം ആഹാരം.
ആണുങ്ങള്‍ക്ക് മരത്തില്‍ കയറിപറിച്ചു തിന്നാമല്ലോ, പെണ്ണുങ്ങള്ക്കാകുമ്പോള് ആരെങ്കിലും പറിച്ചു താഴെയിട്ടു തരണ്ടേ, അപ്പോള്‍ ചളുങ്ങിയതും, ചതഞ്ഞതുമായിരിക്കുമല്ലോ എന്നോര്‍ത്ത് പറഞ്ഞതാണ്. തെറ്റായി ധരിക്കാന്‍ കാരണമായെങ്കില്‍ ക്ഷമ ചോതിക്കുന്നു.
🙂 അത് ശരിയാ. ക്ഷമ ചോദിയ്ക്കാന്‍ മാത്രം തെറ്റൊന്നുമില്ല. പക്ഷെ ആഞ്ഞിലി വലിയ -പൊക്കമുള്ള മരമാണ്. അതില്‍ കയറി പറിക്കുന്നത് കുറെ പാടുള്ള കാര്യമാ…:)