കഴിഞ്ഞ ദിവസം എന്റെ പഴയ ഒരു കൂട്ടുകാരിയോട് സംസാരിച്ചപ്പോള്‍ കുറെ നാളുകള്‍ക്ക് മുന്‍പ് അണ്ണാ ഹസാരെ യെക്കുറിച്ച് കേട്ടപ്പോള്‍ എഴുതിയ ഇത് പ്രസിദ്ധീകരിക്കാന്‍ തോന്നി. ‘നാട്ടില്‍ വരുന്നോ’ എന്നവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് എന്തിനും ‘കൈക്കൂലി’ കൊടുത്ത് അപമാനിക്കപ്പെട്ട് ജീവിക്കാനാവില്ല എന്നാണ്. പഞ്ചായത്തില്‍ ജോലി ചെയ്യുന്ന അവള് പറഞ്ഞത് ‘എല്ലാവരെയും അങ്ങനെ കാണരുത്’ എന്നാണ്.
——————————————–
ഇന്നത്തെ സമൂഹത്തില്‍ ‘കൈക്കൂലി’ ഒരു തെറ്റേയല്ല…. അതൊരു അംഗീകരിക്കപ്പെട്ട അവകാശമാണ്. കൊടുക്കേണ്ടത് ആവശ്യക്കാരന്റെ ചുമതലയും, കിട്ടേണ്ട കിമ്പളം ജോലി ചെയ്യുന്നവന്റെ അവകാശവും – കൊടുക്കുന്നത് സ്വന്തം ജോലിയുടെ ഭാഗമാനെങ്കില് കൂടെ. ഈ സാമൂഹിക തിന്മകള് ഇങ്ങനെ വേരാടി അത് തെറ്റല്ല –ഒരു പതിവാണെന്ന് കുട്ടികളെയും തോന്നിപ്പിക്കുന്നു.
അണ്ണാ ഹസാരെയും വന്നു പോയി. പുറം രാജ്യങ്ങളില്‍ ജീവിച്ച ആര് വേണമെങ്കിലും പറയും ഇന്ത്യയിലെ ഏറ്റവും അസഹനീയമായ ഒന്ന് അഴിമതി തന്നെ എന്ന്. നമ്മുടെ അവകാശങ്ങള്‍, അല്ലെങ്കില്‍ അര്‍ഹതപ്പെട്ടത് നമുക്ക് ചെയ്തു തരേണ്ടവര്‍ ചെയ്യാതെ അതിന് വേണ്ടി കൈക്കൂലി വാങ്ങിക്കുമ്പോള്‍ ഈ രാജ്യത്തെ പൌരന് ആയതില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് സംശയം തോന്നും. കൈക്കൂലി കൊടുക്കുന്നത് അസഹനീയം തന്നെ.
എന്റെ കൈക്കൂലിക്കഥകള്‍ കേള്‍ക്കണ്ടേ… ഇതിലുമൊക്കെ അന്യായം സഹിച്ചവര്‍ വളരെപ്പെരുണ്ട് എന്നറിയാം. എങ്കിലും ആ മാനസികാവസ്ഥകള്‍ എല്ലാം തന്നെ ഒരേ തരത്തിലായിരിക്കും.
പാസ്പോര്‍ട്ട് വേണ്ടപ്പോള്‍ ‘പോലീസ് വേരിഫിക്കേഷന്’ എന്നൊരു കാര്യമുണ്ടല്ലോ. അങ്ങനെ ഒരു പോലീസ് വീട്ടില്‍ വരുമെന്നറിയാം. ‘കൈക്കൂലി’ എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എങ്ങനെയാണത് കൊടുക്കുക? വീട്ടില്‍ ആണുങ്ങള്‍ക്കൊക്കെ അത് നല്ല പരിചയമാണ്. അവരാരും തന്നെ അവിടെയില്ലാത്ത ഒരു സന്ദര്‍ഭമായിരുന്നു.
‘ഇന്നാ സാറേ കൈക്കൂലി’ എന്ന് പറഞ്ഞ് കൊടുക്കാമോ? ശ്ശെ എന്തൊരു നാണക്കേട്…കൊടുക്കാന്‍ എനിക്കിത്രയും അപമാനം…അപ്പോള്‍ അയാള്‍ക്ക് എങ്ങനെ വാങ്ങാന്‍ സാധിക്കും? സ്വന്തം ജോലി ചെയ്യുന്നതിന് അയാള്‍ എന്തിനു കാശ് വാങ്ങണം? അയാളെ അപമാനിക്കുന്നതിന് തുല്യമല്ലെയത്? ‘എടൊ…തനിക്ക് അഭിമാനമില്ല’ എന്ന് പറയുന്നപോലെയല്ലേ അത്? വീട്ടില്‍ വരുന്നവരെ എങ്ങനെ അപമാനിക്കാന്‍ സാധിക്കും? ഇങ്ങനെയൊക്കെ വിചാരിച്ച് തല പുണ്ണാക്കിക്കൊണ്ടിരുന്നപ്പോള് അയാള്‍ വന്നു.
പോലീസ് വീട്ടിലെത്തി. സാധാരണ വേഷമാണ്. അമ്മ കാപ്പിയൊക്കെ കൊടുത്തു.
പത്താം ക്ലാസ്സിലെ ബുക്ക് ചോദിച്ചു…ഞാനോര്‍ത്തു ഇതെന്തിനാ ഇയാള്‍ കാണുന്നത് എന്ന്.
അയാളത് വാങ്ങിച്ചു…മറിച്ചു നോക്കിയശേഷം തിരിച്ചു തന്നു.
പോയിക്കഴിഞ്ഞു കുറെ ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സമയമെടുക്കുമെന്ന് ഞാന്‍ കരുതി. അപ്പോഴതാ നാട്ടുകാരനായ ഒരു പോലീസ്, കണ്ടപ്പോള്‍ എന്നോട് സംസാരിച്ചു.
“സന്തോഷ് വീട്ടില്‍ വന്നല്ലോ അല്ലെ.”
“അതെ’ ഞാന്‍ പറഞ്ഞു.
“എന്നിട്ടൊന്നും കൊടുത്തില്ലേ” ഇത്തിരി കടുപ്പത്തിലാണ്.
ശെടാ..ഇതു കൊള്ളാമല്ലോ എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. പക്ഷെ മുഖത്തൊന്നും കാണിക്കാതെ പറഞ്ഞു. ”ഞാനെന്ത് കൊടുക്കാനാ?”
“എസ്. എസ്.എല്‍. സി ബുക്കിനകത്ത് വച്ച് കാശ് കൊടുക്കാമായിരുന്നല്ലോ….അയാളിത്രയും ദൂരം വന്നില്ലേ”. എന്നയാള്‍.
ഓ അപ്പോള്‍ അതിനാണ് അത് ചോദിച്ചത്. അല്ലാതെ മാര്ക്കെത്രയുണ്ടെന്നോ എന്നൊന്നും നോക്കാനല്ല എന്നപ്പോഴാണ് മനസ്സിലായത്. അയാള്‍ സ്വന്തം ജോലി ചെയ്യുന്നതും എനിക്കുള്ള ഔദാര്യം. ഞാനൊരു ട്യൂബ് ലൈറ്റ്!
ഞാനയാളെ ‘ഇനിയെന്തു ചെയ്യും’ എന്ന ചോദ്യഭാവത്തില്‍ നോക്കി.
‘ഇനി പാസ്പോര്‍ട്ട് കിട്ടണമെങ്കില്‍ അയാളെ വീട്ടില്‍ പോയി കാണണം. അല്ലാതൊന്നും അയാള്‍ തരില്ല.’ എന്നായി നാട്ടുകാരന് പോലീസ്. അയാള്‍ ഇതൊക്കെ ഞങ്ങളുടെ ഔദാര്യങ്ങളല്ലേ…മര്യാദയ്ക്ക് കൈക്കൂലി കൊടുക്കാന്‍ പഠിക്ക്… എന്ന ഭാവത്തില്‍ സ്ഥലം വിട്ടു.
പിന്നീട് ഞാന്‍ ബഹുമാനിച്ചിരുന്ന പരിചയക്കാരനായ ഒരു വക്കീല്‍ ഇതേക്കുറിച്ച് എന്നോട് പറഞ്ഞു- കൈക്കൂലി കൊടുക്കാതെ ഇതൊന്നും കിട്ടില്ല…കൊടുക്കണം എന്ന രീതിയില്‍ സംസാരിച്ചു. എനിക്ക് നല്ലതിന് വേണ്ടിയായിരുന്നിരിക്കണം- എങ്കിലും ദുഃഖം തോന്നി. അയാള്‍ കൈക്കൂലി പോലീസിന്റെ അഡ്രസ്സും തന്നു.
എന്റെ മിക്കവാറും കാര്യങ്ങളും ഞാന്‍ തന്നെ പോയി ചെയ്യുമായിരുന്നു. എന്തായാലും ഈ @#$%%%*** ക്ക് പോയി കാശ് നേരിട്ട് കൊടുക്കാമെന്ന് വിചാരിച്ചു. നാല് തെറി വിളിക്കണമെന്നുണ്ടായിരുന്നു. നേരിട്ട് സംസാരിക്കാന്‍ പേടിയുമില്ലായിരുന്നു. പക്ഷെ ഈ പാസ്പോര്‍ട്ട് തരാതിരുന്നെങ്കിലോ? എന്തായാലും പോയി. ഓട്ടോറിക്ഷയില്‍ കേറിയപ്പോള്‍ മുതല്‍ കണ്ണില്‍ കൂടെ വെള്ളം വരുന്നു. കണ്ണീരാണ് കേട്ടോ. അടക്കാന്‍ സാധിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെടുന്നതിന്റെ നിസ്സഹായതയും എന്നിലെ വ്യക്തിയിലേല്പ്പിക്കപ്പെട്ട അപമാനവും രോഷവും കൂടിച്ചേര്‍ന്ന ഒരു പ്രതികരണം. ആ ഓട്ടോക്കാരന് എന്ത് വിചാരിച്ചോ ആവോ.
അവിടെച്ചെന്ന എന്റെ കൈയില്‍ നിന്ന് ഭാവഭേദങ്ങളൊന്നുമില്ലാതെ കാശും വാങ്ങി കീശയിലിട്ട അയാള്‍ ‘ആ എന്നാ ശരി’ എന്നു പറഞ്ഞു തിരിച്ചയച്ചു. വെറും നൂറോ ഇരുനൂറോ രൂപയ്ക്ക് വേണ്ടി ആളുകള്‍ക്ക് ഇത്രയ്ക്കും തരം താഴാമോ എന്ന് ചിന്തിച്ചു പോയി.
പിന്നീടും എന്തിനോക്കെയോ കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടുണ്ട്.
എന്റെ വിവാഹശേഷം അമേരിക്കയില്‍ വിസയ്ക്ക് വേണ്ടി വിരലടയാളം എന്തോ ആണെന്ന് തോന്നുന്നു… അവിടെ വളരെ നേരം കാത്ത് നിന്നു. ഒരാള്‍ പറഞ്ഞു- എന്താ വീട്ടില്‍ ആണുങ്ങളൊന്നും ഇല്ലേ എന്ന്. പിന്നീട് അയാള്‍ പറഞ്ഞ പ്രകാരം നേരിട്ട് തന്നെ ഞാന്‍ അവിടുത്തെ മേധാവിയുടെ കൈയില്‍ കൈക്കൂലി കൊടുത്തു. പിന്നീട് അയാള്‍ എനിക്ക് കത്തയച്ചിരിക്കുന്നു- സിംഗപ്പൂരില്‍ പോകാന്‍ അയാളുടെ മകള്‍ക്ക് വേണ്ടി വിവരം തിരക്കിക്കൊണ്ട്! ഇങ്ങനെയുള്ളവനെയൊക്കെ ഞാന്‍ സഹായിക്കാന്‍ ….മിക്കവാറും നടക്കും.
പിന്നീട് വേറെ ഒരു കാര്യത്തിന് ആലപ്പുഴ കലക്ടറെറ്റില് …പീയൂണ് കുറെ നേരം താമസിപ്പിച്ചു. ‘തനിക്ക് കൈക്കൂലിയ്ക്ക് വേണ്ടിയാണോ…ഞാനിപ്പോള്‍ കലക്ടറോട് പറയും’ എന്ന് തന്റേടത്തോടെ പറഞ്ഞപ്പോള്‍ അയാള്‍ കാണാന്‍ വിട്ടു.
————————
ഇത് വായിക്കുന്ന ഒരാളെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്…. അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ആണെങ്കില്‍ ഒന്ന് ചിന്തിക്കുക. കൈക്കൂലി വാങ്ങിക്കുന്നത് സ്വയം അപമാനിക്കുന്നതിന് തുല്യമാണ്. ആരും ആരിലും വലുതല്ല. ഓരോരുത്തര്‍ക്കും ഓരോ ചുമതലകള്‍ …പീയൂണ് ആയെന്നു വച്ച് മേധാവിയുടെ അടിമയോന്നുമല്ലല്ലോ നിങ്ങള്‍. സ്വന്തം ജോലി അന്തസ്സായി ചെയ്യുന്നതിന് നിങ്ങള്‍ക്ക് ആരുടേയും കിമ്പളം ആവശ്യമില്ല. അപ്പോഴാണ് നിങ്ങള്‍ സ്വന്തം ജീവിതം ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക്… കുടുംബത്തിന് വേണ്ടി- എന്ന് പറയുമ്പോള്‍ സ്വന്തം കര്‍മഫലം സ്വയം അനുഭവിക്കണമെന്ന ‘മാ നിഷാദ’ യിലെ വേട്ടക്കാരന്റെ അറിവ് നമ്മെയും നയിക്കട്ടെ. ആത്മാഭിമാനമില്ലാതെ നൂറ് വര്‍ഷം ജീവിക്കുന്നതിലും- ആത്മാഭിമാനത്തോടെ നൂറ് ദിവസം ജീവിക്കുന്നതായിരിക്കും നല്ലത്.
കൊടുക്കുന്നവരും തെറ്റാണ് ചെയ്യുന്നത്. പക്ഷെ എല്ലാവരുടെയും സമൂഹത്തിലെ നിസ്സഹായാവസ്ഥ മനസ്സിലാകാതില്ല. പക്ഷെ കൈക്കൂലി കൊടുത്താല്‍ മാത്രമേ എന്തും നടക്കൂ എന്ന് വിചാരിച്ചാല്‍ അത് എന്റെ കൂടുകാരിയെയും അങ്ങനെയുള്ള നല്ല ആളുകളെയും അടച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്.
ഇന്നത്തെ കാലത്ത് കൈക്കൂലി കൊടുക്കാതെയും വാങ്ങിക്കാതെയും ജീവിക്കാന്‍ സാധിക്കുന്നവരും ഈ നാട്ടിലുണ്ട് എന്നതും ആശ്വാസം തരുന്നു.
എന്റെ അഭിമാനിയായ കൂട്ടുകാരിയ്ക്കും, അതുപോലെ സ്വാഭിമാനമുള്ള കൈക്കൂലി വാങ്ങിക്കാത്ത എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ മനസ്സിന്റെ പ്രണാമം! നമോവാകം!
കൈക്കൂലി കൊടുത്തെങ്കിലേ കാര്യങ്ങൾ നടത്തിക്കിട്ടൂ എന്നുള്ള അവസ്ഥ ആയതിനാൽ കൈക്കൂലി കൊടുക്കാൻ നിർബ്ബന്ധിതരാവുകയാണു ജനം. കൈക്കൂലി ആരും സന്തോഷത്തോടെ കൊടുക്കുന്ന ഒന്നല്ല.
“കൈക്കൂലി വാങ്ങിക്കുന്നത് സ്വയം അപമാനിക്കുന്നതിന് തുല്യമാണ് ” ഈ ചിന്ത ഉദ്യോഗസ്ഥന്മാർക്കുണ്ടായിരുന്നെങ്കിൽ നമ്മുടെ നാടു എത്ര നന്നാവുമായിരുന്നു!
കഷ്ടം തന്നെ നമ്മുടെ നാടിന്റെ അവസ്ഥ!