മതങ്ങളും ഇന്ത്യന്‍ സംസ്കാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യയിലെ ജീവിതത്തില്‍ മതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ അത് ചൂഷണം ചെയ്യാന്‍ പല രാഷ്ട്രീയപ്രസ്ഥാനങ്ങളും മതനേതാക്കളും ശ്രമിക്കുമ്പോള്‍ ഇല്ലാതാവുന്നത് മതേതരത്വം മാത്രമല്ല, ഇന്ത്യയുടെ സംസ്കാരം തന്നെയാണ്. രാഷ്ട്രീയ നേതാക്കള്‍ ദീര്‍ഘവീക്ഷണമില്ലാതെ ഓരോന്ന് ചെയ്തു കൂട്ടുമ്പോള്‍ ഇല്ലാതാവുന്നത് ഇന്ത്യ തന്നെയാണെന്ന് പലരും മനസ്സിലാക്കാതെ പോകുന്നു.
4000 വര്‍ഷങ്ങള്‍ പഴക്കമുള്ള സംസ്കാരമാണ് നമ്മുടേത്. ഇന്‍ഡസ് താഴ്വരകളിലെ ജനതയുടെ ‘ഇന്‍ഡസ്-വാലി’ അല്ലെങ്കില്‍ ‘ഹാരപ്പന്‍’ സംസ്കാരം എന്നറിയപ്പെടുന്ന പഴക്കമുള്ള ഈ സംസ്കാരം വളരെ ഉന്നതമായ സംസ്കാരങ്ങളില്‍ ഒന്നാണ്. അന്ന് അവര്‍ക്ക് അഴുക്കുചാൽ പദ്ധതി – ഡ്രെയിനെജ് സിസ്റ്റം ഉണ്ടായിരുന്നു എന്ന അറിവ് തന്നെ മതി ആ ജനതയുടെ ഉന്നത ചിന്താഗതി മനസ്സിലാക്കാന്‍. അവര്‍ക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നു, പക്ഷെ മതങ്ങള്‍ ഇല്ലായിരുന്നു. ആര്യന് സംസ്കാരത്തിന്റെ വരവോടെ ഹാരപ്പന്‍ സംസ്കാരം ക്ഷയിച്ചു, മതങ്ങളുടെ വരവും ഉണ്ടായി. ജൈനമതത്തിന്റെ സ്ഥാപകന്‍ വര്‍ധമാന മഹാവീരന്, ബുദ്ധമത സ്ഥാപകന്‍ – ബുദ്ധന് ഇവരുടെ ജീവിതകാലഘട്ടം 500 BC യിലാണ്. ഇന്ത്യയില്‍ ക്രിസ്തുമതം വന്നത് 0 AD യില്‍ ആണെങ്കില്‍, ആദ്യത്തെ ഹിന്ദു അമ്പലം ഉണ്ടായത് 400 AD യില്‍ ആണ്. സൌരാഷ്ട്രമതം സ്ഥാപിക്കപ്പെട്ടത് 700 AD യിലാണ്. 1000 AD യില്‍ ഇസ്ലാം മതവും 1400 AD യില്‍ സിഖ് മതവും ഇന്ത്യയില്‍ വന്നു. ഈ കാലയളവുകള്‍ നോക്കുമ്പോള്‍ ഒന്ന് മനസിലാക്കാം- ഭാരതീയസംസ്കാരം എന്നത് ഒരു മതത്തിന്റെ മാത്രം കുത്തകയല്ല എന്ന്.
ഭാരതത്തിലെ ഭൂരിപക്ഷം ജനതയും ഹിന്ദുമതം സ്വീകരിച്ചിട്ടുള്ളവരാണ്. പല മതങ്ങള്‍ പല കാലങ്ങളിലായി ഭാരതീയര്‍ സ്വീകരിച്ചെങ്കിലും ന്യൂനപക്ഷമതക്കാരുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും ഇന്ത്യന്‍ സംസ്കാരം നിറഞ്ഞു നില്ക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷികളായവരില്‍, “ജയ് ഹിന്ദ്” വിളിച്ചവരില്‍, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും വേര്‍തിരിക്കപ്പെട്ടിട്ടില്ല. സ്വതന്ത്രഇന്ത്യ വിഭജിക്കപ്പെട്ടത് മതനേതാക്കളുടെയും മതതീവ്രവാദികളുടെയും ഇടപെടലുകള്‍ മൂലം തന്നെ. അതിന്റെ മുറിപ്പാടുകളില്‍ നിന്ന് പാഠം പഠിച്ച നേതൃത്വത്തിന്റെ ദീര്ഘകാലവീക്ഷണത മതേതരത്വത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരുന്നത്.
ഇപ്പോള്‍ ഇന്ത്യ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഹിംസയെ മുറുകെപ്പിടിച്ച, ലോകാരാധ്യനായ ഗാന്ധിജിയെപ്പോലും അവഹേളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് മടിയില്ല. എല്ലാവരും ജാതി മതം എന്ന വിധത്തില്‍ എല്ലാക്കാര്യങ്ങളോടും പ്രതികരിക്കുന്നു. എല്ലാവരും സ്വന്തം മതത്തെയും പ്രവര്‍ത്തനങ്ങളെയും തെറ്റാണെങ്കില്‍ കൂടി ന്യായീകരിക്കുന്നു. സോഷ്യല്‍ മീഡിയ, പത്രവാര്‍ത്തകള്‍ ഇവിടെയൊക്കെ പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ അത് തീര്‍ച്ചയായും കാണാവുന്നതാണ്. എന്തിനും ഭരിക്കുന്ന പാര്‍ട്ടിയെ മാത്രം പഴി ചാരുന്നതും ശരിയല്ല. എന്തുകൊണ്ട് എന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
പൊതു സമൂഹത്തില്‍ മതത്തിന്റെ സ്വാധീനം ഉണ്ടാവരുത്. ഇന്ത്യയില്‍ അങ്ങനെയുള്ള ഒരു കാലമുണ്ടാവുമോ? അതിന് ഉദാഹരണം കാണണമെങ്കില്‍ അമേരിക്കയില്‍ നോക്കുക. ബ്രിട്ടീഷുകാരെ യുദ്ധം ചെയ്തു തോല്‍പ്പിച്ച അമേരിക്ക ഉണ്ടായത് 1743. അന്ന് അമേരിക്കയ്ക്ക് രൂപം കൊടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ എഴുതി വച്ചു ‘In God We Trust’. എല്ലാ ഡോളര്‍ നോട്ടുകളിലും നാണയങ്ങളിലും ഇത് കാണാം. പക്ഷെ ഇപ്പോള്‍ പൊതു സ്കൂളിലും ആഘോഷങ്ങളിലും പോലും മതമോ ദൈവങ്ങളോ സ്വാധീനം ചെലുത്താറില്ല. ഇന്ത്യയുടെത് ‘സത്യമേവ ജയതേ’…. അതുകൊണ്ടാവുമോ സത്യത്തെ കൈവെടിഞ്ഞുള്ള നമ്മുടെ ജീവിതം?
ഓരോ ഇന്ത്യക്കാരനും ഭാരതസംസ്കാരത്തെ സ്നേഹിക്കുന്നവനാവണം. ആദ്യം മാറേണ്ടത് നമ്മളാണ്. മറ്റുള്ളവര്‍ ജാതിയും മതവും പറയുന്നെങ്കില്‍ പറയട്ടെ…നിങ്ങള്‍ എന്തിന് പറയണം? നഗ്നനായ രാജാവിന്റെ മുന്നില്‍ അത് വിളിച്ചുപറയാന്‍ ധൈര്യപ്പെട്ടത് ഒരു ചെറിയ കുട്ടി മാത്രം…. തെറ്റ് ചെയ്യുന്നവന് ‘തെറ്റാണ് ചെയ്യുന്നത്’ എന്ന് പറയാന്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് അവര്‍ അംഗമായ കൂട്ടത്തിലെ മറ്റ് അംഗങ്ങള്‍ക്കാണ്. നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി ചെയ്യുന്നത് തെറ്റെന്നു തോന്നിയാല്‍, അത് പറയേണ്ടത് ആ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്ന അംഗങ്ങളാണ്. അതുപോലെ തന്നെ നിങ്ങളുടെ സ്വന്തം മതനേതാക്കള്‍ തെറ്റ് ചെയ്താല്‍, ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ന്യായീകരിക്കാതിരിക്കുക.
ഈ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തരും ചിന്തിച്ച് ഒരു പ്രതിജ്ഞയെടുക്കുക… “എന്റെ പാര്‍ട്ടിയെയും മതത്തെയും ഞാന്‍ സ്നേഹിക്കുന്നു…പക്ഷെ മതേതര ഇന്ത്യയെ വിഭജിക്കുന്ന ഒരു വാക്കും പ്രവൃത്തിയും എന്നില്‍ നിന്ന് ഉണ്ടാവില്ല…കാരണം ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരി സഹോദരന്മാര് ആണ്. ഓരോരുത്തരെയും- അവന് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ബി ജെ പി യോ മാര്‍ക്സിസ്റ്റോ കോണ്‍ഗ്രെസ്സോ-എന്തുമാവട്ടെ ഞാന്‍ അവരെ ഞാന്‍ ബഹുമാനിക്കുന്നു. ”
ഞാന്‍-എനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കാതെ ‘എനിക്കും ചെയ്യാന്‍ പറ്റും’ എന്ന് വിചാരിക്കുക. നമ്മുടെ ബോധ്യം –മനസാക്ഷി നമ്മെ നയിക്കട്ടെ.
ജയ് ഹിന്ദ്.
(Sources: http://www.ancientindia.co.uk/time/explore/exp_set.html