‘അച്ചായി’ എന്ന താരം:

2012
10.18

എന്‍റെ അച്ചായി(മുത്തശ്ശന്‍) നാട്ടിലെ ഒരു താരമായിരുന്നു…നാട്ടുകാരുടെയും അച്ചായി. എന്‍റെ ഓര്‍മയില്‍ വടിയോട് കൂടെ മാത്രമേ അച്ചായിയെ കണ്ടിട്ടുള്ളൂ.

വടി കുത്തി, കാലുകള്‍ അമര്‍ത്തിച്ചവിട്ടിയുള്ള ആ വരവ് കാണുമ്പോഴേ അവിടെയുള്ള ചെറുപ്പക്കാര്‍ക്ക് രസമാണ്. അവര്‍ കളിയാക്കി എന്തെങ്കിലും പറഞ്ഞാലോ….. അച്ചായി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. “പോടാ പുല്ലേ“ എന്ന് കേള്‍ക്കാന്‍ വേണ്ടിത്തന്നെ അവര്‍ അച്ചായിയെ ശുണ്ഠി പിടിപ്പിക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ മരത്തിലിരുന്നു തലയിലുള്ള കുട്ടയില്‍ നിന്ന് ബണ്ണൊക്കെ ചൂണ്ടുമായിരുന്നു. അറിയാമെങ്കിലും വടി കൊണ്ട് ഒരു വീശു വീശി പോകുന്ന അച്ചായി അതൊന്നും കാര്യമാക്കാറില്ലായിരുന്നു.

ഞങ്ങള്‍ക്ക് ബോര്‍മ്മ ഉണ്ടായിരുന്നു. അതിനായി ഒരു വലിയ വള്ളം നിറയെ ചിരട്ട വാങ്ങണമായിരുന്നു. പുറത്ത് കിടക്കുന്ന അതെല്ലാം മഴ നനയാതിരിക്കാന്‍ അകത്തേയ്ക്ക് പെറുക്കി ഇടുന്നത് ഞങ്ങള്‍ കുട്ടികളുടെ ജോലിയായിരുന്നു. അതിനെപ്പോഴും നേതൃത്വം വഹിക്കുന്നത് അച്ചായി ആയിരുന്നു. പരിപ്പുവടയും പൂവന്‍പഴവും കൂലി. ആഹാ…എന്ത് രുചി…ഞങ്ങള്‍ക്ക് വളരെ ഇഷ്ടമായിരുന്നു അച്ചായിയെ.

മുട്ട കഴിക്കുന്നതോ…ഒരെണ്ണം ഒറ്റ വായില്‍ തീര്‍ക്കുമായിരുന്നു…. അമ്മയുടെ പരാതികള്‍ ചെവിക്കൊള്ളാതെ.

വായില്‍ വഴങ്ങാത്തത് കൊണ്ട് എന്നെ ‘ഗ്രേസി’ എന്നേ വിളിക്കുമായിരുന്നുള്ളൂ. എന്‍റെ കൂടെ പഠിച്ചിരുന്ന ബെന്നിയുമായി തര്‍ക്കിച്ച് വാതു വച്ചിരുന്നു- എനിക്കേ ക്ലാസ്സില്‍ ഫസ്റ്റ് കിട്ടൂ എന്നൊക്കെ. 🙂

പെണ്ണുങ്ങള്‍ അച്ചായിയെക്കൊണ്ട് പൊറുതിമുട്ടിയിരുന്നു. കാരണം വേറൊന്നുമല്ല… വീട്ടിലെ കടവില്‍ അവര്‍ കുളിക്കാനും അലക്കാനുമൊക്കെ വന്നിരുന്നു; ഞങ്ങളുടെ വീട് തോടിന്‍റെ അരികിലായിരുന്നു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു അച്ചായി. പെണ്ണുങ്ങളുണ്ടെന്നോ…അവര്‍ അലക്കുകയാണെന്നോ ഒന്നും കാര്യമാക്കാതെ വെള്ളത്തിലിറങ്ങുമായിരുന്നു, കുളിക്കാന്‍. അച്ചായി പറയുന്നത് “ നീ വേറെയിടത്തു പോടി…ഇതെന്‍റെ കടവാണ്.” എന്നിട്ട് കുളിക്കുന്നതോ…ബഹുരസമാണ്. ഒരായത്തിനു തോടിന്‍റെ കുറെ ദൂരം പോയി കമിഴ്ന്നു കിടക്കും. ഒരഞ്ചു  മിനിറ്റെങ്കിലും കഴിഞ്ഞേ തല ഉയര്‍ത്തുകയുള്ളൂ. എത്ര പ്രാവശ്യം ഞങ്ങള്‍ പേടിച്ചിട്ടുണ്ട്…വല്ലതും പറ്റിയോ എന്ന് വിചാരിച്ച്! ഇതിനെല്ലാം അച്ചായിയ്ക്ക് എന്നും വഴക്ക് കിട്ടിയിരുന്നു. മറ്റുള്ളവരോട് ‘പോടാ,  പോടീ’ എന്ന് പറയുന്ന അച്ചായി അമ്മച്ചിയോട് മാത്രം ഒന്നും പറഞ്ഞിരുന്നില്ല.

അന്നൊക്കെ പ്രായമായവര്‍ ഒരുമിച്ചായിരുന്നുന്നില്ല കിടന്നിരുന്നത്. ഞാന്‍ അമ്മച്ചിയുടെ കൂടെ ഒരു മുറിയിലും അച്ചായി മറ്റൊരു മുറിയിലുമായിരുന്നു. വലുതായതോടെ ഉറക്കത്തില്‍ തൊഴിക്കാന്‍ തുടങ്ങിയ എന്നെ കട്ടിലില്‍ നിന്ന്, താഴെ പായിലെയ്ക്ക് അമ്മച്ചി സ്ഥലം മാറ്റിയിരുന്നു. എനിക്കതില്‍ തെല്ല് പരിഭവം ഉണ്ടായിരുന്നു.

അന്ന് രാത്രിയില്‍ എന്തോ ഒരു ശബ്ദം കേട്ട് ഞാനുണര്‍ന്നു. പായില്‍ നിന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ അച്ചായി കതകിന്‍റെ അരികില്‍ നില്‍ക്കുന്നു. അമ്മച്ചിയും തൊട്ടടുത്ത്‌ തന്നെയുണ്ട്. അച്ചായി അമ്മച്ചിയുടെ നെറ്റിയില്‍ ഉമ്മ വച്ചപ്പോള്‍ ഞാന്‍ മുഖം തിരിച്ചു. അമ്മച്ചി പറയുന്നത് കേട്ടു  “പോയി കിടന്നുറങ്ങിക്കോളൂ …ആരെങ്കിലും ഉണരും”. എനിക്കൊന്നും മനസ്സിലായില്ല. “എന്തെ അവര്‍ ഒരു മുറിയില്‍ കിടന്നാല്‍…ഇത്രയും നാള്‍ ഒരുമിച്ചു ജീവിച്ചവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലേ”?

എന്‍റെ അച്ഛന്‍ ഇതറിഞ്ഞു. ഒരു മുറിയില്‍ കഴിയാന്‍ അമ്മച്ചി കൂട്ടാക്കിയില്ലെങ്കിലും… പിന്നീട് അന്ത്യം വരെ അവര്‍ അടുത്തടുത്ത മുറികളിലാണ് കഴിഞ്ഞത്.

വലുതായപ്പോള്‍ സമൂഹവും….മക്കളോടോത്ത് ജീവിക്കുമ്പോഴുള്ള പ്രായമുള്ളവരുടെ പരിമിതികളും മനസ്സിലാക്കിയപ്പോഴും…ഉള്ളിന്‍റെ ഉള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടിരുന്നു. മക്കള്‍ക്ക്‌ പ്രായമുള്ള മാതാപിതാക്കളെ  വേര്‍തിരിക്കാന്‍ ഒരിക്കലും ഒരു അവകാശവുമില്ല. അങ്ങനെ ചെയ്യുന്നത് തെറ്റ് തന്നെ….അത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കേണ്ടത് തന്നെയാണ്.

Facebook comments:

Your Reply

Enable Google Transliteration.(To type in English, press Ctrl+g)