വെള്ളത്തിലെ ഡാന്‍സ്

2010
11.29

“അമ്മച്ചി….ഞാന്‍ സ്കൂളില്‍ പോവാ കേട്ടോ…” നേഴ്സറിയില്‍ പോകാന്‍ ഇഷ്ടമായിരുന്നു, വീടിന്റെ തൊട്ടടുത്തുള്ള വീടിലെ ചെക്കനുമായിട്ടാണു കൂട്ട്. കുഞ്ഞച്ചനും ഞാനും നേഴ്സറിയില്‍ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ച്.

നേഴ്സറിയില്‍ വലിയ ആളായി ഏറ്റവും പുറകിലാണു ഞങ്ങളുടെ ‍ഇരുപ്പ്. . ഫ്രാന്‍സിസ്സമ്മ ടീച്ചര്‍ മഠത്തില്‍ നിന്ന് ചാമ്പങ്ങ, മാങ്ങ, പേരയ്ക്ക, ളൂവിക്ക ഇത്യാദി പലവകകള്‍ കുട്ടികള്‍ക്കായി കൊണ്ടുവരും. കുഞ്ഞച്ചന്‍ അവന്‍റെ വീതം ചിലപ്പോഴൊക്കെ എനിക്ക് തരും. ഞങ്ങള്‍ക്കൊക്കെ ടീച്ചറെ ഭയങ്കര ഇഷ്ടം.അതുകൊണ്ട് തന്നെ വേനലവധിയ്ക്ക് സ്കൂളടച്ചപ്പോള്‍ സങ്കടവും.

ഒരു ദിവസം കളിച്ചു കളിച്ചു ദാഹിച്ചു വീട്ടില്‍ വന്നു മണ്‍കലത്തില്‍  നോക്കിയപ്പോള്‍  വെള്ളം കാണാനില്ല. ചിറ്റമ്മ (കുടുംബത്തായിരുന്നു കുട്ടിക്കാലത്തെ കുറെ വര്‍ഷങ്ങള്‍. അച്ഛന്റെ അനിയനായിരുന്നു അവിടെ.) കുട്ടികളെ നോക്കുകയായിരുന്നു. ആരോടും ചോദിക്കാതെ ഞാന്‍ ഒരു ഗ്ലാസ്സുമെടുത്തു പുറത്തിറങ്ങി….തോട്ടില്‍ നിന്ന് വെള്ളമെടുക്കാന്‍.

വേനലിന്‍റെ സമയത്തു തോട്ടിലും ആറ്റിലുമൊക്കെ വെള്ളം കുറവായിരിക്കും. പക്ഷെ ചൂണ്ടയിടാനിറങ്ങുന്ന കുട്ടികള്‍ കുറവല്ലായിരുന്നു. പക്ഷെ ആ സമയത്ത് അവിടെയെങ്ങും ആരുമില്ലായിരുന്നു. ഞാന്‍ കടവില്‍ വന്നു വെള്ളമെടുക്കാന്‍ നോക്കി.

“ഹോ..എത്തുന്നില്ലല്ലോ” എന്ന് വിചാരിച്ച് കുറേക്കൂടി കുനിഞ്ഞു. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. എവിടെയൊക്കെയോ ഇടിച്ച്  ഞാന്‍ വെള്ളത്തിനടിയിലേയ്ക്ക് താഴുകയായിരുന്നു.

ഈ സമയത്ത് അവിടെ എന്നെ തിരക്കി അവിടെ കുഞ്ഞച്ചന്‍ വന്നു. അവന്‍ കണ്ട കാഴ്ച ശ്വാസത്തിനായി കൈയിട്ടടിക്കുന്ന എന്നെ…. കൗതുകമുള്ള കാഴ്ച.

“ആന്റിയെ..ഓടി വാ…നല്ല ഒരു കാര്യം കാണിക്കാം….ദേ ഡെയ്സി വെള്ളത്തില്‍ കിടന്നു ഡാന്‍സ് കളിക്കുന്നു.” അവനുറക്കെ ചിറ്റമ്മയെ വിളിച്ചു. ഓടി വന്നതും പേടിച്ചുപോയ ചിറ്റമ്മ മറ്റൊന്നും ചിന്തിക്കാതെ വെള്ളത്തിലെയ്ക്ക് എടുത്തു ചാടി…. നീന്തലറിയില്ലെന്ന കാര്യമങ്ങു മറന്നു പോയതുപോലെ! ചിറ്റമ്മയും വെള്ളത്തില്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങി. കുഞ്ഞച്ചന്‍ എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കി കരയാന്‍ തുടങ്ങി. അതിലേ പോയ വഴിപോക്കര്‍ വെള്ളത്തില്‍ ചാടി ഞങ്ങളെ കരയിലെത്തിച്ചു. രണ്ടു ദിവസത്തേയ്ക്ക് വെള്ളം കുടിക്കേണ്ടതായി വന്നില്ല, അതിനും മാത്രം വെള്ളം അകത്താ ക്കിയിരുന്നു. 🙂

വെള്ളത്തിലെ ഡാന്‍സിന്‍റെ ബാക്കിപത്രമായി, നെറ്റിയിലെ തുന്നിക്കെട്ടിയ മുറിവിന്റെ പാട് ഇന്നും അവശേഷിക്കുന്നു.

Facebook comments:

Your Reply

Enable Google Transliteration.(To type in English, press Ctrl+g)