അച്ഛനെയാണെനിക്കേറെയിഷ്ടം:

2012
06.12

ലോകത്തിന്‍റെ പല ഭാഗങ്ങളിലും പിതൃദിനം ജൂണ്‍ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. എന്‍റെ ജീവിതത്തില്‍ എന്നെ വളരെ സ്വാധീനിച്ച ഒരാളായിരുന്നു എന്‍റെപിതാവ്. അദ്ദേഹം വളരെയേറെ മൂല്യങ്ങള്‍ സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കിത്തന്നു. എവിടെയൊക്കെ പോയാലും ആരൊക്കെ ആയാലും എന്നും ആ പിതാവിന്‍റെ മകള്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ആത്മപരമെങ്കിലും അദ്ദേഹം തന്ന മൂല്യങ്ങള്‍ എല്ലാവരോടും പങ്കു വയ്ക്കട്ടെ.

1.       ‘മാതാ പിതാ ഗുരു ദൈവം’: എന്‍റെ ഓര്‍മകളിലെ അച്ചാച്ചന്‍ എന്നും സ്വന്തം അമ്മയെ കാണാന്‍ പോകുമായിരുന്നു. ആ ദിനചര്യ ഒരിക്കല്‍ പോലും മുടക്കിയിട്ടില്ല. അനുജന് വേണ്ടി വീട് മാറിയപ്പോള്‍ “അമ്മയല്ലാതൊരു ദൈവമുണ്ടോ പാരില്‍ …അതിലും വലിയൊരു ദൈവമുണ്ടോ’ എന്ന് വളരെ പ്രാവശ്യം പാടി എന്നാണ് എന്‍റെ അമ്മ പറഞ്ഞു കേട്ടത്. അതൊരു തമാശായി ചെറുപ്പത്തില്‍ തോന്നിയെങ്കിലും ഇപ്പോള്‍ ഏറ്റം ബഹുമാനിക്കാന്‍ തോന്നുന്നത് അതുകൊണ്ട് തന്നെ. ഞങ്ങള്‍ കുട്ടികള്‍ എന്നും വല്യപ്പനെയും വല്യമ്മച്ചിയും കാണാന്‍ പോകണം എന്നത് ഒരു നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ക്ക് കിട്ടുന്ന സമ്മാനങ്ങള്‍, സ്കോളര്‍ഷിപ് എല്ലാം തന്നെ അവരെ കാണിക്കുമായിരുന്നു. പ്രായമായപ്പോള്‍ അവരെ പരിചരിക്കാനും ഞങ്ങള്‍ക്ക് അവസരം കിട്ടിയിട്ടുണ്ട്.

2.       ‘സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ടവളല്ല’: എണ്‍പതുകളില്‍ സ്ത്രീകള്‍ക്ക് എത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നു? ഇപ്പോഴും പെണ്‍കുഞ്ഞ് ആണെന്ന് കേള്‍ക്കുമ്പോള്‍ നെഞ്ചിടിക്കുന്ന സമൂഹമല്ലേ നമുക്കുള്ളത്? ഞങ്ങള്‍ നാല് പെണ്‍കുട്ടികള്‍ ഉണ്ടായിട്ടു കൂടി അതൊന്നും വലിയ കാര്യമല്ല എന്ന രീതിയായിരുന്നു  അച്ചാച്ചന്. ആണ്‍കുട്ടികളില്‍ നിന്ന്  ഞങ്ങളെ ആരെയും വേര്‍തിരിച്ചു കണ്ടിട്ടേയില്ല. വളരെ സ്വാതന്ത്ര്യത്തോടെ തന്നെയാണ് വളര്‍ത്തിയത്‌. അതുകൊണ്ട് തന്നെ ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

അമേരിക്കയില്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു’ ഇന്ത്യയില്‍ സ്ത്രീകള്‍ രണ്ടാം കിടക്കാരല്ലേ… സ്വതന്ത്ര്യമില്ലാത്തവരല്ലേ’ എന്ന്. എന്‍റെ മറുപടി ഇതായിരുന്നു. “അത് ഒരു കുടുംബത്തില്‍ കുട്ടികള്‍ എങ്ങനെ വളരുന്നു എന്നനുസരിച്ചാണ്.  ഞങ്ങള്‍ വളര്‍ന്നപ്പോള്‍ അയല്‍ക്കാരന്‍ കഞ്ചാവ് കഴിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന ഒരാളായിരുന്നു. ഇതു കാണുമ്പോള്‍ എന്റെ അച്ചാച്ചന്‍ ഞങ്ങളോട് ചോദിക്കും ‘നിങ്ങളെ നിങ്ങളുടെ ഭര്‍ത്താവ് ഇടിച്ചാല്‍ എന്ത് ചെയ്യും?’ “അയാളെ തിരിച്ചിടിക്കും” എന്നെന്‍റെ മറുപടി. അപ്പോള്‍ പൊട്ടിച്ചിരിച്ച് “നീയെന്‍റെ മോളാണ്” എന്ന് പറയുന്ന അച്ചാച്ചനാണ് എന്‍റെ ഓര്‍മയില്‍. സ്വന്തം കടമകള്‍ നിര്‍വഹിക്കുന്ന സ്ത്രീ ഒരിക്കലും അടിമയല്ല എന്നാണ് എന്‍റെ പിതാവ് എന്നെ പഠിപ്പിച്ചത്”.

3.       പണം മനുഷ്യന് വേണ്ടിയുള്ളതാണ്; മനുഷ്യന്‍ പണത്തിന് വേണ്ടിയല്ല ജീവിക്കേണ്ടത്: മറ്റുള്ളവരെ സഹായിക്കാന്‍ മടിയുള്ളവരായിരുന്നില്ല എന്റെ മാതാപിതാക്കള്‍. പട്ടിണി കിടന്നപ്പോള്‍ പോലും സഹായിക്കാന്‍ സന്നദ്ധത കാണിക്കാഞ്ഞ അടുത്ത ഒരു ബന്ധു കിടപ്പിലായപ്പോള്‍ അയാളുടെ മകന്‍ സഹായം ചോദിച്ചുവന്നു. അപ്പോള്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഒരു മടിയും കൂടാതെ പണം ചിലവാക്കിയ അച്ചാച്ചനാണ് എന്റെ ഓര്‍മയിലുള്ളത്. അതെത്ര മാത്രം മക്കള്‍ക്ക്‌ കിട്ടിയിട്ടുണ്ട് എന്നുള്ളത് വേറെ കാര്യം. 🙂

4.       അസാദ്ധ്യമായി ഒന്നുമില്ല: ആത്മവിശ്വാസത്തിന്‍റെ പ്രതീകം തന്നെ എനിക്ക് എന്‍റെ അച്ചാച്ചന്‍. കച്ചവടത്തിനായി ഉണ്ടായിരുന്നതൊക്കെ വിറ്റുപെറുക്കിയത് ബന്ധു കബളിപ്പിച്ച് കടന്നപ്പോള്‍ വല്യപ്പച്ചന്‍ തകര്‍ന്നു. പട്ടിണിയിലായ കുടുംബത്തെ പോറ്റാന്‍ അച്ചാച്ചന് ചെറുപ്പത്തില്‍ തന്നെ പഠിത്തമുപേക്ഷിക്കേണ്ടി വന്നു –വളരെ സമര്‍ത്ഥനായിരുന്നെങ്കിലും. പല ജോലികളും ചെയ്തു. ബീഡി തെറുക്കുന്നത് അതിലൊന്ന്. സ്വന്തമായി കച്ചവടം ചെയ്യാന്‍ വളരെ താമസമുണ്ടായില്ല. A real Entrepreneur!  ‘എന്നെക്കൊണ്ട് സാധിക്കില്ല’ എന്നത് അച്ചാച്ചന്‍റെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ’പുങ്കന്‍ അച്ചാച്ചന്‍’ എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. കാരണം മുഖത്തെ രണ്ട് മറുക് കാണിച്ചു ഞാനാണ് ഏറ്റം ഭാഗ്യവാന്‍ എന്നൊക്കെ പറയുമായിരുന്നു.

കണക്കില്‍ വളരെ മിടുക്കനായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങളൊക്കെ ഓടി ഒളിക്കുമായിരുന്നു. ഒരിക്കല്‍ BSc Maths എടുത്ത ആങ്ങളയോട് പന്തയം വച്ചു- ആ ലെവലിലെ കണക്ക് സ്വന്തം രീതിയില്‍ ചെയ്യാം, ആര് ആദ്യം തീര്‍ക്കും എന്ന് കാണാന്‍. അച്ചാച്ചന്‍ വിജയിച്ചു എന്നാണ് ആങ്ങള പറഞ്ഞത്.

5.       പ്രതികരിക്കുക: പല കാരണങ്ങളാല്‍ പ്രതികരിക്കാത്ത ആളുകളാണ് സമൂഹത്തില്‍ മിക്കവരും. പക്ഷെ അതിന് വളരെ തന്‍റെടം കാണിച്ചിരുന്ന ആളായിരുന്നു എന്‍റെ അച്ചാച്ചന്‍.

അയല്‍പക്കത്ത് ഭാര്യയെ ഉപദ്രവിച്ചിരുന്ന ആ മനുഷ്യനെ എത്ര പ്രാവശ്യം തടുത്തിരിക്കുന്നു. രണ്ടടി കൊടുക്കാനും ഒട്ടും പേടിയുണ്ടായിരുന്നില്ല.

മതത്തെയും മനുഷ്യനെയും വേര്‍തിരിക്കാത്ത മേധാവിത്വത്തെ അപലപിച്ച് സംസാരിക്കാനും ഒട്ടും മടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കുറെ ആളുകള്‍ക്ക് അച്ചാച്ചനെ ഇഷ്ടമേയല്ലായിരുന്നു…. പക്ഷെ സ്വന്തം ബോധ്യത്തിനനുസരിച്ച് പറയാനും പ്രവൃത്തിക്കാനും ധൈര്യം കാണിച്ചിരുന്ന ആ വ്യക്തിയെ ഞാന്‍ വളരെ ബഹുമാനിക്കുന്നു.

രാഷ്ട്രീയത്തിലും സ്ഥാനാര്‍ഥിയോട് വോട്ട് മറ്റെയാള്‍ക്കാണ്  ചെയ്യുന്നത് എന്ന് പറയാന്‍ ഒരു മടിയുമില്ലായിരുന്നു.

6.       “കറുപ്പിന് ഏഴഴകും ഒരു കൊച്ചഴകും”: നിറത്തില്‍ ഇന്നും വിവേചനം ഉള്ള നാടാണ് ഇന്ത്യ. കറുത്ത നിറം അല്ലെങ്കില്‍ ഇരുണ്ട നിറം കൊള്ളില്ല എന്നുള്ള അസ്വാതന്ത്യം മനസ്സില്‍ കുത്തി വച്ചത് ബ്രിട്ടീഷുകാരോ അതോ ജാതിവ്യവസ്ഥകളോ? അതോ ‘ഫെയര്‍ ആന്‍ഡ്‌ ലവ് ലി’ യോ? ‘കറുമ്പന്‍’ എന്ന പേര് കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വെളുത്തതല്ല എന്ന ഞങ്ങളുടെ പരാതിയില്‍ അച്ചാച്ചന്‍ പറയുന്ന ഒന്ന്- കറുപ്പിന് ഏഴഴകും ഒരു കൊച്ചഴകും ഉണ്ടത്രേ. അതുകൊണ്ട് തന്നെ നിറത്തിനല്ല, ഹൃദയത്തിന് മൂല്യം കല്‍പ്പിക്കാനാണ് എനിക്കറിയാവുന്നത്. എന്‍റെ ഇരുണ്ട നിറത്തില്‍ ഒരിക്കലും ഒരു അപകര്‍ഷതാബോധവും തോന്നിയിട്ടില്ല.

7.       ‘എല്ലാവരും തുല്യരാണ്’: അന്നത്തെ തൊഴിലാളി മുതലാളി വ്യത്യാസങ്ങള്‍ ഒന്നും അച്ചാച്ചനെ ബാധിച്ചിരുന്നില്ല. എല്ലാവരും ഒരു മേശയില്‍ നിന്ന് ഊണ് കഴിച്ചിരുന്നു.

8.       അദ്ദേഹത്തിന്‍റെ കുറെ വാചകങ്ങള്‍: “പോനാല്‍ പോകട്ടും പോടാ”; “Work while you work; play while you play”.

എന്‍റെ അച്ചാച്ചന്‍ ദൌര്‍ബല്യങ്ങള്‍ ഉണ്ടായിരുന്ന ഒരു മനുഷ്യന്‍ തന്നെ. (An idealist for me though. ) പക്ഷെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി മൂല്യങ്ങളെ സ്വായത്തമാക്കിയതൊക്കെയും അവിടെ നിന്നാണ്. ആ വേര്‍പാട്‌ ഇന്നും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്…. നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ‘അച്ചാച്ചന്‍ ഉണ്ടായിരുന്നെങ്കില്‍” എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട്. പക്ഷെ ആ അനുഗ്രഹം എന്നും എന്‍റെ കൂടെയുണ്ട്- എന്‍റെ ആത്മപങ്കാളിയുടെ പേര് പോലും അച്ചാച്ചന് ഏറ്റം ഇഷ്ടമുണ്ടായിരുന്ന ഒന്ന് തന്നെ.

എന്നെ ഞാനാക്കിയ ആ മനസിന്‌ എന്നെന്നും നമോവാകം!

Facebook comments:

3 Responses to “അച്ഛനെയാണെനിക്കേറെയിഷ്ടം:”

  1. Ancy says:

    അചാച്ചന്നു എന്റെയും നമോവാകം ……നന്നായിട്ടുണ്ട് daisy ചേച്ചി ….

  2. Daisy-Kavalam says:

    നന്ദി….ആന്‍സിക്കുട്ടീ….:)

  3. lincy says:

    ഐ വാണ്ട്‌ to ബി born again as his daughter .Feel blessed .

Your Reply

Enable Google Transliteration.(To type in English, press Ctrl+g)