ഓണം – കേരളീയന്‍റെ അഭിമാനം:

2012
08.28

ഓണം എന്ന് പറയുമ്പോള്‍ അത് കേരളീയന്‍റെ സ്വന്തം ആഘോഷം ആകുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ അത് ഒരു ജനതയുടെ തന്നെ സംസ്കാരം വിളിച്ചോതുന്നു. ഓരോ കേരളീയനും ഏറ്റവും അഭിമാനിക്കാനാവുന്ന, അഹങ്കരിക്കാനാവുന്ന ഒന്നാണ് ഓണം.

എന്തുകൊണ്ടാണെന്നല്ലേ. ഈ ഓണപ്പാട്ട്(ഏറ്റവും താഴെ) ഒന്ന് നന്നായി വായിക്കൂ. ഇത് എത്ര സുന്ദരമായ സങ്കല്പം – എല്ലാവരും ഒരുപോലെ…സന്തോഷം എവിടെയും…നല്ലവരും നന്മയും മാത്രം എങ്ങും. ഇതൊരു “ideal society”- ആദര്‍ശ സമൂഹത്തിനായുള്ള  ആഗ്രഹം വിളിച്ചോതുന്ന ഒരു പാട്ട്…..ഓണത്തിന്‍റെ അര്‍ത്ഥവും അതു തന്നെ.

സർ തോമസ് മൂര്‍  1516 ല്‍ എഴുതിയ ‘ഉട്ടോപ്യ’ അങ്ങനെ ഒരു സമൂഹത്തെക്കുറിച്ച് വിശദീകരിക്കുന്നു.  ഇപ്പോള്‍ ‘ഉട്ടോപ്യ’ എന്ന പദം വിശേഷിപ്പിക്കുന്നത് അങ്ങനെ ഒരു സാങ്കല്‍പ്പിക സമൂഹത്തെയാണ്. പ്രശസ്ത ചിന്തകനായ പ്ലേറ്റോ ‘റിപ്പബ്ലിക്’ (380 BC) എന്ന പുസ്തകത്തില് അങ്ങനെ ഒരു സമൂഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. അപ്പോള്‍ നമ്മുടെ കേരളത്തിന്‍റെ സംസ്കാരം, അന്നത്തെ തലമുറയുടെ ചിന്താഗതി എത്ര ഉന്നതമായിരുന്നു… ഓണത്തിന്‍റെ ആഘോഷം അത് വിളിച്ചോതുന്നു. പഴമയെ പുച്ഛത്തോടെ കാണുന്ന തലമുറ ഇതൊക്കെ മനസ്സിലാക്കുക. ഓണം ആഘോഷിക്കുമ്പോള്‍ അഭിമാനിക്കുക- ആ സംസ്കാരത്തിന്റെ ഭാഗമായതില്‍. ആ ചിന്താഗതി നമ്മുടെ ജീവിതത്തിലും ഉടനീളം ഉണ്ടായിരിക്കട്ടെ. ഓണാശംസകള്‍!

“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.

പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ

ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ”

Facebook comments:

4 Responses to “ഓണം – കേരളീയന്‍റെ അഭിമാനം:”

  1. vpahmed says:

    ഇന്നിതൊക്കെ ഭാവനയും സ്വപ്നവും മാത്രമായി. ഓണവും അത് പോലെയുള്ള മറ്റു ആഘോഷങ്ങളും വെറും നാട്യവും ധൂര്‍ത്തും.

  2. Daisy-Kavalam says:

    വായിച്ചു…. കൊള്ളാം. (അവിടെ എഴുതാന്‍ പറ്റിയില്ല) എന്നെ സംബന്ധിച്ചിടത്തോളം മിത്തുകള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നതിലല്ല അര്‍ത്ഥം….അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അറിഞ്ഞ് അതിലെ നന്മ സ്വാംശീകരിക്കുക എന്നതിലാണ്. മതങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതല്ലേ….പക്ഷെ എല്ലാം നന്മയിലെയ്ക്ക് നയിക്കാനാണല്ലോ. ഓണം എല്ലാവരുടെയും ആണ്…. അവിടെ ഒരു വായനക്കാരന്‍ പറഞ്ഞ പോലെ- ദ്രാവിഡ ജനതയ്ക്ക് ജാതിയും മതവും ഇല്ലായിരുന്നു. സാംസ്കാരികമായി വളരെ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഒരു ജനതയായിരുന്നു. പിന്നീടാണ് എല്ലാത്തിനും മാറ്റം വന്നത്. ഓണം അറിയുക- ആസ്വദിക്കുക. 🙂

  3. Daisy-Kavalam says:

    ശരിയാണ്…അങ്ങനെ ആയിക്കോട്ടെ… നമ്മള്‍ സ്വയം അതില്‍ മുങ്ങിപ്പോകാതിരുന്നാല്‍ പോരേ.

Your Reply

Enable Google Transliteration.(To type in English, press Ctrl+g)